Reliance Jio, Bharti Airtel എന്നിവർ ടെലികോം മേഖലയിൽ ആധിപത്യം ഉറപ്പിക്കുമ്പോഴും, കടക്കെണിയിൽ നിന്ന് കരയറാതെ നിൽക്കുകയാണ് Vodafone Idea, BSNL കമ്പനികൾ. എന്നാലും 2023-ൽ Vi ചെറിയ രീതിയിൽ മുന്നേറ്റം കൈവരിച്ചു. ഇതിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് വോഡഫോൺ- ഐഡിയയ്ക്ക് ചില കൈസഹായങ്ങൾ ലഭിക്കുകയുമുണ്ടായി.
എന്നാൽ, സാമ്പത്തികമായി അറുതിയിലായ വിഐയെ സഹായിക്കാൻ ഇന്ത്യൻ ഗവൺമെന്റ് ആലോചിക്കുന്നില്ല എന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചിരിക്കുന്നത്. മുമ്പ് കേന്ദ്ര സർക്കാർ കമ്പനിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാനായി ഓഹരി പങ്കാളിയായി മാറിയിരുന്നു. എന്നാൽ നഷ്ടത്തിലോടുന്ന ഈ ടെലികോം കമ്പനിയെ ഏറ്റെടുക്കാൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ദേവുസിൻ ചൗഹാൻ വ്യക്തമാക്കി.
കഴിഞ്ഞ 4 വർഷമായി വിഐ ഗവൺമെന്റിന് കൊടുക്കേണ്ടിയിരുന്ന 2.2 ബില്യൺ ഡോളറിന്റെ കുടിശ്ശികയ്ക്കായി വരുമാനം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. ഈ വർഷം ഫെബ്രുവരിയിൽ, വോഡഫോൺ ഐഡിയയുടെ 2.2 ബില്യൺ ഡോളറിന്റെ ARG കുടിശ്ശിക ഇക്വിറ്റിയിലേക്ക് മാറ്റാൻ സർക്കാർ സഹായിച്ചു. ഇങ്ങനെ ടെലികോം കമ്പനി കേന്ദ്രത്തിന് 33.1% ഓഹരി നൽകി. വിഐയുടെ ഏറ്റവും വലിയ ഓഹരി പങ്കാളിയും ഇതിലൂടെ കേന്ദ്രമായി മാറി.
വിഐയുടെ വരുമാനം മെച്ചപ്പെടുത്താൻ ഇതിൽ കൂടുതൽ സഹായങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുപക്ഷേ കേന്ദ്രം വോഡഫോൺ- ഐഡിയയുടെ 70 ശതമാനം ഓഹരി പങ്കാളിയായി മാറുമെന്ന് വരെ കണക്കുകൂട്ടിയിരുന്നു. ഇതിലാണ് ഇപ്പോൾ നിരാശജനകമായ തീരുമാനം കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
ഇത്രയും വലിയ ഓഹരി എടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ഇത് പരിഗണനയിൽ ഇല്ലെന്നും ദേവുസിൻ ചൗഹാൻ പറഞ്ഞു. ഇതുവരെ ചെയ്തത് വിഐ കമ്പനിയെ സാമ്പത്തിക പിരിമുറുക്കത്തിൽ നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചുവെന്ന് ടോട്ടൽടെലി.കോം റിപ്പോർട്ടിൽ പറയുന്നു. മന്ത്രി ലോക്സഭയിൽ ഇക്കാര്യത്തിൽ വിശദീകരണം നൽകിയതായാണ് ലഭിക്കുന്ന വിവരം.
എന്നിരുന്നാലും, കടക്കെണിയിൽ നിന്ന രക്ഷപ്പെടുത്താൻ ഈ നടപടി മതിയാകുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഏറ്റെടുക്കൽ ഉണ്ടാകില്ലെങ്കിലും, ബാഹ്യമായ എന്തെങ്കിലും നിക്ഷേപത്തിലൂടെ വോഡഫോൺ ഐഡിയയെ സഹായിച്ചേക്കാമെന്നാണ് മന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
READ MORE: BSNL Rs 16 Plan: ഇത്ര Cheap ആണോ BSNL! വെറും 16 രൂപയ്ക്ക് 2GB
ജിയോയും എയർടെല്ലും തങ്ങളുടെ 5G റോളൗട്ടുകളുമായി മുന്നേറുകയാണ്. ഗ്രാമപ്രദേശങ്ങളിലടക്കം കമ്പനി തങ്ങളുടെ 5G സേവനം എത്തിച്ചുകഴിഞ്ഞു. ഇതും ബിഎസ്എൻഎൽ, വോഡഫോൺ- ഐഡിയ കമ്പനികൾക്ക് വലിയ തിരിച്ചടിയായി. കൂടാതെ, 2016ന് മുമ്പുള്ള വിഐയുടെ പ്രൌഢി ഇനി എങ്ങനെ തിരിച്ചുവരുമെന്ന ആശങ്കയിലാണ് ടെക് വിദഗ്ധരും.