ഫോട്ടോഗ്രാഫി പ്രേമികൾക്ക് നവ്യാനുഭവമൊരുക്കി ഓപ്പൺ ഫോട്ടോഗ്രാഫി ഫൗണ്ടേഷന്റെ മൺസൂൺ ഫോട്ടോവാക്ക്

Updated on 27-Jun-2019

ഓപ്പൺ ഫോട്ടോഗ്രാഫി ഫൗണ്ടേഷന്റെ കേരളാ ചാപ്റ്റർ  ഞായറാഴ്ച തിരുവനന്തപുരത്ത്  സംഘടിപ്പിച്ച 'മൺസൂൺ ഫോട്ടോവാക്ക്' മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തിരുവനന്തപുരത്തിന്റെ ജൈവവൈവിധ്യ കലവറയായ വെള്ളായണിയിലേക്കാണ് ഓപ്പൺ ഫോട്ടോഗ്രാഫി ഫൗണ്ടേഷൻ  ഫോട്ടോ വാക്ക് നടത്തിയത്. ജില്ലയിലെ ഏക ശുദ്ധജല തടാകം സ്ഥിതിചെയ്യുന്ന കാർഷിക ഗ്രാമത്തിന്റെ ഭംഗി ഒപ്പിയെടുക്കാനും അനുദിനം കയ്യേറ്റങ്ങളാൽ ശുഷ്കമായിക്കൊണ്ടിരിക്കുന്ന കായലിനെ നാളത്തെ തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കേണ്ടതിന്റെ ആവശ്യമുണർത്താനും ഫോട്ടോവാക്ക്  അവസരമൊരുക്കി.

സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമുള്ള  42  ഫോട്ടോഗ്രാഫി പ്രേമികൾ  പങ്കെടുത്ത  ഫോട്ടോവാക്ക്  തിരുവനന്തപുരം പ്രസ്സ് ക്ലബ്‌  പ്രസിഡന്റും മുതിർന്ന പ്രസ്സ്ഫോട്ടോഗ്രാഫറുമായ ജി.പ്രമോദ് കാക്കാമൂലയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നത്തെ ലോകത്ത് ഫോട്ടോഗ്രാഫി ഏറെ  പ്രാധാന്യമർഹിക്കുന്നുവെന്നും, സാമൂഹ്യ പ്രതിബദ്ധതയോടെ ഓരോരുത്തരും ഫോട്ടോഗ്രാഫിയെ സമീപിക്കണമെന്നും വാക്ക് ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കവെ  പ്രമോദ്  അഭിപ്രായപ്പെട്ടു.  പ്രമുഖ സാമൂഹ്യ പ്രവർത്തകയും മാധ്യമ നിരൂപകയുമായ കുമാരി. മിനി മോഹനും ഫ്ലാഗ് ഓഫ് ചടങ്ങിൽ സംബന്ധിച്ചു. 

ഫ്രീലാൻസ് ഫോട്ടോഗ്രാഫറും ഓപ്പൺ ഫോട്ടോഗ്രാഫി ഫൗണ്ടേഷന്റെ കേരളാ ചാപ്റ്റർ അംഗവുമായ സെയ്ദ് ഷിയാസ് മിർസയുടെ  നേതൃത്വത്തിൽ നടന്ന ഫോട്ടോവാക്കിൽ പങ്കെടുത്തവരെ  വിവിധ ഗ്രൂപ്പുകളായി തിരിച്ച് ക്യാമറയുടെ അടിസ്ഥാന പാഠങ്ങളും, ഏതു പ്രതികൂല സാഹചര്യത്തിലും എങ്ങനെ നല്ല ചിത്രങ്ങൾ പകർത്താമെന്നതിനെക്കുറിച്ചും  വാക്കിനെത്തിയ   അനുഭവസ്ഥരായ ഫോട്ടോഗ്രാഫറൻമാർ   വിവരിച്ചു കൊടുത്തു. പുഞ്ചക്കരിയിലെ വൈവിധ്യമേറിയ പക്ഷിക്കൂട്ടങ്ങളുടെ സാന്നിധ്യം ഫോട്ടോവാക്കിനെത്തിയവരെ ഏറെ ആകർഷിച്ചു.ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവർക്ക്‌ നവ്യാനുഭവമായി മാറിയ ഫോട്ടോവാക്ക് പുഞ്ചക്കരിയിലെ കിരീടം പാലത്തിൽ നിന്നുള്ള  നയന മനോഹരമായ  സൂര്യാസ്തമന ദൃശ്യം പകർത്തിക്കൊണ്ടാണ് സമാപിച്ചത്.

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :