ഇന്ന് ഫോൺ വെറുമൊരു ഫോണല്ല. പറഞ്ഞുവരുന്നത് നമ്മുടെ എല്ലാ വ്യക്തിവിവരങ്ങളും മൊബൈൽ ഫോണിലാണ് സ്റ്റോർ ചെയ്യുന്നത്. ആധാറിൽ നിന്ന് തുടങ്ങുന്ന ഔദ്യോഗിക രേഖകളും വ്യക്തിഗത ഫോട്ടോകളുമെല്ലാം നമ്മുടെ ഫോണിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്മാർട്ഫോണുകളിൽ വെബ് ആക്ടിവിറ്റി ഓൺ ആയിരിക്കുകയാണെങ്കിൽ നമ്മുടെ പ്രവർത്തനങ്ങൾ വരെ ഫോൺ ഒപ്പിയെടുക്കുന്നുണ്ടെന്ന് അർഥം.
ഇങ്ങനെ നമ്മളെ കുറിച്ച് നമ്മളേക്കാൾ കൂടുതൽ അറിയാവുന്ന സ്മാർട്ഫോണുകൾ മറ്റൊരാളുടെ നിയന്ത്രണത്തിൽ ആയാൽ എന്താണ് സംഭവിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?
ഫോൺ ഹാക്ക് ചെയ്യപ്പെടുകയോ അതിൽ മാൽവെയറുകൾ ആക്രമിക്കുകയോ ചെയ്താൽ ഒരുപക്ഷേ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതിനേക്കാൾ വലിയ അപകടമായിരിക്കും ഉണ്ടാകുക.
നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ കോൺടാക്‌റ്റുകൾ മാത്രമായിരിക്കില്ല അതിലൂടെ നഷ്ടമാകുന്നത്.
മെസേജുകൾ, ഇമെയിലുകൾ, ഫയലുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് എന്നിവയെല്ലാം ഹാക്കർമാർ കൈക്കലാക്കിയിരിക്കും.
ഇതിലും ശ്രദ്ധിക്കേണ്ടത് യുപിഐ ആപ്പുകളിൽ അടക്കം സെറ്റ് ചെയ്തിരിക്കുന്ന പാസ്കോഡും ഒടിപി മെസേജുകളുമെല്ലാം ഹാക്കറുടെ കൈയിൽപ്പെടാം. അതിനാൽ വ്യക്തിഗത വിവരങ്ങൾ നഷ്ടമാകുന്നതിന് പുറമെ ധനനഷ്ടവും നിങ്ങൾക്ക് നേരിടേണ്ടിവരും.
ആൻഡ്രോയിഡ് ഫോണുകളാണ് ഏറ്റവും കൂടുതൽ മാൽവെയർ ആക്രമണങ്ങൾക്ക് വിധേയമാകാറുള്ളത്.
എന്റെ ഫോൺ വൈറസ് ആക്രമിക്കില്ല എന്ന ആത്മവിശ്വാസം നല്ലതല്ല. ചിലപ്പോഴൊക്കെ നമ്മുടെ ഒരു അശ്രദ്ധ മതി ഫോണും നമ്മുടെ വിവരങ്ങളും അപകടത്തിലാകാൻ.
ആൻഡ്രോയിഡ് ഫോണുകളിൽ ചില സെക്യൂരിറ്റി സെറ്റിങ്സ് മാറ്റിയാൽ ഫോണിന്റെ സുരക്ഷ ഉറപ്പാക്കാം.
നിങ്ങളുടെ ഫോൺ മാൽവെയർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ എന്ത് പ്രതിവിധിയാണ് സ്വീകരിക്കേണ്ടതെന്ന് 6 സിമ്പിൾ ടിപ്സുകളിലൂടെ മനസിലാക്കാം.
ഏറ്റവും ആദ്യം നിങ്ങൾ കരുതലായിരിക്കേണ്ടത് ഫോണിന്റെ പാസ്‌വേഡിലാണ്.
അതായത്, ഫോണിന്റെ പാസ്‌വേഡ് മനഃപാഠമാക്കാൻ പ്രയാസമുള്ളവർ ഫോണിലെ നോട്ടുകളിലോ വാട്സ്ആപ്പ് ചാറ്റുകളിലോ സ്റ്റോർ ചെയ്തുവയ്ക്കുന്ന ശീലമുണ്ട്.
ഇങ്ങനെ പാസ്‌വേഡ് ഒരു കുറിപ്പായി സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. കൂടാതെ, പാസ്കോഡ് ബ്രൗസറിൽ സേവ് ചെയ്തുവയ്ക്കുന്നതും അപകടമാകും.
ഇതിനുള്ള പ്രതിവിധി പാസ്‌വേഡ് മാനേജർ ആപ്പ് ഉപയോഗിച്ച് പാസ്‌വേഡ് സേവ് ചെയ്തുവയ്ക്കാം എന്നതാണ്. അങ്ങനെയെങ്കിൽ അത് ഹാക്കർമാരുടെ കണ്ണിൽപ്പെടാതെ സൂക്ഷിക്കാനാകും.
UPI ആപ്പുകൾ മാത്രമല്ല, ഹെൽത്ത് ആപ്പുകൾ, ഗാലറി, ഷോപ്പിങ് ആപ്പുകൾ എന്നിവയ്ക്കെല്ലാം ലോക്ക് നൽകുന്നതിൽ വിട്ടുവീഴ്ച വരുത്തരുത്.
ഇവയ്ക്കെല്ലാം ഒരേ പാസ്‌വേഡോ ലോക്ക് കോഡോ നൽകാതെ വ്യത്യസ്തമായവ നൽകുന്നതിന് ശ്രദ്ധിക്കുക. ബയോമെട്രിക് ലോക്ക് നൽകുന്നതും ഉത്തമമാണ്.
ആപ്പുകൾക്ക് മാത്രമല്ല, ഫോണിനും ഒരു മെയിൻ ലോക്ക് വേണമെന്നത് എടുത്തുപറയേണ്ടതല്ല. കാരണം ഇന്ന് മിക്കവരും ഇക്കാര്യത്തിൽ ശ്രദ്ധ നൽകാറുണ്ട്. ആൻഡ്രോയിഡ് ഇൻ-ബിൽറ്റ് സെക്യൂരിറ്റി ഫീച്ചറുകൾ ഉപയോഗിച്ചുള്ള പാസ്കോഡുകൾ നൽകുന്നതിന് ശ്രദ്ധിക്കുക.
മാസം തോറും ഫോണിലെ ഡാറ്റ ബാക്കപ്പ് ചെയ്യുന്നതിനായി ശ്രദ്ധിക്കണം.
ഇങ്ങനെ ചെയ്യുന്നതിലൂടെ ഫോണിലെ ഡാറ്റ മോഷ്ടിക്കപ്പെടുന്നില്ല എന്നത് നിങ്ങൾക്ക് ഉറപ്പാക്കാം.
എത് ആപ്ലിക്കേഷനുകളിലാണ് അപകടം പതിയിരിക്കുന്നതെന്ന് പറയാനാകില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നതാണെങ്കിലും, എല്ലാ ആപ്പുകളും സുരക്ഷിതമല്ല.
എന്നാൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് അത് നിയമാനുസൃത ആപ്പാണോ എന്ന് ഉറപ്പാക്കാൻ റേറ്റിങ് പരിശോധിക്കേണ്ടതുണ്ട്.
നിങ്ങളുടെ ഫോൺ നെറ്റ്‌വർക്ക് സുരക്ഷിതമായിരിക്കണം. അതായത് പൊതുയിടങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കൂടാതെ, വീട്ടിലെ വൈഫൈ നെറ്റ്‌വർക്ക് സുരക്ഷിതമാണെന്നതും ഉറപ്പുവരുത്തുക.
ഇതിന് പുറമെ, ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഗൂഗിൾ അഥവാ വെബ് ബ്രൊസിങ്ങിലും ആപ്പ് പെർമിഷൻ നൽകുമ്പോഴുമെല്ലാം വളരെ ശ്രദ്ധ നൽകേണ്ടതുണ്ട്.
കൂടാതെ, ലൊക്കേഷൻ ആക്ടിവേറ്റ് ചെയ്യുന്ന ഓപ്ഷനുകളും അൽപം കരുതലോടെ ചെയ്യുക. ഇവ എങ്ങനെയെന്ന് ചുവടെ വിശദീകരിക്കുന്നു.
ചില ആപ്പുകളിൽ ഫൈൻഡ് മൈ ഫോൺ ഓപ്ഷൻ ഓണാക്കാൻ ആവശ്യപ്പെടും.
എന്നാൽ എല്ലാ ആപ്പുകൾക്കും ഈ ഫീച്ചർ ഓണാക്കി നൽകണമെന്നില്ല. ഇതുവരെ നിങ്ങൾ ഏതൊക്കെ ആപ്പുകൾക്ക് ലൊക്കേഷൻ ആക്സസ് നൽകിയെന്ന് അറിയുന്നതിനായി
സെറ്റിങ്സിൽ ബയോമെട്രിക്സ് & സെക്യൂരിറ്റി ഓപ്ഷൻ ടാപ്പ് ചെയ്യുക.
പിന്നീട് സെക്യൂരിറ്റി ക്ലിക്ക് ചെയ്ത് ലൊക്കേഷൻ ഓപ്ഷൻ തെരഞ്ഞെടുത്ത് ഏതെല്ലാം ആപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിച്ച്, ആവശ്യമില്ലാത്തവയുടെ ആക്സസ് ഓഫ് ചെയ്യാം.
നിങ്ങൾ വെബ് ബ്രൗസിങ്ങിലും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ചിലപ്പോഴൊക്കെ ഏതെങ്കിലും ഫയൽ ഡൗൺലോഡ് ചെയ്യുമ്പോഴോ ആപ്പ് തുറക്കുമ്പോഴോ ആൻഡ്രോയിഡിന്റെ സെക്യൂരിറ്റി ഫീച്ചർ മുന്നറിയിപ്പ് നൽകാറില്ലേ?
ഇതില്ലാത്തവർ ഉടനടി സെറ്റിങ്സിൽ ഈ ഓപ്ഷൻ തെരഞ്ഞെടുക്കേണ്ടതുണ്ട്.
സുരക്ഷിതമായി വെബ് ബ്രൗസിങ് നടത്തുന്നതിന് നിങ്ങൾ ചെയ്യേണ്ടത് എന്തെന്നാൽ, ആദ്യം സെറ്റിങ്സ് ഓപ്ഷൻ ഓണാക്കുക. ശേഷം, പ്രൈവസി എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം.
ഇവിടെ നിന്നും സേഫ് ബ്രൗസിങ് ഫീച്ചർ ആക്ടീവ് ചെയ്യാവുന്നതാണ്.
ഏറ്റവും അശ്രദ്ധയോടെ നിങ്ങൾ ചെയ്യുന്ന കാര്യമാണ് പല ആപ്പുകളും ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞ് അവയിലെ മാനദണ്ഡങ്ങൾ ശരിയായി വായിച്ചുനോക്കാതെ പെർമിഷൻ നൽകുന്നത്.
ഉദാഹരണത്തിന് നിങ്ങളൊരു വീഡിയോ എഡിറ്റിങ് ആപ്പാണ് ഇൻസ്റ്റാൾ ചെയ്തതെങ്കിൽ അത് നിങ്ങളോട് കോണ്ടാക്റ്റ്, മെസേജ് എന്നിവയിലേക്കുള്ള ആക്സസ് ആവശ്യപ്പെടാറില്ലേ?
ഇവയ്ക്കെല്ലാം കണ്ണുമടച്ച് അക്സെപ്റ്റ് എന്ന ഓപ്ഷനാണ് നിങ്ങൾ നൽകുന്നതെങ്കിൽ അത് അപകടമാണ്. വീഡിയോ എഡിറ്റിങ് ആപ്പിന് ക്യാമറയല്ലാതെ, ലൊക്കേഷൻ, കോണ്ടാക്റ്റ് തുടങ്ങിയവയിലേക്കുള്ള പെർമിഷൻ യാതൊരു കാരണവശാലും നൽകേണ്ടതില്ല.
ഇതിനായി നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് ചുവടെ വിശദമാക്കുന്നു.
ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾ ഫോണിലെ സെറ്റിങ്സ് ഓപ്പൺ ചെയ്ത് ആപ്പുകൾ എന്ന ഓപ്ഷൻ സെലക്ട് ചെയ്യണം. ശേഷം മുകളിലെ ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന്, ആപ്പ് പെർമിഷൻ സെലക്റ്റ് ചെയ്ത് ഏതെല്ലാം ആപ്പുകളിലേക്കാണ് ഒരു ആപ്പ് പെർമിഷൻ എടുത്തിട്ടുള്ളതെന്ന് മനസിലാക്കണം. ശേഷം സെറ്റിങ്സിൽ നിന്നുതന്നെ ഇതിൽ മാറ്റം വരുത്താവുന്നതാണ്.