നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അശ്രദ്ധ മതി ഫോൺ പൊട്ടിത്തെറിച്ച് വൻ അപകടമാകാൻ. അടുത്തിടെ നമ്മുടെ നാട്ടിൽ സംഭവിച്ച പല അപകടങ്ങളും അതിന് ഉദാഹരണങ്ങളുമാണ്.
വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചതും, വെറുതെ പോക്കറ്റിലിരുന്ന ഫോൺ തീപിടിച്ചതുമെല്ലാം ആശങ്കപ്പെടുത്തുന്നു. ഫോൺ ഒരു അപകടകാരിയാകുന്നതിൽ പല കാരണങ്ങളുണ്ടാകും.
ചിലപ്പോൾ ഫോൺ വെറുതെ ചൂടുള്ള പ്രതലത്തിൽ വയ്ക്കുന്നതിനാലാകാം. അതുമല്ലെങ്കിൽ ഫോണിന്റെ ബാറ്ററിയുടെ പ്രശ്നമാകാം.
നിങ്ങളുടെ മൊബൈൽ ഫോണിന്റെ ഉള്ളിലെ താപം വർധിക്കുന്നതും പൊട്ടിത്തെറിച്ച് അപകടമുണ്ടാക്കുന്നതിന് കാരണമാകുന്നു.
ശ്രദ്ധിക്കുക! ചൂടുള്ള പ്രതലത്തിൽ ഫോൺ സൂക്ഷിക്കുക എന്നതിലൂടെ അർഥമാക്കുന്നത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലത്ത് വയ്ക്കുന്നത് കൊണ്ട് മാത്രമായിരിക്കില്ല.
ചിലപ്പോൾ കാറിലോ മറ്റോ ഫോൺ സൂക്ഷിക്കുമ്പോഴും ഇതേ പ്രശ്നമുണ്ടായേക്കാം...
ഇതിന് പുറമെ നിസ്സാരം ചില അശ്രദ്ധ മതി സ്മാർട്ഫോൺ ഒരു വിനയാകാൻ... ഇവ എന്തെല്ലാമെന്ന് ചുവടെ വ്യക്തമാക്കുന്നു. ഒപ്പം ഫോൺ ഹീറ്റാകാതിരിക്കാനും, പൊട്ടിത്തെറിയ്ക്കുന്ന സാഹചര്യം ഒഴിവാക്കാനുമുള്ള ടിപ്സുകൾ വിശദമായി മനസിലാക്കാം...
ഫോൺ ഫുൾ ചാർജായാലും വീണ്ടും ചാർജിങ്ങിന് ഇടാറുണ്ടോ? അപകടമാണ്, സ്മാർട്ഫോണായാലും, കീപാഡ് ഫോണുകളായാലും 100%ത്തിൽ ചാർജ് എത്തിയാൽ USB കേബിൾ വിച്ഛേദിക്കുക. അമിത ചാർജിങ് ഫോൺ ഹീറ്റ് ആകുന്നതിലേക്ക് നയിക്കും.
ഒരു ദിവസം എത്ര നേരം, എങ്ങനെയെല്ലാം നിങ്ങൾ ഫോൺ ഉപയോഗിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ദിവസം മുഴുവൻ ഫോണിൽ മുഴുകിയിരിക്കുകയാണെങ്കിൽ, അത് ഫോണിന്റെ ബാറ്ററി ഓവർടൈം പ്രവർത്തിക്കുന്നതിലേക്കും, അമിതമായി ചൂടാകുന്നതിനും കാരണമാകും.
മറ്റൊന്ന് നമ്മളിൽ ഭൂരിഭാഗവും ചെയ്യുന്ന തെറ്റ് എന്തെന്നാൽ, ഫോണിൽ ഒരേ സമയം പല ആപ്പുകൾ തുറന്നുവയ്ക്കുന്നതാണ്.
ഇങ്ങനെ പശ്ചാത്തലത്തിൽ ധാരാളം ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുമ്പോൾ അത് ഫോൺ അമിതമായി ചൂടാകുന്നതിലേക്ക് നയിക്കും.
വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരുപക്ഷേ ഫോണിൽ ദീർഘനേരമായി ഇന്റർനെറ്റോ കണക്ഷനോ കിട്ടാതിരിക്കുന്നതും, ഈ സമയം നമ്മൾ ചെയ്യുന്ന ചില അശ്രദ്ധയും ഫോൺ അമിതമായി ചൂടാകുന്നതിന് കാരണമായേക്കാം.
പലപ്പോഴും നിങ്ങൾ അവഗണിക്കുന്ന ഒരു കാര്യം ഫോൺ അസാധാരണമായി ചൂടാകുന്നതാണ്. ഇതിന് പുറമെ, പെട്ടെന്ന് ഫോണിന്റെ ബാറ്ററി കാലിയാകുന്നതും, തനിയ ഫോൺ ഓഫാകുന്നതുമെല്ലാം അത്ര നിസ്സാരമായി കളയണ്ട. ഇവയെല്ലാം ഫോൺ ഹീറ്റ് ആകുന്നതിനുമുള്ള കാരണങ്ങളാണ്.
എന്നാൽ ഇനി പറയുന്ന ഏതാനും ടിപ്സുകൾ ശ്രദ്ധിച്ചാൽ തീർച്ചയായും ഫോൺ ഓവർഹീറ്റ് ആകാതിരിക്കാനും, പൊട്ടിത്തെറിക്കാതിരിക്കാനും സഹായിക്കും.
മൊബൈൽ ഫോൺ ചൂടാകുന്നത് ഒഴിവാക്കാനുള്ള ഏറ്റവും ആദ്യത്തെയും എളുപ്പവുമായുള്ള മാർഗം അതിനെ വെയിൽ ഏൽക്കുന്ന ഇടങ്ങളിൽ സൂക്ഷിക്കരുത് എന്നതാണ്. കാരണം, ഫോൺ സൂര്യപ്രകാശം പിടിച്ചെടുത്ത് അത് നിലനിർത്തും.
ഇതു മാത്രമല്ല, ഫോണിലെ ചില പ്രവർത്തനങ്ങളും ഓപ്ഷനുകളും അപ്രതീക്ഷിതമായ അപകടങ്ങളെ വിളിച്ചുവരുത്തും. ഇതിൽ ഒന്നാമത്തേത് ഫോണിന്റെ ബ്രൈറ്റ്നെസ് ശ്രദ്ധിക്കുക എന്നതാണ്.
ഫോണിൽ തെളിച്ചം/Brightness കൂട്ടി വയ്ക്കുന്നത് ബാറ്ററി കൂടുതൽ വിനിയോഗിക്കപ്പെടുന്നതിന് കാരണമാകും. കൂടാതെ, ഫോൺ ഉപയോഗിക്കാതിരിക്കുന്ന അവസരങ്ങളിൽ സ്‌ക്രീൻ തനിയെ ഓഫാകുന്നതിന് ടൈംഔട്ട് സമയം കുറച്ച് വയ്ക്കുക.
ആവശ്യമില്ലാത്ത, അല്ലെങ്കിൽ ഉപയോഗിക്കാത്ത ആപ്പുകൾ ഓഫ് ചെയ്യുക. ഉദാഹരണത്തിന് നിങ്ങൾ ഇപ്പോൾ ഒരു വീഡിയോ കാണുകയാണെങ്കിൽ തൊട്ടുമുന്നേ വാട്സ്ആപ്പോ, യുപിഐയോ, ഫേസ്ബുക്കോ ഉപയോഗിച്ചിരിക്കാം. ഇത് ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ പല പല ആപ്പുകൾ ഒരേ സമയം പ്രവർത്തിക്കുന്നത് ഫോണിന്റെ താപനിലയെ ബാധിക്കും.
ആൻഡ്രോയിഡ് ഫോണാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ബാക്ക്ഗ്രൗണ്ടിൽ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ മിനിമൈസ് ബട്ടൺ തുറന്ന് ആപ്പുകൾ സ്വൈപ്പ് അപ് ചെയ്യാം.
ഫോൺ മോഡൽ അനുസരിച്ച് സ്ക്രീനിന്റെ താഴെ ഇടത് കോണിലായോ മധ്യത്തിലായോ ആയിരിക്കും മിനിമൈസ് ഓപ്ഷൻ ഉള്ളത്.
iPhoneലാണെങ്കിൽ സ്ക്രീനിന്റെ താഴെ നിന്ന് പതുക്കെ സ്വൈപ്പ് ചെയ്ത് ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പുകൾ സ്വൈപ്പ് ചെയ്ത് നീക്കാം.
അശ്രദ്ധയിലെ അപകടത്തിന് മറ്റൊരു കാരണമാണ് ഫോൺ ചാർജ് ചെയ്യുന്നതിന് സൗകാര്യാർഥം ഏതെങ്കിലും ചാർജർ ഉപയോഗിക്കുന്നത്.
അതായത്, നിങ്ങളുടെ ഫോണിന് അനുയോജ്യമായ, വിശ്വസനീയമായ കമ്പനികളിൽ നിന്നുള്ള ചാർജർ മാത്രം ഉപയോഗിക്കുക. ലോക്കൽ ചാർജർ ഉപയോഗിക്കുന്നത് പ്രശ്നമാണ്.
ഇതിന് പുറമെ, ഉപയോഗിക്കുന്ന ചാർജറോ ഫോണിന്റെ ചാർജിങ് പോർട്ടലോ കേടുപാടുകൾ വന്നിട്ടുള്ളതല്ലെന്നതും ഉറപ്പാക്കിയാൽ ഉപകരണം ചൂടാകുന്നതിൽ നിന്നും രക്ഷ നേടാം.
ചൂടായി പൊട്ടിത്തെറിക്കാൻ നിങ്ങളുടെ അശ്രദ്ധ മതിയെന്ന് പറഞ്ഞില്ലേ? ഈ ഗണത്തിൽ പെട്ടതാണ് ഓണായിരിക്കുന്ന മൊബൈൽ ഫോൺ കമ്പ്യൂട്ടറിനോ ടാബ്‌ലെറ്റിനോ ഒപ്പം ഒരു ബാഗിലോ മറ്റോ സൂക്ഷിക്കുന്നത്. ഇത് ഫോൺ ഓവർഹീറ്റ് ആകുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നു.
ചിലപ്പോഴൊക്കെ ഫോണിൽ സിഗ്നൽ കുറവോ കണക്ഷൻ പ്രശ്നങ്ങളോ ഉണ്ടാകാറില്ലേ? ഈ സമയം ഫോൺ കണക്റ്റിവിറ്റിയ്ക്കായി കൂടുതൽ അധ്വാനിക്കുന്നു. ഫോൺ ഹീറ്റാകാൻ ഇതുമതി.
ദീർഘനേരമായി ഫോണിൽ നെറ്റ്‌വർക്ക് പ്രശ്നമുണ്ടെങ്കിൽ, ഈ സന്ദർഭങ്ങളിൽ എയർപ്ലെയ്ൻ മോഡ് ഓണാക്കുക. നെറ്റ്‌വർക്ക് കവറേജുള്ള ഭാഗത്ത് എത്തിക്കഴിഞ്ഞ് ഈ മോഡ് ഓഫ് ചെയ്യാം.
ആപ്പുകളും സോഫ്റ്റ് വെയറും അപ്ഡേറ്റ് ചെയ്യുന്നതിൽ മടി കാണിക്കരുത്. ഫോണിന്റെ എനർജി കുറച്ച് ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ഒരുപാട് ആന്റി- ബഗ് ഫീച്ചറുകൾ ആപ്പ് അപ്ഡേഷനിൽ ഉൾപ്പെടുന്നു.
കൂടാതെ, ഫോൺ അപ്ഡേഷൻ ആവശ്യപ്പെടുമ്പോൾ അത് പിന്നീട് ചെയ്യുന്നതിലേക്ക് മാറ്റി വയ്ക്കാതിരിക്കുക.
ഫോൺ ചൂടാകിതിരിക്കാനുള്ള പോംവഴികളാണ് ഇവയെല്ലാം. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ ചൂടായാൽ പൊട്ടിത്തെറിക്കുമോ എന്ന് ഭയപ്പെടാതെ അടിയന്തരമായി നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയെന്നാൽ...
ഫോൺ ഒരു ഫാനിന് കീഴിൽ സൂക്ഷിക്കുക, ഫോണിന്റെ കവർ ഊരിമാറ്റുക, ബ്ലൂടൂത്ത് ഓഫാക്കുക, എയർപ്ലെയ്ൻ മോഡ് ഓണാക്കുക എന്നിവയാണ്.
ഫോൺ ചിലപ്പോഴൊക്കെ നിങ്ങൾക്ക് മുന്നറിയിപ്പും നൽകാറുണ്ട്. അവഗണിക്കാതിരുന്നാൽ അപകടം ഒഴിവാക്കാം. എങ്ങനെയെന്നാൽ...
ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്, പല സ്മാർട്ഫോണുകളും പൊട്ടിത്തെറിയ്ക്ക് മുമ്പ് ഏതാനും സൂചനകൾ തരുന്നുണ്ട്. ഫോണിൽ അസാധാരണമായ എന്തെങ്കിലും ശബ്ദങ്ങൾ തുടർച്ചയായി സംഭവിക്കുന്നെങ്കിൽ അത് ഒരുപക്ഷേ പൊട്ടിത്തെറിയ്ക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്.
അതുമല്ലെങ്കിൽ എന്തെങ്കിലും രാസവസ്തു കത്തുന്ന മണം പോലെ തോന്നുന്നുണ്ടെങ്കിൽ ഫോണിനുള്ളിൽ അപകടകരമായി എന്തെങ്കിലും സംഭവിക്കുന്നതായി കരുതാം. അതിനാൽ തന്നെ ഇങ്ങനെയുള്ള മുന്നറിയിപ്പുകൾ അവഗണിക്കരുത്.
ഇതിൽ ഏതെങ്കിലും നിങ്ങളുടെ അനുഭവത്തിൽ വന്നാൽ ഉടൻ തന്നെ ഫോൺ ഓഫ് ചെയ്യുക. തുടർന്ന് അടുത്തുള്ള സർവീസ് സെന്ററിൽ ഫോൺ കാണിച്ച് ശരിയാക്കുന്നതിനുള്ള മാർഗം തേടുക. ഇതു മാത്രമല്ല, ഫോണിന്റെ ബാറ്ററിയും ചാർജിങ് രീതിയുമെല്ലാം പലവിധ സൂചനകളാണ്. അതായത്...
നിങ്ങളുടെ ഫോണിന്റെ ബാറ്ററി വികസിക്കുന്നതായോ വീർത്തിരിക്കുന്നതായോ ശ്രദ്ധയിൽപെട്ടാൽ അത് ഫോണിനുള്ളിൽ അപകടം പതിയിരിക്കുന്ന എന്ന സൂചനയാണ് നൽകുന്നത്.
ഫോൺ ചാർജ് ചെയ്യുമ്പോൾ അസാധാരണമായി അത് ചൂടാകുന്നതായി കണ്ടാലും ഒരുപക്ഷേ പ്രശ്നസാധ്യതയാണ് കാണിക്കുന്നത്.
ഇങ്ങനെയുള്ള സൂചനകൾ അവഗണിച്ച് ഫോൺ ഉപയോഗിക്കുന്നത് തുടരുന്നത് ഒഴിവാക്കുക. ഇനി ഫോണിനുള്ളിൽ എന്ത് പ്രവർത്തനമാണ് പൊട്ടിത്തെറിയ്ക്കുന്നതിലേക്കും തീ ആളിപ്പടരുന്നതിലേക്കും നയിക്കുന്നതെന്നും മനസിലാക്കുക.
ഫോണിലെ ബാറ്ററിയാണ് മുഖ്യമായും ഇതിന് കാരണമെന്ന് പലർക്കും അറിയാമല്ലോ? ഇതിലെ ശാസ്ത്രീയവശം എന്തെന്നാൽ മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളിലെ തകരാറാണ്.
ഈ ബാറ്ററിയിലെ പോസിറ്റീവ് ടെർമിനൽ- നെഗറ്റീവ് ടെർമിനൽ ആയ രണ്ട് ഇലക്ട്രോഡുകൾക്കിടയിൽ ചാർജുകൾ സഞ്ചരിക്കാൻ അനുവദിക്കുന്ന ഇലക്ട്രോലൈറ്റ് ഉൾപ്പെടുന്നു.
എന്നാൽ ബാറ്ററി തകരാറിലാകുമ്പോൾ സംഭവിക്കുന്ന ഷോർട്ട് സർക്യൂട്ട്, ഈ ഇലക്ട്രോലൈറ്റിനെ തടഞ്ഞുകൊണ്ട് കാഥോഡിനും ആനോഡിനും ഇടയിൽ അയോണുകളെ നേരിട്ട് നീങ്ങാൻ അനുവദിക്കുന്നു. ഇത് ബാറ്ററിയ്ക്കുള്ളിൽ താപനില ഉയരാൻ കാരണമാകുന്നു. കൂടാതെ, ബാറ്ററിയിൽ മർദ്ദവും ഉയരുന്നു.
ഇങ്ങനെ ഉണ്ടാവുന്ന മർദം ഇലക്ട്രോലൈറ്റിൽ ഒരു രാസപ്രവർത്തനത്തിന് കാരണമാകും. തൽഫലമായി ചില വാതകങ്ങൾ ബാറ്ററിയ്ക്കുള്ളിൽ നിന്ന് പുറത്തുവരുന്നു.
ഇതാണ് ഫോൺ പൊട്ടിത്തെറിയ്ക്കുന്നതിലേക്ക് നയിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.