രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്ററാണ് ഭാരതി എയർടെൽ. ആകർഷകമായ പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് റിലയൻസ് ജിയോയുമായി പോരിടുന്ന എയർടെലിൽ നിന്നും എന്നാൽ ഇപ്പോൾ വരുന്നത് അത്ര ശുഭകരമായ വാർത്തയല്ല.
കാരണം Airtel തങ്ങളുടെ താരിഫ് പ്ലാനുകളുടെ വില വർധിപ്പിക്കുമെന്നാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ ഇനി മുതൽ ചെലവേറിയതായിരിക്കും. എന്നാൽ എല്ലാ പ്രദേശങ്ങിലും താരിഫ് വർധനവ് ഏർപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ഏതാനും സംസ്ഥാനങ്ങളിലാണ് എയർടെല്ലിന്റെ പ്ലാനിന്റെ (Airtel plan) ചെലവ് വർധിപ്പിച്ചിരിക്കുന്നത്. ഏത് പ്ലാനിന്റെ വിലയാണ് ഉയർത്തിയതെന്നും ഈ പ്ലാൻ എവിടെയെല്ലാമാണ് പ്രാബല്യത്തിൽ വരുന്നതെന്നും അറിയാം.
എയർടെൽ തങ്ങളുടെ എൻട്രി ലെവൽ പ്ലാനിന്റെ വില (Recharge plan hike) വർധിപ്പിച്ചിരിക്കുകയാണ്. അതായത്, Airtelന്റെ ഏറ്റവും വിലകുറഞ്ഞ 99 രൂപയുടെ പ്ലാനിന് ഇനിമുതൽ കൂടുതൽ പണം നൽകേണ്ടതായി വരും. 28 ദിവസത്തെ വാലിഡിറ്റിയുള്ള 99 രൂപയുടെ റീചാർജ് പ്ലാൻ ഇനി 155 രൂപയിലാണ് ലഭിക്കുക. എന്നാൽ ഇത് ചില പ്രദേശങ്ങളിൽ മാത്രമാണ് പ്രാബല്യത്തിലുള്ളത്.
ഉത്തർപ്രദേശ്, ബിഹാർ, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ ഏഴ് സർക്കിളുകളിൽ 99 രൂപയുടെ പ്ലാൻ 155 രൂപയായി മാറ്റിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ഒഡീഷയിലും ഹരിയാനയിലും ഈ താരിഫ് വർധനവ് നടപ്പിലാക്കിയിരുന്നു.
എയർടെല്ലിന്റെ 155 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ്, 1GB ഡാറ്റ എന്നിവ ലഭിക്കും. ഇതാണ് ഇപ്പോൾ കമ്പനിയുടെ എൻട്രി ലെവൽ പ്ലാൻ ആയി മാറിയിരിക്കുന്നത്. ജമ്മു കശ്മീർ, രാജസ്ഥാൻ, നോർത്ത് ഈസ്റ്റ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്ലാനിന് 99 രൂപയ്ക്ക് പകരം 155 രൂപയാക്കി. താമസിയാതെ കമ്പനി ഇത് ഇന്ത്യയിലുടനീളം വ്യാപിപ്പിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്.