ഇന്ത്യയും അൽപം വൈകിയാണെങ്കിലും 5G കുതിപ്പിലാണ്. എന്നാൽ പുറത്ത് എന്താണ് 5Gയിൽ സംഭവിക്കുന്നതെന്ന് അറിയാമോ? ജിയോയും എയർടെലുമെല്ലാം രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ വരെ 5G എത്തിച്ചെങ്കിലും അത് അവരുടെ വരുമാനത്തിൽ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല എന്ന് പറഞ്ഞിരുന്നു. 2019 ഡിസംബറിൽ യൂറോപ്യൻ രാജ്യങ്ങളിലും 5G ആരംഭിച്ചു. എങ്കിലും മറ്റ് രാജ്യങ്ങളിലെ, പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ 5G സേവനം എങ്ങനെയാണെന്നതിൽ വ്യക്തതയുണ്ടോ?
യൂറോപ്യൻ മേഖലയിലെ ടെലികോം ഭീമന്മാരാകട്ടെ ഗൂഗിളിൽ നിന്നും മൈക്രോസോഫ്റ്റിൽ നിന്നുമെല്ലാം ഫീസ് ആവശ്യപ്പെടുന്നതായാണ് ലഭിക്കുന്ന വിവരം. അതായത്, ടെക് കമ്പനികളിൽ നിന്ന് ടെലികോം ഓപ്പറേറ്റർമാർ 'ഫെയർ ഷെയർ' ഫീസ് ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും 5G റോളൗട്ടിനെ സഹായിക്കുന്നതിനുമായാണ് ഈ നിരക്ക് ആവശ്യപ്പെടുന്നതെന്നും ടെലികോം കമ്പനികൾ പറയുന്നു.
ടെലികോം കമ്പനികൾ കെട്ടിപ്പൊക്കിയ ഇന്റർനെറ്റ് സംവിധാനങ്ങൾ ഗൂഗിൾ, ആപ്പിൾ, മെറ്റാ, നെറ്റ്ഫ്ലിക്സ്, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ Tech companyകൾ വിനിയോഗിച്ച് ലാഭമുണ്ടാക്കുന്നുവെന്നും, ഇവ ഒരു ലോബിയായി പ്രവർത്തിക്കുകയാണെന്നും Telecom ഓപ്പറേറ്റർമാർ അവകാശപ്പെടുന്നു. അതിനാലാണ് ഇവരിൽ നിന്നും ഇനിമുതൽ ഫെയർ ഷെയർ നിരക്ക് ഈടാക്കാനായി തീരുമാനിച്ചിട്ടുള്ളത്. കോടിക്കണക്കിന് പണമാണ് ടെലികോം കമ്പനികൾ 5G പോലുള്ള ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിച്ചത്. ഇതിന്റെ പിൻബലത്തിലാണ് വൻകിട ഇന്റർനെറ്റ് സ്ഥാപനങ്ങൾ തങ്ങളുടെ ബിസിനസുകൾ കെട്ടിപ്പടുത്തിയിരിക്കുന്നതെന്ന് ടെലികോം കമ്പനികൾ പറയുന്നു. അതുകൊണ്ട് തന്നെ യൂറോപ്പിലുടനീളമുള്ള 5G സേവനങ്ങൾക്കും ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കും ടെക് കമ്പനികൾ പണം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
5Gയ്ക്കായി നിരക്ക് ഈടാക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികൾ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സമീപിച്ചിരുന്നു. ഈ വിഷയത്തിൽ യൂറോപ്യൻ കമ്മീഷനുമായി ചർച്ചയും സംഘടിപ്പിച്ചു. ഇതിന്റെ തീരുമാനം മെയ് 19 വെള്ളിയാഴ്ച വെളിപ്പെടുത്തും.
എന്നാൽ നെറ്റ്‌വർക്ക് ചെലവുകൾക്കായി അധിക നിരക്ക് ടെക് കമ്പനികളിൽ നിന്നും ഈടാക്കരുതെന്നും ഇതിനുള്ള ആവശ്യം നിരസിക്കണമെന്നും വാട്സ്ആപ്പിന്റെയും ഫേസ്ബുക്കിന്റെയും ഉടമസ്ഥതയിലുള്ള മെറ്റ നിർദേശിച്ചു. ഇത് സ്വകാര്യമേഖലയിലേക്ക് ടെലികോം മേഖലയുടെ കൈയേറ്റത്തിന് വഴിവയ്ക്കുമെന്നും, കൂടുതൽ വികസനത്തിനെയും ടെക് മേഖലയിലെ നിക്ഷേപത്തിനെയും ഈ നീക്കം തടയിടുമെന്നുംം Tech Companyകൾ വിമർശനം ഉയർത്തുന്നുണ്ട്.