ടെലികോം ഭീമനായ ജിയോ- Jio അടുത്തിടെ 61 രൂപയ്ക്ക് പുതിയ 5G ഡാറ്റ പ്ലാൻ അവതരിപ്പിച്ചു. ഈ പ്ലാൻ അതിന്റെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമായുള്ളതാണ്. ജിയോ 80 ഓളം ഇന്ത്യൻ നഗരങ്ങളിൽ 5ജി സേവനം ഉറപ്പാക്കിയതിന് പിന്നാലെയാണ്, ഈ 5ജി റീചാർജ് പ്ലാനും അവതരിപ്പിച്ചിരിക്കുന്നത്.
മിതമായ നിരക്കിൽ 5G ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന ഒരു പ്ലാനാണ് റിലയൻസ് ജിയോയുടെ ഈ 61 രൂപയുടെ പാക്കേജ്. ഇത് നിങ്ങൾക്ക് 6GBയുടെ 5G ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ശ്രദ്ധിക്കേണ്ടത്, പുതുതായി പ്രഖ്യാപിച്ച ഈ ₹61 പ്ലാൻ ഒരു ഡാറ്റ വൗച്ചറാണ്. 6 ജിബി ഡാറ്റ വിനിയോഗത്തിന് ശേഷം ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയും. ഉപയോക്താവിന്റെ സജീവ റീചാർജ് പ്ലാനിന്റെ അതേ സാധുതയോടെയാണ് ഇതും വരുന്നത്. കൂടാതെ ₹119, ₹149, ₹179, ₹199, ₹209 എന്നീ പാക്കുകളുമായി 61 രൂപ പ്ലാൻ സംയോജിപ്പിക്കാനും സാധിക്കുന്നതാണ്.
ഇതുവരെ, ജിയോ ഉപയോക്താക്കൾക്ക് 239 രൂപയോ അതിൽ കൂടുതലോ റീചാർജ് പ്ലാൻ വാങ്ങിയാൽ മാത്രമേ 5G ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ കഴിയൂ. ₹61 വൗച്ചറുകൾ ലഭ്യമാകുന്നതോടെ, കുറഞ്ഞ തുകയുടെ റീചാർജ് പ്ലാൻ ഉള്ളവർക്കും 5G സേവനങ്ങൾ ഉപയോഗിക്കാനാകും. മുകളിൽ സൂചിപ്പിച്ച പ്ലാനുകളിൽ മാത്രമേ ഈ വൗച്ചർ പ്രവർത്തിക്കൂ എന്നതാണ് ശ്രദ്ധേയമായ കാര്യം.
5G സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളുടെ ഉപകരണം 5G അനുയോജ്യമായിരിക്കണം. കൂടാതെ 5G നിങ്ങളുടെ നഗരത്തിലും ലഭ്യമായിരിക്കണം. കേരളത്തിൽ നിലവിൽ കൊച്ചി, ഗുരുവായൂർ, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജിയോ ട്രൂ 5ജി ലഭിക്കുന്നു.
ഈ വൗച്ചർ വാങ്ങുന്നതിന് മുമ്പ്, നിങ്ങൾക്ക് ജിയോ 5G വെൽക്കം ഓഫർ ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമേ പ്രയോജനമുള്ളൂ. 2022 ഒക്ടോബർ 1 നാണ് 5G ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജിയോ 5ജി അവതരിപ്പിച്ചത്. നേരത്തെ ഏതാനും മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സേവനത്തിന്റെ ലഭ്യത പതുക്കെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും എത്തിക്കുകയാണ്. റിലയൻസ് ജിയോ ഇപ്പോൾ രാജ്യത്തെ 88 നഗരങ്ങളിൽ 5G സേവനങ്ങൾ വിന്യസിച്ചിട്ടുണ്ട്. 2023ൽ കൂടുതൽ നഗരങ്ങളിലേക്ക് 5G എത്തിക്കാനാണ് ടെലികോം കമ്പനി ലക്ഷ്യമിടുന്നത്.