Jioയും Airtelഉം വാലിഡിറ്റി അധികമുള്ള, കുറഞ്ഞ വില മാത്രം ചെലവാകുന്ന റീചാർജ് പ്ലാനുകളാണ് കൊണ്ടുവരുന്നത്. അതിനാൽ തന്നെ മറ്റ് ടെലികോം ഓപ്പറേറ്റർമാരെ വിട്ട് വരിക്കാർ ഇരുവരിലേക്കും ചേക്കേറുന്നു. പോരാത്തതിന് ഇന്ത്യയിൽ പറന്നുനടന്ന് 5G കണക്ഷൻ നൽകുന്നതിലും ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
എയർടെലിന്റെയും ജിയോയുടെയും പോരാട്ടത്തിനിടെ പിടിച്ചുനിൽക്കാനുള്ള അത്താണിയാണ് കേന്ദ്രസർക്കാരിന്റെ സ്വന്തം BSNLന് വേണ്ടത്. ഇതിനായി കേന്ദ്ര മന്ത്രിസഭ 89,047 കോടി രൂപയുടെ മൂന്നാമത്തെ പുനരുജ്ജീവന പാക്കേജും കമ്പനിയ്ക്ക് അനുവദിച്ചു. എങ്കിലും BSNL കരകയറുമോ എന്നത് കണ്ടറിയേണ്ട ഭാവി തന്നെയാണ്. 4G നെറ്റ്‌വർക്കിന്റെ അഭാവമാണ് ബിഎസ്എൻഎല്ലിന്റെ വീഴ്ചയ്ക്ക് കാരണം. ടെലികോം മേഖലയിൽ
തളർന്നുകിടക്കുന്ന വിഐയ്ക്കും നെറ്റ്‌വർക്ക് കണക്ഷനുണ്ട്. അതിനാൽ തന്നെ ഏറ്റവും പിന്നിൽ BSNL ആണെന്നത് നിസ്സംശയം പറയാം. എന്നാൽ 2023 അവസാനിക്കുന്നതിന് മുന്നേ BSNL പച്ചപിടിക്കുമെന്നാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നത്.
ഈ വർഷം ഒക്‌ടോബറോ നവംബറോ ആകുമ്പോഴേക്കും തങ്ങളിൽ നിന്ന് വരിക്കാരെ നഷ്ടമാകുന്നത് കുറയ്ക്കാനാകുമെന്നാണ് മന്ത്രി പറയുന്നത്. BSNLന്റെ 4G ഈ കാലയളവിൽ സംഭവിക്കുകയാണെങ്കിൽ വരിക്കാർ കൊഴിഞ്ഞുപോകുന്നത് കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ 4Gയും 5Gയും പുറത്തിറങ്ങി കഴിഞ്ഞാൽ, ബിഎസ്എൻഎല്ലിന് വരിക്കാരെ നഷ്‌ടമാകുന്നത് അവസാനിപ്പിക്കാനാകുമെന്നും കേന്ദ്ര മന്ത്രി വൈഷ്ണവ് പറഞ്ഞു.
സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരോട് ശക്തമായ മത്സരം നടത്താൻ BSNLന് കഴിയും. 89,047 കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം കമ്പനിയ്ക്ക് നൽകുന്നത്. നിലവിൽ BSNLന്റെ വരിക്കാരെല്ലാം സ്വകാര്യ ടെലികോം കമ്പനികളിലേക്കാണ് നീങ്ങുന്നത്. എന്നാൽ അതിവേഗ ഇന്റർനെറ്റ് വരുന്നത് ഇതിന് പരിഹാരമാകും.
2023 മാർച്ച് വരെയുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പരിശോധിച്ചാൽ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ ചേർന്ന് രാജ്യത്തെ 103.68 ദശലക്ഷം വരിക്കാരുള്ള മൊബൈൽ സെഗ്‌മെന്റിൽ 90.73 ശതമാനം വിപണി വിഹിതവും കൈവശപ്പെടുത്തിയിരിക്കുന്നു. എന്നാൽ BSNLനാകട്ടെ 9.27 ശതമാനം വിപണി വിഹിതം മാത്രമാണുള്ളത്. പൊതുമേഖല കമ്പനിയ്ക്ക് നഷ്ടമായതാകട്ടെ 50,000 വരിക്കാരെയുമാണ്.
എന്നിരുന്നാലും, പ്രതിമാസം 1 ലക്ഷത്തിലധികം പുതിയ കണക്ഷനുകൾ സമീപകാലത്ത് കമ്പനിയ്ക്കുണ്ടായിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ മൊത്തം ഹോം ഫൈബർ വരിക്കാരിലും വളർച്ചയുണ്ടായതായാണ് കണക്കുകൾ. ഇനി 4G, 5G കൂടി എത്തിയാൽ കമ്പനിയ്ക്ക് ഒരു തിരിച്ച് വരവ് സാധ്യമാണ് എന്നുതന്നെയാണ് പ്രതീക്ഷ.