ഗ്രാമീണ ജനതയെ ഡിജിറ്റലായി കണക്ടഡ് ആക്കുക എന്ന ലക്ഷ്യത്തോടെ റീട്ടെയില്‍ വിപുലീകരണ നീക്കങ്ങള്‍ നടത്തുന്ന രാജ്യത്തെ മുന്നിര ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ (വി) കേരളത്തില്‍ പുതിയ രീതിയിലുള്ള 80 വി ഷോപ്പുകള്‍ ആരംഭിച്ചു. ഉപജില്ലാ തലത്തില്‍ റീട്ടെയില്‍ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യവുമായി പയ്യോളി, പെരിങ്ങത്തൂര്‍, ഇരിട്ടി, നീലേശ്വരം, തഴവ, തുറവൂര്‍, പാമ്പാടി, പൈക, അയര്‍ക്കുന്നം, കുളനട, റാന്നി, പാലോട് തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്.
വി പ്രീ പെയ്ഡിന്‍റെ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. ഈ മേഖലകളിലെ പുതുതലമുറ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തങ്ങളായ പദ്ധതികളും ആനുകൂല്യങ്ങളും അതിവേഗത്തില്‍ കൂടുതല്‍ കാര്യക്ഷമമായി നല്‍കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, യുപി വെസ്റ്റ് തുടങ്ങിയ അഞ്ചു സര്‍ക്കിളുകളിലായി 300 വി ഷോപ്പുകളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. വരും മാസങ്ങളില്‍ ഗ്രാമീണ മേഖലയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കും വിധം കൂടുതല്‍ മേഖലകളിലേക്കു വിപുലമാക്കാനും ഉദ്ദേശിക്കുന്നുണ്ട്.
മൂന്നാംനിര പട്ടണങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഒരേ രീതിയിലുള്ള വി സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് വി ഷോപ്പുകളുടെ ആശയം. നഗര മേഖലകളിലുള്ള നിലവിലെ വി സ്റ്റോറുകളുടെ സവിശേഷമായ രീതി പുതിയ സംവിധാനത്തിലൂടെ ലഭ്യമാക്കും.
നവീനമായ ആശയങ്ങളും സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതില്‍ വി എന്നും മുന്നിലാണെന്ന് പുതിയ നീക്കത്തെ കുറിച്ച് വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത്ത് കിഷോര്‍ പറഞ്ഞു. നേരിട്ടുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇപ്പോഴും മുന്‍ഗണന നല്‍കുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ഗ്രാമീണ മേഖലയിലുണ്ട്.
ഇതിനു പുറമെ ഇന്ത്യയിലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത് ഗ്രാമീണ മേഖലയാണ്. വി ഷോപ്പ് ആശയത്തിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ മെച്ചപ്പെട്ട ഭാവിക്കായി ഡിജിറ്റലായി കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.