ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡാണ് ബോട്ട് എന്നതിൽ സംശയമില്ല. ഇപ്പോഴിതാ, കമ്പനി തങ്ങളുടെ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കിയിരിക്കുകയാണ്. ബോട്ട് വേവ് ഇലക്ട്ര (boAt Wave Electra) എന്ന വാച്ച് 1799 രൂപയ്ക്ക് ലഭ്യമാണ്. എൻട്രി ലെവൽ സ്മാർട്ട് വാച്ച് (smartwatch) വിഭാഗത്തിൽ ബോട്ട് വിപണിയിൽ എത്തിച്ച ഈ സ്മാർട്ട് വാച്ചിനെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
മെറ്റൽ ഡിസൈൻ, ബ്ലൂടൂത്ത് കോളിങ് ഫീച്ചറുകൾ, ആക്‌റ്റിവിറ്റി ട്രാക്കറുകൾ തുടങ്ങിയവയുമായാണ് ഈ വാച്ച് വരുന്നത്. IP68 പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കൊപ്പം 7 ദിവസത്തെ ബാറ്ററി ലൈഫും ഇതിനുണ്ട്. boAt-lifestyle.com-ലും Amazonലും ഇപ്പോൾ വാച്ച് ലഭ്യമാണ്. ഡിസംബർ 24 മുതലാണ് ഇത് വിൽപ്പനയ്ക്ക് എത്തിച്ചത്.
550 നിറ്റ്‌സ് തെളിച്ചത്തോടെ വരുന്ന 1.81 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഈ സീരീസിലെ വാച്ചിലുള്ളത്. ഏകദേശം 100 വാച്ച് ഫേസുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലൂട്ടൂത്ത് കോളിങ് ഉൾപ്പെടെയുള്ള വില കൂടിയ വാച്ചുകളിൽ ഉണ്ടാകാറുള്ള ഫീച്ചറുകളും ഈ എൻട്രി ലെവൽ വാച്ചിലുണ്ടെന്നതാണ് മറ്റൊരു സവിശേഷത. യാത്ര ചെയ്യുമ്പോഴും മറ്റും ഇത് വളരെ പ്രയോജനകരമാകും. കൂടാതെ, നിങ്ങൾക്ക് ഈ വാച്ചിൽ തന്നെ ഏകദേശം 50 കോണ്ടാക്റ്റുകൾ സംരക്ഷിക്കാനും അതിലൂടെ സംസാരിക്കാനും കഴിയും. സ്‌മാർട്ട്‌ഫോണിലൂടെ ഫോണിലെ മ്യൂസിക്കും ക്യാമറയും എല്ലാം നിയന്ത്രിക്കാനുള്ള സംവിധാനവുമുണ്ട്.
ബ്ലാക്ക്, ലൈറ്റ് ബ്ലൂ, ചെറി ബ്ലോസം, ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിലുള്ള സ്ട്രാപ്പുകളാണ് ബോട്ട് വേവ് ഇലക്ട്രയ്ക്ക് വരുന്നത്. സമയം പരിശോധിക്കുന്നതിനുള്ള ഒരു മാധ്യമം എന്നതിലുപരിയായി ഫിറ്റ്‌നസ് ചെയ്യുന്നവർക്ക് ഇഷ്ടപ്പെടുന്ന ഒരുപാട് ഫീച്ചറുകൾ ഇതിൽ വരുന്നു. ഈ വാച്ചിൽ സ്മാർട്ട് സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ഉപയോക്താക്കൾക്ക് ദിവസം മുഴുവൻ സജീവമായും ആരോഗ്യത്തോടെയും തുടരാനുള്ള ഒരു ഗൈഡാകും. അതോടൊപ്പം, ഹൃദയമിടിപ്പ്, ഉറക്ക നിരക്ക്, SpO2 ലെവലുകൾ എന്നിവ ട്രാക്ക് ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന 100ലധികം കായിക മോഡുകൾ വാച്ചിലുണ്ട്.