RL AGM 2023: ജിയോയുടെ 5G പ്ലാനുകൾ ഡിസംബറിൽ എത്തും

RL AGM 2023: ജിയോയുടെ 5G പ്ലാനുകൾ ഡിസംബറിൽ എത്തും
HIGHLIGHTS

46-ാമത് RL AGM ഇവന്റിൽ പുതിയ പ്രഖ്യാപനം നടത്തി മുകേഷ് അംബാനി

ജിയോയുടെ 5G പ്ലാനുകൾ ഡിസംബറോടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും

ജിയോ എയർഫൈബർ സെപ്തംബർ 19-ന് ആരംഭിക്കും

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ‍് ചെയർമാൻ മുകേഷ് അംബാനി 46-ാമത് RL AGM ഇവന്റിൽ പുതിയ പ്രഖ്യാപനം നടത്തി. ജിയോയുടെ 5ജി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഡിസംബറോടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്ന് അംബാനി അറിയിച്ചു. വയർലെസ് ഇന്റർനെറ്റ് സേവനമായ ജിയോ എയർഫൈബർ സെപ്തംബർ 19-ന് ആരംഭിക്കുമെന്നും ഇദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജിയോ രാജ്യത്ത് 5ജി അവതരിപ്പിച്ചത്. 

 ഡിസംബർ അവസാനത്തോടെ 5G ലഭ്യമാക്കും

2023 ഡിസംബർ അവസാനത്തോടെ ഇന്ത്യയിലുടനീളം 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കും എന്നാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ കണക്കിൽ നഗരങ്ങളിൽ 96 ശതമാനവും 5ജി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. ബാക്കിയിടങ്ങളിൽ ഈ വർഷം അവസാനത്തോടെ 
5ജി സേവനം അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഈ വർഷം അവസാനം തന്നെ 5ജി പ്ലാനുകൾ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. താങ്ങാനാകുന്ന നിരക്കിൽ ആയിരിക്കും ജിയോയുടെ 5ജി പ്ലാനുകൾ എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്ത് ഉപയോ​ഗിക്കുന്ന 5ജി സേവനങ്ങളിൽ 85 ശതമാനവും ജിയോയുടെ നെറ്റ്വർക്കിന്റെ ഭാ​ഗമാണ്. ഡിസംബർ മാസത്തോടെ ഒരു ദശലക്ഷം പ്രവർത്തനക്ഷമമായ 5ജി സെല്ലുകൾ ഉണ്ടാക്കിയെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് പുറമെ 4ജി 
സേവനം ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾക്ക് അധിക ചിലവ് ഇല്ലാതെ തന്നെ 5ജിയിലേക്ക് മാറാനുള്ള അവസരവും സാധ്യമാക്കും. 

ജിയോ ഫൈബർ സെപ്തംബർ 19ന് അവതരിപ്പിക്കും 

ജിയോ ഫൈബർ സെപ്തംബർ 19 ന്  ഗണേശ ചതുർത്ഥിയോടനുബന്ധിച്ചായിരിക്കും ജിയോ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിക്കുക. ഇത് ഉപയോഗിക്കപ്പെടാത്ത ഇന്ത്യൻ ഹോം സെഗ്മെന്റിലെ വരുമാന വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ജിയോ എയർഫൈബർ എത്തുന്നതോടെ കമ്പനിക്ക് പ്രതിദിനം 150,000 കണക്ഷനുകൾ വരെ വാഗ്ദാനം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200 ദശലക്ഷത്തിലധികം കുടുംബങ്ങളിലേക്ക് ഈ സേവനം എത്തിക്കാനായി ഞങ്ങൾ പ്രവർത്തിക്കുമെന്നും ഇദ്ദേഹം പറയുന്നു. 

എയർ ഫൈബറിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം 

ജിയോ എയർ ഫൈബറിന്റെ സേവനത്തിനായി ഉപഭോക്താക്കൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് പരിശോധിക്കാം. ഇതിനായി ആദ്യമായി ഉപഭോക്താക്കൾ മൈ ജിയോ ആപ്പിലോ അല്ലെങ്കിൽ ജിയോ ഡോട്ട് കോം എന്ന ഔദ്യോ​ഗിക വെബ്സൈറ്റോ സന്ദർശിക്കണം. ഇതിന് ശേഷം നിങ്ങളുടെ വീട്, ഓഫീസ് അഡ്രസ് നൽകേണ്ടതാണ്. തുടർന്ന് കമ്പനി നെറ്റ്വർക്ക് ലഭ്യത പരിശോധിക്കുകയും ഇതിന് ശേഷം നിങ്ങളെ ബന്ധപ്പെടുകയും ചെയ്യുന്നതാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo