Samsung Galaxy Ring: ഇന്ത്യയുടെ ആദ്യത്തെ സാംസങ് സ്മാർട് റിങ്! First Sale തുടങ്ങി, ഫാഷൻ ട്രെൻഡിങ്ങാകാൻ AI ടെക്നോളജിയും

Updated on 17-Oct-2024
HIGHLIGHTS

ഇന്ത്യയിൽ ആദ്യമായി Samsung Galaxy Ring പുറത്തിറക്കി

9 വ്യത്യസ്ത വലുപ്പങ്ങളിലാണ് ഗാലക്‌സി റിംഗ് പുറത്തിറക്കിയത്

ജ്വല്ലറി ബോക്‌സിനെ അനുസ്മരിപ്പിക്കുന്ന ക്ലാംഷെൽ ഡിസൈനിലാണ് ചാർജിങ് കേസ് വരുന്നത്

ഇന്ത്യയിൽ ആദ്യമായി Samsung Galaxy Ring പുറത്തിറക്കി. Smart Ring പ്രീ-ബുക്കിങ് കഴിഞ്ഞാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ഇപ്പോൾ ഇവ വിൽപ്പനയ്ക്ക് ലഭ്യമാണ്.

24/7 ആരോഗ്യ നിരീക്ഷണവും ഉറക്ക നിരീക്ഷണവും ഹാർട്ട് റേറ്റ് അളക്കുന്നതുമെല്ലാം മോതിരത്തിലുണ്ട്. 9 വ്യത്യസ്ത വലുപ്പങ്ങളിലാണ് ഗാലക്‌സി റിംഗ് പുറത്തിറക്കിയത്. ഇവയ്ക്ക് 5 മുതൽ 13 വരെ വലുപ്പമുണ്ടാകുന്നു.

ഒരു സ്മാർട് വാച്ചിൽ നിന്നെല്ലാം വ്യത്യാസമുള്ളതാണ് സാംസങ് റിങ്. എന്തുകൊണ്ടാണ് സാംസങ് റിങ് ശരിക്കും ഒരു സ്മാർട് ഗാഡ്ജെറ്റ് ആകുന്നതെന്ന് നോക്കാം.

Samsung Galaxy Ring ഡിസൈൻ

സൈസ് 5 വലിപ്പമുള്ള റിങ്ങിന് 7.0 മില്ലിമീറ്റർ വീതിയാണുള്ളത്. ഈ മോതിരത്തിന് വെറും 2.3 ഗ്രാം മാത്രമാണ് ഭാരം. ഇത് നാൾ മുഴുവൻ കൈയിലിട്ടാലും അസൌകര്യമായി തോന്നില്ല. കാരണം ഗാലക്‌സി റിംഗ് വളരെ ഭാരം കുറഞ്ഞതാണ്.

ഓരോ വലിപ്പമുള്ള സ്മാർട് റിങ്ങിന്റെയും ഭാരവും വ്യത്യാസപ്പെടുന്നു. ഏറ്റവും വലിയ വലുപ്പമുള്ള മോതിരത്തിന് 3 ഗ്രാം വരെയാണ് ഭാരം. ഇത് കോൺകേവ് ഡിസൈനിലുള്ള സ്മാർട് റിങ്ങാണ്. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗോൾഡ്, ടൈറ്റാനിയം സിൽവർ കളർ വേരിയന്റുകളാണുള്ളത്.

ജ്വല്ലറി ബോക്‌സിനെ അനുസ്മരിപ്പിക്കുന്ന ക്ലാംഷെൽ ഡിസൈനിലാണ് ചാർജിങ് കേസ് വരുന്നത്. അതിനാൽ തന്നെ പ്രിയപ്പെട്ടവർക്ക് ഒരു സ്വർണാഭരണം ഗിഫ്റ്റ് ചെയ്യുന്ന പോലെ റിങ്ങും സമ്മാനിക്കാം. കേസിൽ എൽഇഡി ലൈറ്റുണ്ട്. റിങ്ങിന്റെ ചാർജിങ് സ്റ്റാറ്റസ് കാണിക്കുന്നതിനായാണ് എൽഇഡി ലൈറ്റ്. ചാർജിങ് കേസിൽ 7 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

Samsung Galaxy Ring ഫീച്ചറുകൾ

സമഗ്രമായ ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ ഈ സ്മാർട് റിങ് അറിയിക്കുന്നു. നിങ്ങളുടെ ഉറക്കത്തിന്റെ പാറ്റേണുകൾ മനസിലാക്കാനും ആരോഗ്യകരമായ ശീലങ്ങൾക്കും ഉത്തമം. AI അൽഗോരിതം ഉപയോഗിച്ചുള്ള വിപുലമായ ഉറക്ക വിശകലനം നടത്തും. ഹൃദയമിടിപ്പ്, ശ്വസന നിരക്ക്, രാത്രിയിലെ ചർമ്മ താപനില എല്ലാം ട്രാക്ക് ചെയ്യും.

ഗാലക്‌സി എഐ, എനർജി സ്‌കോർ തുടങ്ങിയവയും ഇതിൽ വിശകലനം ചെയ്യും. ഉപയോക്താക്കളുടെ വ്യക്തിഗത ആരോഗ്യ ഡാറ്റയ്ക്ക് അനുസരിച്ച് ഹെൽത്ത് ടിപ്സ് തരുന്നു.

നടത്തത്തിന്റെയും ഓട്ടത്തിന്റെയുമെല്ലാം ഓട്ടോമാറ്റിക് ട്രാക്കിങ് സാധ്യമാണ്. നോട്ടിഫിക്കേഷനുകൾ റിങ്ങിലൂടെ അലേർട്ടായി ലഭിക്കും. ഫോട്ടോകൾ എടുക്കാനും അലാറം നിർത്താനുമെല്ലാം ആംഗ്യം ഉപയോഗിച്ച് സാധിക്കും.

കൂടാതെ ഫോൺ നഷ്ട്പ്പെട്ടാൽ കണ്ടുപിടിക്കാനുള്ള തന്ത്രം ഗാലക്സി റിങ്ങിലുമുണ്ട്. മോതിരം കളഞ്ഞുപോയാൽ ഗാലക്‌സി സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ച് ഇത് കണ്ടെത്താം. ഇതിനായി ഫൈൻഡ് മൈ റിംഗ് ഫീച്ചർ ഉപയോഗപ്പെടുത്താവുന്നതാണ്.

വിലയും വിൽപ്പനയും വിശദമായി

ടെക്നോളജിയിൽ വലിയ താൽപ്പര്യമുള്ളവരാണ് മലയാളികൾ. സ്മാർട് വാച്ചുകൾ വലിയ പ്രചാരം നേടിയ പോലെ സ്മാർട് റിങ്ങുകളും ഏറ്റെടുക്കുമെന്നത് ഉറപ്പാണ്. സാംസങ് ഗാലക്സി റിങ്ങുകൾ മൂന്ന് കളറുകളിലാണുള്ളത്. ഈ മൂന്ന് വേരിയന്റുകൾക്കും ഒരേ വിലയാണ്. 38,999 രൂപയ്ക്കാണ് ഗാലക്സി റിങ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്.

ആമസോൺ, ഫ്ലിപ്കാർട്ട്, സാംസങ്.കോം സൈറ്റുകളിലൂടെ ഓൺലൈൻ പർച്ചേസിങ് ചെയ്യാം. തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട് റിങ് ലഭ്യമായിരിക്കും.

നിങ്ങളുടെ വിരലിന്റെ വലിപ്പമറിയാൻ സൈസിംഗ് കിറ്റ് ലഭിക്കുന്നതാണെന്ന് സാംസങ് അറിയിച്ചു. ഇതിലൂടെ സൈസ് നോക്കിയ ശേഷം റിങ് പർച്ചേസ് നടത്താം. സാംസങ് റിങ്ങിന് ചൂണ്ടുവിരലാണ് അനുയോജ്യം.

https://www.digit.in/ml/news/wearable-devices/samsung-galaxy-ring-prebooking-at-1999-rs-get-rewards-and-more.htmlRead More: 1999 രൂപയ്ക്ക് Samsung Galaxy Ring പ്രീ ബുക്കിങ്! ഗംഭീര reward ഓഫറുകളോടെ, ഇനി മണിക്കൂറുകൾ മാത്രം

ഓഫറുണ്ടോ എന്നല്ലേ?

സാംസങ് റിങ് ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ആദ്യ സെയിലിൽ ആകർഷകമായ കിഴിവും സാംസങ് വാഗ്ദാനം ചെയ്യുന്നു. ഒക്ടോബർ 18 വരെ മാത്രമായിരിക്കും ലോഞ്ച് ഓഫർ എന്നതും ശ്രദ്ധിക്കുക.

റിങ് വാങ്ങുമ്പോൾ 25W ട്രാവൽ അഡാപ്റ്റർ ലഭിക്കും. പലിശയില്ലാത്ത തുല്യമായ പ്രതിമാസ ഇൻസ്‌റ്റാൾമെന്റ് പ്ലാനിനും ലഭിക്കുന്നതാണ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :