2022 ഒക്ടോബറിലാണ് ജിയോ 5ജി സേവനത്തിന് തുടക്കം കുറിക്കുന്നത്. നിലവിൽ ഇന്ത്യയിലെ 80-ലധികം നഗരങ്ങളിൽ 5G ജിയോ എത്തിച്ചിരിക്കുന്നു.
ഏറ്റവും പുതിയതായി ജിയോ 5ജി ഉൾപ്പെടുത്തിയ നഗരങ്ങളിൽ നമ്മുടെ സ്വന്തം കോഴിക്കോടും ഉണ്ടെന്നത് പറയട്ടെ.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ടെലികോം കമ്പനി കേരളം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കൂടുതൽ നഗരങ്ങളിലും 5G സേവനങ്ങൾ പ്രഖ്യാപിച്ചു.
ട്രൂ 5G എന്ന് വിളിക്കപ്പെടുന്ന പുതിയ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഇപ്പോൾ ആഗ്ര, കാൺപൂർ, മീററ്റ്, തിരുപ്പതി, നെല്ലൂർ, കോഴിക്കോട്, തൃശൂർ, നാഗ്പൂർ, അഹമ്മദ്‌നഗർ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിൽ ലഭ്യമാണ്.
ഇതോടെ മറ്റൊരു ടെലികോം ഭീമനായ എയർടെലിനേക്കാൾ കൂടുതൽ 5ജി സേവനം നൽകുന്നത് ജിയോ ആണെന്ന് പറയാം. മാത്രമല്ല, ഇന്ത്യയിലെ ഭൂരിഭാഗം നഗരങ്ങളിലും 5G അവതരിപ്പിക്കുന്ന ആദ്യത്തെയും ഏക ഓപ്പറേറ്ററുമാണ് Reliance Jio.
ഇന്ത്യയിൽ ഏതെല്ലാം നഗരങ്ങളിൽ ജിയോ 5ജി സേവനം ലഭ്യമാണെന്നത് നോക്കാം...
ജിയോ 5ജി ആദ്യം സേവനം നൽകിത്തുടങ്ങിയത് ഡൽഹി, മുംബൈ, വാരണാസി, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ്. ഒക്ടോബർ നാലിനായിരുന്നു ഇത്.
ഒക്ടോബർ അവസാനത്തോടെ ജിയോ ട്രൂ 5G രാജസ്ഥാനിലെ നാഥദ്വാര, തമിഴ്നാട്ടിലെ ചെന്നൈ എന്നിവിടങ്ങളിലും 5ജി ലഭ്യമാക്കി.
നമ്മുടെ അയൽപക്കത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ് എന്നിവയായിരുന്നു അടുത്ത ഘട്ടത്തിൽ 5ജി ലിസ്റ്റിൽ ഇടംപിടിച്ചത്.
ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, പൂനെ, കൂടാതെ ഗുജറാത്തിലെ 33 ഓളം ജില്ലകളിലും ജിയോ തങ്ങളുടെ 5ജി
സർവീസ് എത്തിച്ചു.
ഡിസംബറിൽ രാജ്യത്തെ ഉജ്ജൈനി ക്ഷേത്രങ്ങളിലേക്കും ജിയോ ട്രൂ 5ജി ലഭ്യമാക്കി.
കേരളത്തിൽ ആദ്യമായി 5G നടപ്പിലാക്കുന്നതും റിലയൻസ് ജിയോ തന്നെയാണ്. എടുത്തുപറയേണ്ടത്, മറ്റ് ടെലികോം കമ്പനികളുടെ 5ജി സേവനങ്ങൾ ഇതുവരെയും കേരളത്തിൽ ലഭ്യമായിട്ടില്ല.
ഡിസംബർ 20ന് കേരളത്തിലെ കൊച്ചിയിലും, ഗുരുവായൂർ ക്ഷേത്ര പരിസരത്തും ജിയോ 5G ആരംഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ 5ജി സേവനം ഉദ്ഘാടനം ചെയ്തു.
തിരുമല, വിജയവാഡ, വിശാഖപട്ടണം, ഗുണ്ടൂർ എന്നീ തീർഥാടന- വിനോദ സഞ്ചാരത്തിന് പേര് കേട്ട സ്ഥലങ്ങളിലും ജിയോ 5ജി എത്തിച്ചു.
ഡിസംബർ 28ന് Jio കേരളത്തിന്റെ തലസ്ഥാന നഗരിക്കും ട്രൂ 5G സമ്മാനിച്ചു.
ഇതിന് പുറമെ, ലഖ്‌നൗ, മൈസൂരു, നാസിക്, ഔറംഗബാദ്, ചണ്ഡീഗഡ്, മൊഹാലി, പഞ്ച്കുള, സിരാക്പൂർ, ഖരാർ, ദേരബസ്സി എന്നിവിടങ്ങളിലും 5G നടപ്പിലാക്കി.
ഭോപ്പാൽ, ഇൻഡോർ എന്നീ നഗരങ്ങളാണ് 2022ൽ ജിയോ 5ജിയിൽ ഇടംപിടിച്ച അവസാനത്തെ നഗരങ്ങൾ.
പുതുവർഷത്തിലും ജിയോ പതിന്മടങ്ങ് വേഗത്തിൽ തങ്ങളുടെ 5ജി സേവനം വ്യാപിപ്പിക്കുകയാണ്. ഇതിൽ ഭുവനേശ്വർ, കട്ടക്ക് എന്നിവിടങ്ങളാണ് 2023ലെ ജിയോ ട്രൂ 5ജിയിൽ ഇടംപിടിച്ച ആദ്യ നഗരങ്ങൾ.
ജബൽപൂർ, ഗ്വാളിയോർ, ലുധിയാന, സിലിഗുരി, ജയ്പൂർ, ജോധ്പൂർ, ഉദയ്പൂർ എന്നീ ഇന്ത്യൻ പട്ടണങ്ങളിലും ജനുവരി 6, 7 തീയതികളിലായി ജിയോ 5ജി എത്തിച്ചു.
ഒടുവിലിതാ ആഗ്ര, കാൺപൂർ, മീററ്റ്, പ്രയാഗ്‌രാജ്, തിരുപ്പതി, നെല്ലൂർ, നാഗ്പൂർ, അഹമ്മദ്‌നഗർ എന്നിവയ്ക്കൊപ്പം കേരളത്തിലെ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലും ജിയോ 5G സേവനം ലഭിക്കുന്നു.