ബോട്ട് ആദ്യത്തെ സ്മാർട്ട് റിങ് അവതരിപ്പിച്ചു. Boat Smart Ring എന്നാണ് ഈ ഡിവൈസിന് പേര് നൽകിയിരിക്കുന്നത്. ഈ ഡിവൈസ് സ്മാർട്ട് വെയറബിൾ ഹെൽത്ത് മോണിറ്ററിങ്ങിന് പ്രധാന്യം നൽകുന്നു. ഹെൽത്ത് പാരാമീറ്ററുകൾ ട്രാക്കുചെയ്യുന്നതിന് പുറമേ മറ്റ് നിരവധി ഫീച്ചറുകളും ഈ മോതിരത്തിൽ ഉണ്ട്.
ഇന്ത്യയിലെ വെയറബിൾ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡിവൈസാണ് ഇത്. സ്മാർട്ട് വാച്ചുകൾ നൽകുന്ന പല ഫീച്ചറുകളും ഈ ചെറിയ വെയറബിൾ ഗാഡ്ജെറ്റിലൂടെ ലഭിക്കുന്നു. വലിയ സ്ക്രീൻ ഇല്ലെന്നത് മാത്രമാണ് വാച്ചിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. സ്മാർട്ട്ഫോണുമായി കണക്റ്റ് ചെയ്താണ് ബോട്ട് സ്മാർട്ട് റിങ് ഉപയോഗിക്കേണ്ടത്.ബോട്ട് സ്മാർട്ട് റിങ് മെറ്റാലിക് സിൽവർ നിറത്തിൽ മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്. ഈ മോതിരത്തിന് ഇന്ത്യയിൽ 8,999 രൂപ വിലയുണ്ട്. ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവ വഴി സ്മാർട്ട് റിങ് വിൽപ്പനയ്ക്കെത്തും. മൂന്ന് വലുപ്പങ്ങളിലാണ് മോതിരം ലഭിക്കുന്നത്.
ബോട്ട് സ്മാർട്ട് റിങ് ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ (SpO2) അളവ്, ഉറക്കം, ശരീരത്തിന്റെ താപനില എന്നിവ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യകാര്യങ്ങൾ നിരീക്ഷിക്കുന്നു. ബോട്ട് റിങ് ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇവയെല്ലാം ട്രാക്ക് ചെയ്യാൻ സാധിക്കും. നടന്ന സ്റ്റെപ്പുകൾ, കലോറി, സ്പോർട്സ് മോഡുകളുടെ ഒരു വലിയ നിര എന്നിവ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. ബോട്ട് റിങ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ബോട്ട് സ്മാർട്ട് റിങ്ങിൽ സ്വൈപ്പ് ചെയ്താൽ തന്നെ നിങ്ങൾക്ക് ഷോർട്ട്-ഫോം വീഡിയോ ആപ്പുകളിൽ നാവിഗേറ്റ് ചെയ്യാം എന്നാണ്. അതായത് റീൽസ് കാണുമ്പോൾ അടുത്തത് തിരഞ്ഞെടുക്കാനെല്ലാം മോതിരം സ്വൈപ്പ് ചെയ്താൽ മതിയാകും. ഏതൊക്കെ ആപ്പുകളിലാണ് ഇത് പ്രവർത്തിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇൻസ്റ്റഗ്രാമിൽ ബോട്ട് സ്മാർട്ട് റിങ്ങിലെ സ്വൈപ്പ് ഫീച്ചർ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ഫോണിൽ മ്യൂസിക് പ്ലേ ചെയ്യുമ്പോൾ ബ്രൗസ് ചെയ്യാനും പ്ലേ ചെയ്യാനും ട്രാക്കുകൾ മാറ്റാനുമെല്ലാം ബോട്ട് സ്മാർട്ട് റിങ്ങിലൂടെ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫോൺ ട്രൈപ്പോഡിൽ വച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ബോട്ട് സ്മാർട്ട് റിങ് ഉപയോഗിച്ച് റിമോട്ടായി ഫോട്ടോ എടുക്കാം.
SOS കോളുകൾ സെറ്റ് ചെയ്യാൻ ബോട്ട് സ്മാർട്ട് റിങ് ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു. സെറാമിക്, മെറ്റാലിക് വസ്തുക്കൾ കൊണ്ടാണ് ഈ റിങ് നിർമ്മിച്ചിരിക്കുന്നത്. 50 മീറ്റർ വരെ ആഴത്തിൽ വെള്ളത്തിൽ വീണാലും കേടാകാതിരിക്കാൻ 5 എടിഎം വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങും റിങ്ങിൽ കമ്പനി നൽകിയിട്ടുണ്ട്. ഈ ഡിവൈസ് 7 ദിവസത്തെ ബാറ്ററി ബാക്കപ്പ് നൽകുന്നുവെന്നും ചാർജർ ഉപയോഗിച്ച് വേഗത്തിലും എളുപ്പത്തിലും ചാർജ് ചെയ്യാൻ സാധിക്കുമെന്നും ബോട്ട് അറിയിച്ചു.