വോഡാഫോൺ- ഐഡിയ (Vodafone Idea) തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ (prepaid plan) അവതരിപ്പിച്ചു. ആകർഷകമായ പ്ലാനുകളാണ് വിഐ (vi) പുറത്തിറക്കിയത്. ഈ പ്ലാനുകൾ ഒരു വർഷം വാലിഡിറ്റി നൽകുന്നവയാണ്. വോയിസ് കാൾ ടൈമിനൊപ്പം, ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനുകളിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.
വിഐയുടെ ബിഞ്ച് ഓൾ നൈറ്റ് അടക്കമുള്ള ആനുകൂല്യങ്ങളും പുതിയ പ്ലാനിലൂടെ ലഭിക്കും. 2999 രൂപയാണ് പുതിയ വാർഷിക പ്രീപെയ്ഡ് പ്ലാനിന്റെ വില. പോസ്റ്റ് പെയ്ഡ് വിഭാഗത്തിലെ ചില പ്ലാനുകളുടെ താരിഫ് നിരക്കുകളും കമ്പനി കുറച്ചതായി റിപ്പോർട്ടുകളുണ്ട്. വിഐയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ എയർടെൽ, ജിയോ എന്നിവയുടെ വാർഷിക പ്ലാനുകളോട് മത്സരിക്കാൻ പോന്നവയാണ്.
2999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിൽ ഉപഭോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 850 ജിബി ഡാറ്റയും ഇതോടൊപ്പം ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ദിവസവും 100 എസ്എംഎസുകൾ അയയ്ക്കാം. കൂടാതെ ബിഞ്ച് ഓൾ നൈറ്റ് ആനുകൂല്യങ്ങൾ രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ ലഭിക്കും.
വോഡഫോൺ ഐഡിയ രണ്ട് വാർഷിക പ്ലാനുകളാണ് നൽകുന്നത്. 2,899 രൂപ വിലയുള്ള വിഐയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി തരുന്നു. ദിവസവും 1.5ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 2 ജിബി വരെ ബാക്കപ്പ് ഡാറ്റയും വീക്കെൻഡ് ഡാറ്റ റോൾഓവറും ഈ പ്ലാനിന്റെ പ്രത്യേകതയാണ്.
മറ്റൊരു വാർഷിക പ്ലാനിന് 3,099 രൂപയാണ് വില. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിൽ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുക .ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും. 365 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി.
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് പോകുന്ന ആളുകൾക്ക് ഉപകാരപ്പെടുന്ന പ്ലാനുകളാണ് ഐആർ അഥവാ ഇന്റർനാഷൺൽ റോമിങ് പ്ലാനുകൾ. ഈ പ്ലാനുകളിലൂടെ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര റോമിങ് ആനുകൂല്യങ്ങൾ ലഭിക്കും. പ്ലാനുകൾ കോളിങ്, എസ്എംഎസ്, ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നവയാണ്.