Jio, Airtel, Vodafone Idea ഓപ്പറേറ്റർമാരോട് പുതിയ നിർദേശവുമായി TRAI. ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ അവരുടെ ആപ്പുകളും പോർട്ടലുകളും നവീകരിക്കാനാണ് അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് Spam Calls റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം പോർട്ടലുകളിൽ ഒരുക്കുന്നതിന് വേണ്ടിയാണ്. വ്യാജ കോളുകളെ കുറിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നത് കൂടുതൽ സൌകര്യപ്രദമാക്കുന്നതിനായാണ് നടപടി.
സ്പാം എന്നറിയപ്പെടുന്ന അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷന്റെ (യുസിസി) പ്രശ്‌നം ലഘൂകരിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് ടെലികോം വകുപ്പ് കമ്പനികൾക്ക് നിർദേശം നൽകിയത്.
ജിയോ, എയർടെൽ എന്നിവർക്കെല്ലാം മൊബൈൽ ആപ്പുകളും വെബ് പോർട്ടലുകളുമുണ്ട്. ഇതിലൂടെ വരിക്കാർക്ക് ലഭിക്കുന്ന സ്പാം കോളുകൾ റിപ്പോർട്ട് ചെയ്യണം. ഇങ്ങനെ സാധാരണക്കാർ കെണികളിൽ അകപ്പെടാതെ നിയന്ത്രിക്കാം.
യുസിസി പരാതി രജിസ്ട്രേഷൻ മൊബൈൽ ആപ്ലിക്കേഷനുകളിലും വെബ്സൈറ്റുകളിലും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയണം. സ്പാം കോളുകളെയാണ് യുസിസി എന്നറിയപ്പെടുന്നത്. ഇക്കാര്യം ടെലികോം ഓപ്പറേറ്റർമാർ ഉറപ്പുവരുത്തണമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി നിർദേശിച്ചു.
വരിക്കാർക്ക് അവരുടെ കോൾ ലോഗുകളും മറ്റും ആക്‌സസ് ചെയ്യാൻ അനുമതി നൽകുന്നതും മികച്ചതായിരിക്കും. ഇങ്ങനെ പരാതികളുടെ രജിസ്‌ട്രേഷന് അവശ്യമായ വിവരങ്ങൾ വരിക്കാർക്ക് തന്നെ കണ്ടെത്താനാകും. ഇങ്ങനെ സ്പാം കോളുകളെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ട്രായ് പറയുന്നത്.
മുൻ ത്രൈമാസ റിപ്പോർട്ടിങ് സൈക്കിളിൽ നിന്ന് വ്യത്യസ്തമായുള്ള സമീപനത്തിലേക്കാണ് ട്രായ് നീങ്ങുന്നത്. ഇനിമുതൽ പ്രതിമാസ അടിസ്ഥാനത്തിൽ പെർഫോമൻസ് മോണിറ്ററിങ് റിപ്പോർട്ട് സമർപ്പിക്കണം. എല്ലാ ടെലികോം ഓപ്പറേറ്റർമാരോടുമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി നിർദേശിച്ചിട്ടുള്ളത്.
പരാതികൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് വിശദമാക്കുന്ന വിവരങ്ങൾ നിലവിലെ റിപ്പോർട്ടുകളിലില്ല. ഇതിനായി ഇനിയുള്ള മാസ റിപ്പോർട്ടിൽ ചില വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് ട്രായ് ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്ത ടെലിമാർക്കറ്റുകളുമായുള്ള (ആർടിഎം) പരാതികൾ ഇതിലുണ്ടാകണം.
രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റുകളുമായി (UTM) ബന്ധപ്പെട്ട പരാതികളും നൽകിയിരിക്കണം. UTM ലംഘനത്തിലൂടെ വിച്ഛേദിക്കപ്പെട്ട നമ്പരുകളുടെ വിവരങ്ങളും ട്രായ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ മൊബൈൽ നമ്പർ/ലാൻഡ്‌ലൈൻ നമ്പർ/എസ്ഐപി/പിആർഐ ബ്ലാക്ക്‌ലിസ്റ്റ് വിവരങ്ങൾ ഉൾപ്പെടുന്നു.