BSNL എന്ന് 4G എങ്കിലും കൊണ്ടുവരുമെന്ന് ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഈ വർഷം അവസാനത്തോടെ രാജ്യത്ത് പലയിടത്തേക്കും 4G എത്തിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒക്ടോബറിൽ 4G എത്തിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.
നവംബറിൽ ബിഎസ്എൻഎൽ തങ്ങളുടെ 4G കൊണ്ടുവരുമെന്നാണ് പുതിയ വാർത്ത. എന്നാൽ ഇതുവരെയും ബിഎസ്എൻഎൽ 4Gയുടെ പിന്നാമ്പുറ പ്രവർത്തനങ്ങളെ കുറിച്ചുള്ള സ്ഥിരീകരണം വന്നിട്ടില്ല.
BSNL 4G വന്നാൽ…
ഏറ്റവും കുറഞ്ഞ തുകയിൽ അധിക ആനുകൂല്യങ്ങൾ നൽകുന്നതിനാലാണ് പൊതുടെലികോം കമ്പനിയുടെ വരിക്കാരായി സാധാരണക്കാർ ഇപ്പോഴും തുടരുന്നത്. എന്നാൽ, ബിഎസ്എൻഎല്ലിൽ ഇന്റർനെറ്റിന് വേഗതയില്ലെന്നതാണ് പരക്കെയുള്ള പരാതി. അതിനാൽ തന്നെ നിരന്തരമായി ബിഎസ്എൻഎൽ വരിക്കാർ 4Gയ്ക്കായി ആവശ്യമുയർത്തുകയാണ്.
എങ്കിലും 4G വന്നാൽ സർക്കാർ ടെലികോം കമ്പനി തങ്ങളുടെ പ്ലാൻ നിരക്കും ഉയർത്തുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഇങ്ങനെയൊരു ആശങ്കയ്ക്ക് സാധ്യതയില്ലെന്നാണ് പുതിയ വിവരം.
ബിഎസ്എൻഎൽ നിരക്ക് കൂട്ടുമോ?
4ജി കണക്ഷൻ എത്തിച്ചാലും താരിഫ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. താരിഫ് വർധിപ്പിക്കാൻ പദ്ധതിയില്ലെന്നാണ് ബിഎസ്എൻഎൽ ബോർഡിലെ ഒരു ഡയറക്ടർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ടെലികോംടോക്ക് റിപ്പോർട്ട് ചെയ്യുന്നു. കമ്പനി നേരിട്ട് വില വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെങ്കിലും അത് പരോക്ഷമായി കൂട്ടിയേക്കാം എന്ന് പറയുന്നു.
കഴിഞ്ഞ വർഷം ബിഎസ്എൻഎൽ പല പ്ലാനുകളുടെയും വില ഉയർത്താതെ, ആനുകൂല്യങ്ങൾ ചുരുക്കിയിരുന്നു. ഇതേ രീതി കമ്പനി 4G വന്നാലും നടപ്പിലാക്കുമോ എന്ന ആശങ്കയുണ്ട്. അതിനാലാണ് പ്ലാനുകൾക്ക് ചെലവാക്കുന്ന തുക ഉയർത്താതെ ബിഎസ്എൻഎൽ അവയുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചേക്കാം എന്ന് പറയുന്നത്. ഇത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് നഷ്ടത്തിൽ നിന്ന് ഭേദപ്പെട്ട വരുമാനത്തിലേക്ക് എത്താനുള്ള തുറുപ്പുചീട്ട് കൂടിയാണ്.
BSNL 4G എവിടെ വരെ എത്തി?
ഏതാനും മാസങ്ങൾക്ക് മുമ്പ് പഞ്ചാബിൽ കമ്പനി ബീറ്റ 4G സൈറ്റുകൾ ആരംഭിച്ചിരുന്നു. പഞ്ചാബ്, കേരളം പോലെ കമ്പനിയ്ക്ക് വരുമാനം നൽകുന്ന സംസ്ഥാനങ്ങളിലായിരിക്കും ആദ്യം 4G കൊണ്ടുവരികയെന്നും വാർത്തകളുണ്ടായിരുന്നു.
1.6 ബില്യൺ രൂപ BSNLന് കേന്ദ്രം അനുവദിച്ചിരുന്നു. 5Gയിലേക്ക് അപ്ഡേറ്റ് ചെയ്തു നിൽക്കുന്ന ജിയോയുടെയും എയർടെല്ലിന്റെയും സ്വാധീനത്തെ കുറച്ചെങ്കിലും കുറയ്ക്കാൻ ബിഎസ്എൻഎല്ലിന്റെ അപ്ഡേഷൻ സഹായിക്കുമെന്നാണ് കരുതുന്നത്.
ഒരു വർഷത്തിനുള്ളിൽ 1 ലക്ഷം BTS വിന്യസിക്കാനായിരുന്നു ബിഎസ്എൻഎല്ലിന്റെ പദ്ധതി. ഒക്ടോബറിലോ നവംബറിലോ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാൽ, ഇതുവരെയും ഇത് സംബന്ധിച്ച് അപ്ഡേറ്റുകൾ ലഭിച്ചിട്ടില്ല. 4ജി എത്തിച്ച് കഴിഞ്ഞ് 1 വർഷത്തിനുള്ളിൽ 5Gയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും കമ്പനി പദ്ധതിയിട്ടിരുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile