Jio എയർഫൈബർ (Jio AirFiber) സേവനങ്ങളുടെ പുത്തൻ പട്ടികയിൽ കേരളത്തിന് ഇടമില്ല. എട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ജിയോ എയർഫൈബർ സേവനം ആരംഭിച്ചത്. വൈകാതെ തന്നെ മറ്റ് നഗരങ്ങളിലേക്കും എയർഫൈബർ സേവനം വ്യാപിപ്പിപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് ജിയോയുടെ എയർഫൈബർ സേവനം വളർന്നിരിക്കുന്നു. എന്നാൽ പുതിയ പട്ടികയിലും കേരളം ഇടംപിടിച്ചിട്ടില്ല. .
ജിയോയുടെ എയർഫൈബർ സേവനത്തിന്റെ മേന്മ അറിയാൻ കേരളീയർ കാത്തിരിക്കണം. എട്ട് നഗരങ്ങളിൽ മാത്രം ലഭിച്ചിരുന്ന ജിയോ എയർഫൈബർ സേവനം ഇപ്പോൾ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലേക്ക് വളർന്നിരിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, ഡൽഹി, ആന്ധ്രാപ്രദേശ് എന്നിവയാണ് ആ 8 സംസ്ഥാനങ്ങൾ. ഈ 8 സംസ്ഥാനങ്ങളിലെ 115 നഗരങ്ങളിൽ ഇപ്പോൾ ജിയോ എയർഫൈബർ സേവനം ലഭ്യമാകും.
നഗരങ്ങളൊഴിച്ചുള്ള ബാക്കി സംസ്ഥാനങ്ങളെല്ലാം ജിയോ എയർഫൈബർ സേവനങ്ങൾക്കായി കാത്തിരിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. എങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന് മാത്രമാണ് പട്ടികയിൽ ഇടംപിടിക്കാനാകാതെ പോയത്.
മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങൾ ജിയോയുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എയർഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുന്ന അടുത്ത ഘട്ടത്തിൽ ഉറപ്പായും കേരളത്തെയും ജിയോ പരിഗണിക്കും എന്ന് പ്രതീക്ഷിച്ച് മുന്നോട്ട് പോകാം
മികച്ച വേഗത്തിൽ തടസമില്ലാത്ത 5G ഇന്റർനെറ്റ് നൽകാൻ ജിയോ എയർഫൈബറിന് സാധിക്കും. കേബിളുകളുടെയും മറ്റും ശല്യമില്ലാതെ വീട്ടിൽ ഇന്റർനെറ്റ് ലഭ്യമാക്കും എന്നതുതന്നെയാണ് ജിയോ എയർഫൈബർ സേവനത്തിന്റെ പ്രധാന പ്രത്യേകത. ഈ ഫിക്സഡ് വയർലെസ് ആക്സസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ലളിതമായ പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിച്ചാണ് വീട്ടിൽ 5G ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
കൂടുതൽ വായിക്കൂ: iQOO 12 5G Launch: അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി iQOO 12 5G ഉടൻ ഇന്ത്യയിൽ
വളരെ ലളിതമായി ഉപയോക്താക്കൾക്ക് തന്നെ വീട്ടിൽ 5G ഇന്റർനെറ്റ് സെറ്റ് ചെയ്യാം എന്നതാണ് എയർഫൈബർ ഡിവൈസുകളുടെ ഒരു പ്രത്യേകത. സിം കാർഡുകൾ വഴിയുള്ള 5G കണക്ഷനുകളെ ആശ്രയിച്ചാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. അതിനാൽത്തന്നെ ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും ഇന്റർനെറ്റ് സേവനം അവതരിപ്പിക്കാൻ ജിയേ എയർഫൈബർ സേവനത്തിന് സാധിക്കും.
എയർഫൈബർ കണക്ഷനായി ജിയോ ഒരു Wi-Fi 6 റൂട്ടർ നൽകും, ഇത് കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിവ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നു. സിം കാർഡ് കണക്ഷനെ ആശ്രയിക്കുന്നതിനാൽ, ആ പ്രദേശത്തെ 5ജി കവറേജിനെ ആശ്രയിച്ചായിരിക്കും ഇന്റർനെറ്റ് വേഗത.
പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തമാണ് ജിയോ എയർഫൈബർ. അടുത്ത ഘട്ടത്തിൽ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെയുള്ള കേരളത്തിലെ നഗരങ്ങളും ജിയോ എയർഫൈബറിന്റെ കീഴിൽ എത്തിയേക്കാം.