Jioയും Airtelഉം തങ്ങളുടെ 5G സേവനവുമായി രാജ്യമൊട്ടാകെ കുതിപ്പ് തുടരുകയാണ്. 2022ന്റെ അവസാന മാസങ്ങളിൽ ആരംഭിച്ച 5G Network ഇന്ന് ഏതാണ്ട് ഒട്ടുമിക്ക ഗ്രാമങ്ങളിലേക്കും പടർന്നുകയറിയെന്ന് പറയാം. എന്നാലും, ഇനിയും 4G പോലും തൊടാത BSNLഉം, 5G വാഗ്ദാനങ്ങളിൽ മാത്രം ഒതുക്കി Vodafone Ideaയും കിതക്കുകയാണ്. അതിനാൽ തന്നെ രാജ്യത്തിന്റെ ടെലികോം മേഖലയിലെ ആധിപത്യം ജിയോ- എയർടെൽ എന്നിവരിലേക്ക് മാത്രമായി ധ്രുവീകരിക്കപ്പെടുമോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.
എന്നാൽ, ഇന്ത്യയിലെ മൂന്നാം സ്ഥാനത്തുള്ള ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ Vi അതിന്റെ 5G നെറ്റ്‌വർക്ക് ജൂണിൽ പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. വിവിധ ബാങ്കുകളിൽ നിന്നുള്ള സഹകരണത്തോടെ ധനസമ്പാദനം നടത്തി, വോഡഫോൺ ഐഡിയ 5G കൊണ്ടുവരുമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
Vodafone Idea ഫണ്ട് ശേഖരണത്തിന്റെ അവസാന ഘട്ട ചർച്ചയിലാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അടുത്ത മാസം ഇക്കാര്യത്തിൽ ഒരു അന്തിമതീരുമാനം ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കാം. ഇതിന് വേണ്ടി ബാങ്കുകളുമായുള്ള ചർച്ച ഫലവത്താകുമെന്ന് കരുതുന്നതായും ഉദ്യോഗസ്ഥൻ അറിയിച്ചു. അങ്ങനെയെങ്കിൽ ടെലികോം കമ്പനി ജൂണിൽ തന്നെ ധനസമാഹരണം പ്രഖ്യാപിക്കും. ഈ ഫണ്ടിങ് പ്രാബല്യത്തിൽ വരുന്നതോടെ, 5G നെറ്റ്‌വർക്ക് വിന്യസിക്കാൻ തുടങ്ങും. അത് മിക്കവാറും ജൂൺ മാസത്തിൽ തന്നെയായിരിക്കും നടപ്പാക്കുക എന്നും അദ്ദേഹം വിശദമാക്കി.
അതേ സമയം, നഷ്ടത്തിലോടുന്ന കമ്പനിയുടെ കടങ്ങളെ കുറിച്ചും ടെലികോം ഉദ്യോഗസ്ഥൻ വിവരിച്ചു. കടബാധ്യതയുള്ള വിഐ 2 വർഷത്തിലേറെയായി വിപണിയിൽ നിന്ന് ധനസഹായം നേടാൻ പരിശ്രമിക്കുകയാണെന്നും, ഇതൊന്നും വിജയം കാണുന്നില്ലെന്നും ഉദ്യോഗസ്ഥ പ്രതിനിധി വ്യക്തമാക്കി. എങ്കിലും, മൂന്നാം പാദത്തിൽ വോഡഫോൺ ഐഡിയ അതിന്റെ ലൈസൻസ് ഫീസ് പൂർണമായും അടച്ചിട്ടുണ്ട്. നാലാം പാദത്തിലാകട്ടെ ഭാഗികമായി പേയ്‌മെന്റ് നടത്തിയെന്നുമാണ് റിപ്പോർട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
എന്തായാലും സമീപഭാവിയിൽ തന്നെ വിഐയുടെ 5G പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാരണം, രാജ്യത്ത് 5G വ്യാപിപ്പിക്കുന്നതിന് VI മോട്ടറോളയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന വാർത്ത മുമ്പ് വന്നിരുന്നു. മാത്രമല്ല, വിഐയ്ക്ക് കരകേറാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിക്കുന്നതായിരിക്കുമെന്നും അറിയിച്ചിരുന്നു. വോഡഫോൺ ഐഡിയയുടെ ഡിഫെർഡ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു, സ്പെക്‌ട്രം യൂസേജ് ചാർജ് എന്നിവയുമായി ബന്ധപ്പെട്ട 16,133 കോടി രൂപയുടെ പലിശ കുടിശ്ശിക, ഇക്വിറ്റിയായി മാറ്റുന്നതിനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.