പരിധിയില്ലാതെ 5G ഡാറ്റ ഓഫർ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി ജിയോയ്ക്കും എയർടെലിനും എതിരെ വോഡഫോൺ ഐഡിയ ടെലികോം അതോറിറ്റിയെ സമീപിച്ചിരുന്നു. Jio, Airtel എന്നിവർ അൺലിമിറ്റഡ് 5G ഡാറ്റ നൽകുന്നത് ടെലികോം വ്യവസായത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നാണ് Vi പരാതിപ്പെട്ടത്. എന്നാൽ, വരിക്കാർക്ക് അൺലിമിറ്റഡ് ഡാറ്റ ഓഫർ നൽകാൻ സാധിക്കുന്നതല്ല എന്ന പറയുന്ന നിയമങ്ങളൊന്നും നിലവിലില്ല. അതിനാൽ തന്നെ ടെലികോം കമ്പനികൾക്ക് എതിരെ നടപടി എടുക്കാനും ഒരുപക്ഷേ TRAIയ്ക്ക് സാധിക്കുന്നതല്ല.
എങ്കിലും 5G അൺലിമിറ്റഡ് ഡാറ്റ ഓഫറുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഒരു തീരുമാനത്തിൽ എത്താൻ പ്രയാസപ്പെടുകയാണ്. ഇതിൽ ശരിയായ ഒരു മാർഗനിർദേശം നൽകണോ വേണ്ടയോ എന്നാണ് റെഗുലേറ്ററി ബോഡി ചിന്തിക്കുന്നത്.
എന്തെന്നാൽ, അൺലിമിറ്റഡ് ഡാറ്റ ഓഫർ നൽകുന്നതിൽ വിലക്ക് ഏർപ്പെടുത്താനുള്ള നിയമങ്ങളൊന്നും ബാധകമല്ലെങ്കിലും, പരിധിയില്ലാതെ ഡാറ്റ നൽകുമ്പോൾ അത് ടെലികോം മേഖലയിൽ സാമ്പത്തികമായി പ്രശ്നം സൃഷ്ടിക്കുന്നുണ്ടെങ്കിൽ TRAIയ്ക്ക് നടപടി എടുക്കാനാകും. ടെലികോം മേഖലയുടെ ദീർഘകാല വളർച്ചയ്ക്ക് അവ നല്ലതല്ലെങ്കിൽ ഇങ്ങനെ അൺലിമിറ്റഡ് 5G നൽകുന്നത് നിർത്താൻ നടപടിയെടുക്കാം. Telecom മേഖലയുടെ സാമ്പത്തിക ഭദ്രത മുൻനിർത്തി, ഇത്തരത്തിൽ ഒരു വിലക്ക് കൊണ്ടുവന്നാൽ ജിയോയും എയർടെലും നിയമപരമായി നീങ്ങുകയും കോടതിയിൽ അത് ചോദ്യം ചെയ്യപ്പെടുകയും ചെയ്തേക്കും. ഇത്തരം ഒരു സാഹചര്യത്തിൽ അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ പൂർണമായും നിർത്താൻ ടെലികോം കമ്പനികൾക്ക് നിർദേശം നൽകാൻ സാധിക്കില്ല. പകരം 400-500GB പോലെയുള്ള ഡാറ്റ പരിധി നിശ്ചയിക്കാൻ ടെലികോം ഓപ്പറേറ്റർമാരോട് ട്രായിക്ക് ആവശ്യപ്പെടാം.
ടെലികോം കമ്പനികൾ തങ്ങളുടെ വരിക്കാരിൽ നിന്ന് 5Gയ്ക്കായി പ്രത്യേക നിരക്കൊന്നും ആവശ്യപ്പെടുന്നില്ല. മാത്രമല്ല, ഏറ്റവും മികച്ച 5G കവറേജ് നൽകുന്നതിനായി ഇവർ പ്രവർത്തിക്കുന്നുമുണ്ട്. അതും 4Gയിൽ നിന്നും 5Gയിലേക്കുള്ള കുതിപ്പിൽ ഇന്ത്യൻ ടെലികോം രംഗത്ത് ഇരുവരുടെയും സംഭാവനയും നിർണായകം തന്നെ. അതിനാൽ തന്നെ പരിധിയില്ലാതെ 5G നൽകുന്നതിൽ ജിയോയെയും എയർടെല്ലിനെയും എങ്ങനെ നിയന്ത്രിക്കാമെന്നതിൽ ആശങ്കയിലാണ് ടെലികോം അതോറിറ്റി.