ടെക്നോ ഫാന്‍റം എക്സ് ഇന്ത്യൻ വിപണിയിൽ ഇതാ പുറത്തിറക്കി

Updated on 02-May-2022
HIGHLIGHTS

ടെക്നോ ഫാന്‍റം എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

50 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത്

ട്രാന്‍സ്ഷന്‍ ഇന്ത്യയുടെ ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ മുന്‍നിര സ്മാര്‍ട്ട്ഫോണായ ഫാന്‍റം എക്സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെഗ്മെന്‍റിലെ ആദ്യത്തെ കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്. മികച്ച രൂപകല്‍പനയ്ക്ക് 2022ലെ പ്രശസ്തമായ ഐഎഫ് ഡിസൈന്‍ അവാര്‍ഡ് ലഭിച്ച ഫാന്‍റം എക്സ് 2022 മെയ് 4 മുതല്‍ വില്‍പ്പനയ്ക്കെത്തും. 25,999 രൂപയാണ് വില. ഫോണിനൊപ്പം ഉപഭോക്താക്കള്‍ക്ക് കോംപ്ലിമെന്‍ററി ഓഫറായി 2,999 രൂപ വിലയുള്ള ബ്ലൂടൂത്ത് സ്പീക്കറും, ഒറ്റത്തവണ സ്ക്രീന്‍ റീപ്ലേസ്മെന്‍റും ലഭിക്കും.

 6.7 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്. 90 ഹേര്‍ട്ട്സാണ് റിഫ്രഷ് റേറ്റ്. ഫോണിന്‍റെ ഇരുവശത്തുമുള്ള കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് 5ന്‍റെ സാന്നിധ്യം ഡ്രോപ്പ് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുകയും പോറലുകള്‍ പ്രതിരോധിക്കുകയും ചെയ്യും. 50+13+8 മെഗാപിക്സല്‍ ലേസര്‍ഫോക്കസ് ചെയ്ത പിന്‍ക്യാമറയ്ക്കൊപ്പം സജ്ജീകരിച്ച 108 മെഗാപിക്സല്‍ അള്‍ട്രാ എച്ച്ഡി മോഡ് മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കും. 48 മെഗാപിക്സല്‍, 8 മെഗാപിക്സല്‍ എന്നിങ്ങനെയാണ് ഇരട്ട മുന്‍ കാമറ. 256 ജിബി റോം, 8 ജിബി റാം ഫീച്ചര്‍ മികച്ച സംഭരണത്തിനും അതിവേഗ പ്രോസസിങിനും സഹായിക്കും. എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി സ്റ്റോറേജ് കപ്പാസിറ്റി 512 ജിബി വരെ വര്‍ധിപ്പിക്കാം.

 ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി95 എസ്ഒസി ആണ് ടെക്നോ ഫാന്‍റം എക്സിന്‍റെ കരുത്ത്. 4700 എംഎഎച്ച് ബാറ്ററി 38 ദിവസത്തെ അള്‍ട്രാ ലോങ് സ്റ്റാന്‍ഡ്ബൈ സമയം നല്‍കും. 33 വാട്ട് ഫ്ളാഷ് അഡാപ്റ്ററും ഫോണിനൊപ്പം ലഭിക്കും. ഏറ്റവും പുതിയ ഫിംഗര്‍ സുരക്ഷ സംവിധാനമാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. കോര്‍ സിപിയു താപനില കുറയ്ക്കുന്ന മുന്‍നിര കൂളിങ് സിസ്റ്റവും ഫാന്‍റം എക്സ് നല്‍കുന്നു.

 യുവജനങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ടെക്നോ മികച്ച ഡിസൈനുകളും സവിശേഷതകളോടെ നൂതനമായ ഉപകരണങ്ങളാണ് ലഭ്യമാക്കുന്നതെന്ന് ട്രാന്‍സ്ഷന്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു. യുവജനങ്ങളെ മനസില്‍ കണ്ടാണ് ഫാന്‍റം എക്സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :