അതെ, ഫോണുകൾ ഇന്ന് വെറും ഫോൺ മാത്രമല്ല. അത് നിങ്ങളുടെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന ഒരു വാലറ്റ് കൂടിയായിരിക്കും. കാരണം ഫോൺ കോണ്ടാക്റ്റുകൾ, ആധാർ, പാൻ പോലുള്ള രേഖകൾ എല്ലാം ഫോണിലായിരിക്കുമല്ലോ സ്റ്റോർ ചെയ്യുന്നത്.
ഇന്ന് മിക്ക ആളുകളും സ്മാർട്ട്ഫോണുകളിൽ എല്ലാം സേവ് ചെയ്തുവയ്ക്കുന്നത് ശരിക്കും സേഫ് എന്നാണോ നിങ്ങൾ വിചാരിക്കുന്നത്. ടിക്കറ്റുകളും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുമെല്ലാം എപ്പോഴും കൈയിലെടുത്ത് കൊണ്ടുനടക്കുമ്പോൾ നഷ്ടപ്പെടുമെന്ന ഭയം വേണ്ട.
എന്നാൽ സൗകര്യം നോക്കിയാൽ ശരിക്കും സുരക്ഷ ഉറപ്പാക്കാനാകില്ല. അതായത്, ഫോണിൽ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുന്നത് വളരെ അപകടകരമാണ്.
കാരണം, ഹാക്കിങ് പോലുള്ള സൈബർ കുറ്റകൃത്യങ്ങളും മോഷണം പോലുള്ള പ്രശ്നങ്ങളും വരുമ്പോൾ ഫോണിന്റെ ആക്സസ് മറ്റൊരാൾക്ക് കൈക്കലാക്കാൻ സാധിക്കും.
NFC ഹാക്കിങ് മുതൽ ഫിഷിങ് ലിങ്കുകൾ വരെയുള്ള വിവിധ സൈബർ ആക്രമണങ്ങളാണ് ഫോണുകളിൽ കയറിക്കൂടാൻ പതിയിരിക്കുന്നത്.
അതിനാൽ തന്നെ ഫോണുകളിൽ എന്തെല്ലാമാണ് സൂക്ഷിക്കേണ്ടതെന്നും, അവ ഏത് രീതിയിലായിരിക്കും ബാധിക്കപ്പെടേണ്ടതെന്നും അറിയുക.
ചിലപ്പോൾ ധന നഷ്ടത്തിന് വരെ വഴി വയ്ക്കുന്ന പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നും ഓർക്കുക. നിങ്ങൾ ഇതുവരെ താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഫോണിൽ സ്റ്റോർ ചെയ്തിട്ടുണ്ടെങ്കിൽ ഉടനടി മാറ്റുക.
ഫോണിന്റെ പാസ്‌വേഡുകളുടെ മാസ്റ്റർ ലിസ്റ്റ് സൂക്ഷിക്കുന്ന ശീലമുണ്ടെങ്കിൽ ഇപ്പോൾ തന്നെ അത് ഉപേക്ഷിക്കൂ. കാരണം, സൈബർ സുരക്ഷാ ഒട്ടും ഉറപ്പാക്കാനാകില്ല. അഥവാ ഹാക്കർമാർക്ക് ഏതെങ്കിലും വിധേന ഫോണിന്റെ passwordകളിലേക്ക് ആക്സസ് ലഭിച്ചാൽ അത് നിങ്ങളുടെ പല വിവരങ്ങളിലേക്കും കടന്നുകയറുന്നതിന് വഴിവയ്ക്കും.
ഫോണിലെ ആപ്ലിക്കേഷനുകളിലേക്കും ഇമെയിൽ അക്കൗണ്ടുകളിലേക്കും സോഷ്യൽ മീഡിയ പ്രൊഫൈലുകളിലേക്കും ബാങ്കിങ് ആപ്പുകളിലേക്കുമെല്ലാം ആക്‌സസ് നേടാൻ പാസ്‌വേഡ് ഹാക്കിങ് ധാരാളം. എങ്കിലും ഈ പാസ്കോഡുകൾ ഹാക്കർമാരുടെ കൈയിലെത്താതെ ഇരിക്കണമെങ്കിൽ നിങ്ങൾ ചെറുതായൊന്ന് ശ്രദ്ധിച്ചാൽ മതി. എന്തെന്നാൽ...
വളരെ ഈസിയായിട്ടുള്ള പാസ്‌വേഡുകൾ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. പകരം അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമെല്ലാം അടങ്ങിയ പാസ്‌വേഡുകളാണ് ഉചിതം.
ഇനി അഥവാ ഏതെങ്കിലും ആപ്ലിക്കേഷനുകളിലേക്കോ ബാങ്കിങ് ആവശ്യങ്ങൾക്കുള്ള പാസ്‌വേഡുകളോ സേവ് ചെയ്ത് വയ്ക്കണമെന്നുണ്ടെങ്കിൽ അതിനും പോംവഴിയുണ്ട്.
അതായത് ലോഗിൻ വിവരങ്ങളും മറ്റും മറക്കുന്ന പ്രശ്നമുണ്ടെങ്കിൽ, അതിന് ഈ രഹസ്യകോഡുകൾ പാസ്‌വേഡ് മാനേജറിൽ സേവ് ചെയ്തുവയ്ക്കുന്നത് സുരക്ഷിതമാണ്. ഈ പാസ്‌വേഡ് മാനേജറിന് ഒരു മാസ്റ്റർ പാസ്‌വേഡ് ഉണ്ടായിരിക്കും. ഈ പാസ്‌വേഡ് മാത്രം നിങ്ങൾ ഓർത്താൽ മതി. ബാക്കിയെല്ലാം മാനേജർ നോക്കിക്കൊള്ളും.
നിങ്ങളുടെ വീടിന്റെ വിലാസവും സ്ഥലവിവരങ്ങളും ഫോണിലെ നോട്ട്പാഡുകളിലോ ഏതെങ്കിലും റിമൈൻഡർ ആപ്ലിക്കേഷനുകളിലോ വാട്സ്ആപ്പ് ചാറ്റിലോ ടൈപ്പ് ചെയ്തുവച്ചിട്ടുണ്ടോ? എങ്കിൽ അതിനി വേണ്ട.
നിങ്ങളെ മാത്രമല്ല നിങ്ങളുടെ കുടുബത്തെ വരെ അപകടത്തിലാക്കാൻ ഇത് മാത്രം മതി. ഫോണിലേക്ക് ആർക്കെങ്കിലും ആക്സസ് കിട്ടിയാൽ അവർ ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യുക മാത്രമായിരിക്കില്ല. നിങ്ങളുടെ വീട്ടിൽ ബന്ധപ്പെട്ട് മുതിർന്നവരെ കബളിപ്പിക്കുകയോ, ഭീഷണിപ്പെടുത്തുകയോ അങ്ങനെയെന്തും ചെയ്തേക്കാം.
വീട്ടുപേരും മേൽവിലാസവും മാത്രമല്ല, ബില്ലിംഗ് സ്റ്റേറ്റ്‌മെന്റുകൾ, യൂട്ടിലിറ്റി ബില്ലുകൾ എന്നിവയും ഫോണിൽ സൂക്ഷിച്ച് വയ്ക്കുന്നത് അപകടം ചെയ്യും. അതുപോലെ ഫോണിൽ ലൊക്കേഷൻ ഫീച്ചർ ഉപയോഗിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
പറഞ്ഞുവരുന്നത്, സോഷ്യൽ മീഡിയയിലും മറ്റും നിങ്ങൾ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യുമ്പോഴോ സ്റ്റോറികൾ പങ്കിടുമ്പോഴോ ഫോൺ നിങ്ങളുടെ പ്രദേശവും ലൊക്കേഷനുമെല്ലാം ട്രാക്ക് ചെയ്യും.
ഇത് ഹാക്കർമാരുടെ കൈവശമെത്തിയാൽ സൈബർ കുറ്റകൃത്യങ്ങളിലേക്ക് നയിക്കും.
നിങ്ങൾ ഫോണിൽ കോണ്ടാക്റ്റ് നമ്പർ സേവ് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഫോൺ മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോവുകയോ അതുമല്ലെ ഹാക്കർമാരുടെ കൈപ്പിടിയിലാവുകയോ ചെയ്താൽ അത് വലിയ അപകടമാണ്.
ഫോണിൽ ആൾമാറാട്ടം നടത്താൻ വരെ ഫോൺ കോണ്ടാക്റ്റ് സേവ് ചെയ്യുന്ന രീതി നയിച്ചേക്കാം.
അമ്മ, അച്ഛൻ, ഭർത്താവ് എന്നിങ്ങനെ അടുപ്പമുള്ളവരുടെ കോണ്ടാക്റ്റുകളിൽ അവ എഴുതാതെ, അവസാനത്തെ പേരുകളോ മറ്റോ ഉപയോഗിക്കുക. അങ്ങനെ ചെയ്യുമ്പോൾ കോണ്ടാക്റ്റ് ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാം.
സ്വകാര്യ ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ അനുമതിയില്ലാതെ മറ്റൊരാളുടെ പക്കലെത്തിയാലുള്ള ഭവിഷ്യത്തുകളെ കുറിച്ച് ഒന്നുചിന്തിച്ച് നോക്കൂ...
ഫോണിൽ വളരെ സ്വകാര്യമായ ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കുന്ന പ്രവണത കഴിവതും ഒഴിവാക്കുക.
പലപ്പോഴും ദൂരെയാത്രയ്ക്കോ മറ്റ് വിശേഷ ചടങ്ങുകൾക്കായുള്ള തിരക്കിലോ ആണെങ്കിൽ ആധാർ, പാൻ പോലുള്ള തിരിച്ചറിയൽ രേഖകൾ പഴ്സിലോ കൈവശമോ വയ്ക്കുന്നത് അനുയോജ്യമായിരിക്കില്ല. ഈ അവസരത്തിൽ നിങ്ങൾ അത് ഫോണിൽ ഫോട്ടോയായി എടുത്ത് സൂക്ഷിക്കുമായിരിക്കുമല്ലേ?
ഇമെയിലിലും ഇത് സ്റ്റോർ ചെയ്തുവയ്ക്കാനുള്ള സാധ്യതയുണ്ട്.
ഇതും ശരിക്കും പറഞ്ഞാൽ വലിയ അപകടമാണ്. നിങ്ങളുടെ ഐഡി കാർഡുകളുടെ ചിത്രങ്ങൾ എടുത്തുവയ്ക്കുന്നത് ശരിക്കും പ്രശ്നം തന്നെയാണ്. ഇത് ഹാക്കർമാരുടെ കൈയിൽ എത്തിപ്പെട്ടാൽ അത് ധനനഷ്ടത്തിലേക്ക് നയിക്കും. നിങ്ങളറിയാതെ നിങ്ങളുടെ പേരിൽ വായ്പ പോലുമെടുക്കാൻ കുറ്റവാളിയ്ക്ക് ഇത് തന്നെ ധാരാളം.
ഫിംഗർപ്രിന്റ്, ഫേഷ്യൽ റെക്കഗ്നിഷൻ സ്കാനുകളൊന്നും അത്ര സേഫ് അല്ലെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഒരുപക്ഷേ ഓൺലൈൻ തട്ടിപ്പിൽ നിന്ന് ഇത് രക്ഷപ്പെടുത്തിയേക്കാം, എന്നാൽ മറ്റൊരു കെണി ഇതിലുണ്ട്. എന്താണെന്നോ?
ഫിംഗർപ്രിന്റ്, ഫേഷ്യൽ സ്കാനിങ് ടെക്നോളജികൾ ഒരു മണ്ടത്തരമാണെന്ന് പറയാനാകില്ല. എന്നാലോ നിങ്ങളെ ആരെങ്കിലും ഉപദ്രവിച്ച്, കൈവിരലുകൊണ്ട് സ്കാൻ ചെയ്ത് ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കും.
അതിനാൽ ഒരു അഡീഷണൽ സെക്യൂരിറ്റി എന്ന നിലയിൽ അക്കങ്ങളും അക്ഷരങ്ങളും കൂട്ടിക്കലർത്തിയ അൽപം സങ്കീർണമായ പാസ്‌വേഡുകൾക്കായി ശ്രമിക്കൂ.
കൂടാതെ ഓരോ ആപ്പിനും പ്രത്യേകം ലോക്ക് നൽകാനും മറക്കേണ്ട. എങ്ങനെയുള്ള സൈബർ തട്ടിപ്പുകളിലാണ് ആളുകൾ ട്രാപ്പിലാകുന്നത് എന്നതിലും ശ്രദ്ധ വേണം.
ഉദാഹരണത്തിന് ഓൺലൈനിൽ നിങ്ങളെ കുറിച്ചും, നിങ്ങളുടെ ലൈഫ് അപ്ഡേഷനെ കുറിച്ചും വളരെയധികം പങ്കുവയ്ക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കാം. ഇതിന് പുറമെ, സൗജന്യ VPNകളെ അശ്രദ്ധമായി വളരെയധികം ഉപയോഗിക്കരുത്. പൊതുയിടങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോഴും കരുതൽ നൽകുക.