Aadhaar Cardഉം റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി വീണ്ടും നീട്ടി. ജൂൺ 30 വരെ അനുവദിച്ചിരുന്ന സമയപരിധിയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.
വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യം നേടുന്നവർക്ക് ആധാറും റേഷൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
മൂന്നാം തവണയാണ് Aadhaar- Ration Card ലിങ്കിങ്ങിന്റെ അവസാന തീയതി നീട്ടിവയ്ക്കുന്നത്. ഓൺലൈനായോ, അടുത്തുള്ള റേഷൻ കട സന്ദർശിച്ചോ ഈ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.
റേഷൻ കാർഡ് ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതിനുള്ള ഒരു നിർണായക രേഖയാണെങ്കിലും, അതിനുപരി ഒരു തിരിച്ചറിയൽ രേഖയായും ഉപയോഗിക്കുന്നു.
Aadhaar Card നിങ്ങളുടെ Ration Cardമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 30 വരെയാണ്. അന്ത്യോദയ അന്ന യോജന, കൂടാതെ സർക്കാരിന്റെ ചില ഭവന പദ്ധതികൾ എന്നിവയുടെ സേവനങ്ങൾ നിങ്ങൾക്ക് ലഭിക്കണമെങ്കിൽ ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിരിക്കണം.
സെപ്തംബർ 30 വരെ സമയമുണ്ടെങ്കിലും, അവസാനതീയതി വരെ കാത്തിരിക്കാതെ ഈ നടപടികൾ നിങ്ങൾക്ക് ഉടനടി പൂർത്തിയാക്കാവുന്നതാണ്.
ആദ്യം മാർച്ച് 31 വരെ കേന്ദ്ര സർക്കാർ സമയം അനുവദിച്ചിരുന്നു. ഇതിന് ശേഷം ജൂൺ 30 വരെയും കാലാവധി നീട്ടിനൽകി. ഇതിനകം ആധാർ- റേഷൻ കാർഡ് ലിങ്കിങ് നടത്താൻ സാധിക്കാത്തവർക്ക് പുതുക്കിയ കാലാവധിയിൽ ഇത് പൂർത്തിയാക്കാം.
എന്തിനാണ് ഇങ്ങനെ റേഷൻ കാർഡും ആധാറും തമ്മിൽ ലിങ്ക് ചെയ്യുന്നത് എന്നറിയാമോ? തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നതിന് മാത്രമല്ല, പല സുരക്ഷാകാരണങ്ങൾക്ക് കൂടിയാണ് Aadhaar- Ration Card ലിങ്ക് ചെയ്യുന്നത്.
ഒരു ഉപയോക്താവ് ഒന്നിലധികം റേഷൻ കാർഡ് കൈവശം വച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും. വ്യാജ റേഷൻ കാർഡുകൾ ഇല്ലാതാക്കുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിർദ്ദിഷ്ട വരുമാനത്തിന് മുകളിലുള്ളവർ, അർഹതയില്ലാത്തവർ എന്നിവർക്ക് റേഷൻ ലഭിക്കുന്നത് നിരീക്ഷിക്കാനും ഇത് സഹായിക്കും.
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സേവനം സൗജന്യമാണ്. റേഷൻ കടകൾക്ക് പുറമെ താലൂക്ക് സപ്ലൈസ് ഓഫീസ് വഴിയോ, ഇ പി.ഒ.എസ് മെഷീൻ വഴിയോ ഇത് പൂർത്തിയാക്കാം.
എങ്കിലും Aadhaar- Ration Card ലിങ്കിങ് നിങ്ങൾക്ക് ഓൺലൈനായി പൂർത്തിയാക്കാവുന്നതാണ്. ഇത് എങ്ങനെയാണെന്ന് ചുവടെ വിവരിക്കുന്നു.
വീട്ടിലിരുന്ന് തന്നെ റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ മനസിലാക്കാം...
food.wb.gov.in എന്ന സംസ്ഥാന പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഇവിടെ ആധാർ കാർഡ് നമ്പർ, റേഷൻ കാർഡ് നമ്പർ കൂടാതെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ ടൈപ്പ് ചെയ്യുക.
ശേഷം Continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ഫോണിൽ ഒരു OTP ലഭിക്കുന്നതാണ്. ഈ OTP ടൈപ്പ് ചെയ്തു നൽകിക്കൊണ്ട് നിങ്ങൾക്ക് ആധാറും റേഷൻ കാർഡും ലിങ്ക് ചെയ്യാവുന്നതാണ്.
എന്നാൽ വെള്ള റേഷൻ കാർഡ് കൈവശമുള്ളവർ അത് ഡിജിറ്റലാക്കിയാൽ മതിയെന്നാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നേത്ര മങ്കമേ അറിയിച്ചിരുന്നത്.
ഇതിന് ശേഷം താൽപ്പര്യമുണ്ടെങ്കിൽ Aadhaar- Ration Card ലിങ്കിങ് നടത്താം. എന്നാൽ ഇത് നിർബന്ധമില്ല.
അതേ സമയം, ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. അതായത് ഫ്രീയായി Aadhaar Update ചെയ്യുന്നതിന് ഗുണഭോക്താക്കൾക്ക് സെപ്തംബർ 14 വരെ സമയമുണ്ട്.
ഈ സേവനം സൗജന്യമായി ലഭിക്കുന്നതിന് ചില നിബന്ധനകളുണ്ട്.
ഒരു പൈസയും ചെലവാക്കാതെ നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കണമെങ്കിൽ myAadhaar എന്ന ഓൺലൈൻ പോർട്ടലിലൂടെ മാത്രമാണ് സാധിക്കുക.
എന്നാൽ അക്ഷയയോ മറ്റ് ആധാർ സേവന കേന്ദ്രങ്ങളോ വഴിയാണ് ഇത് നടപ്പിലാക്കുന്നതെങ്കിൽ 50 രൂപ ചെലവാകും.
ഇത് ഓൺലൈനായി ചെയ്യുന്നതിന് ആധാർ ഉടമകൾക്ക് https://myaadhaar.uidai.gov.in/portal പ്രയോജനപ്പെടുത്താം. ഇവിടെ നിങ്ങൾ ആധാർ ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ നൽകണം.
തുടർന്ന് ഈ മൊബൈൽ നമ്പരിലേക്ക് ഒരു OTP വരുന്നതാണ്.
പിന്നീട് നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
10 വർഷത്തിൽ ഒരിക്കൽ ആധാർ ഉടമകൾ തങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്നാണ് പറയുന്നത്.
അതായത്, ആധാറിൽ നൽകിയിരിക്കുന്ന പേരിലോ, ഫോൺ നമ്പരിലോ, മേൽ വിലാസത്തിലോ മറ്റോ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താം.
ആധാർ കാർഡിൽ മിക്കവരും ജനനവർഷം മാത്രമാണ് നൽകിയിട്ടുള്ളതെങ്കിലും പൂർണ ജനനത്തീയതി നൽകിക്കൊണ്ട് അപ്ഡേഷൻ നടത്താം.
ആധാർ കാർഡിലെ ഫോട്ടോയും 10 വർഷം മുമ്പുള്ളതാണെങ്കിൽ പുതുക്കാവുന്നതാണ്.
ഇങ്ങനെ നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ 10 വർഷത്തിനുള്ളിൽ പുതുക്കുന്നതിലൂടെ CIDR അഥവാ സെൻട്രൽ ഐഡന്റിറ്റി ഡാറ്റ റിപ്പോസിറ്ററിയിൽ നിങ്ങളുടെ പുതുക്കിയ രേഖകൾ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ഇങ്ങനെ പുതുക്കുന്നത് നിർബന്ധമല്ല. എങ്കിലും, കൃത്യമായ വിവരങ്ങൾ സർക്കാർ രേഖകളിൽ സൂക്ഷിക്കുന്നതും സേവനങ്ങൾ കൃത്യമായി ലഭ്യമാകുന്നതിനും ഇത് സഹായിക്കും.
ഇന്ന് ഏതൊരു ഇന്ത്യൻ പൌരനും അനിവാര്യമായ രേഖയാണ് ആധാർ കാർഡ്. അതിനാൽ തന്നെ ആധാർ കൃത്യമായി അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുക.
ആധാർ കാർഡും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബർ 30 വരെയാണ്. ആധാർ ഫ്രീയായി അപ്ഡേറ്റ് ചെയ്യുന്നതിന് സെപ്തംബർ 14 വരെയും കാലാവധി അനുവദിച്ചിരിക്കുന്നു.