കേരളത്തിലെ BSNL വരിക്കാർക്ക് ഇതാ സന്തോഷ വാർത്ത. Bharat Sanchar Nigam Limited കേരളത്തിൽ മുന്നേറ്റം നടത്തുന്നു. BSNL 4G ലഭിക്കാൻ കേരളത്തിന് ഒരുപാട് കാത്തിരിക്കേണ്ടെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ് വ്യക്തമാക്കുന്നത്.
കേരളത്തിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കേരള സർക്കിളിൽ 1000 4G ടവറുകൾ വിന്യാസം പൂർത്തിയാക്കിയിരിക്കുന്നു. കേരളം ബിഎസ്എൻഎല്ലിനെ കൈവിട്ടിട്ടില്ല. അതുപോലെ കമ്പനിയും 4ജി വിന്യസിക്കുന്നതിൽ കേരളത്തെ അവഗണിക്കുന്നില്ല.
1000 ടവറുകൾ സ്ഥാപിച്ചതായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചു. കേരളം ബിഎസ്എൻഎല്ലിന് പ്രധാന വിപണിയാണ്. ഇപ്പോഴും സംസ്ഥാനത്ത് സർക്കാർ ടെലികോം സർവ്വീസ് ഉപയോഗിക്കുന്നവർ ധാരാളമാണ്. ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുള്ള ബിഎസ്എൻഎല്ലിന്റെ സുപ്രധാന ചുവടുവെപ്പാണിത്.
2024 ദീപാവലിയോടെ കമ്പനി 75000 4G ടവറുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ, 1 ലക്ഷം 4G സൈറ്റുകൾ വിന്യസിക്കാനും പദ്ധതിയുണ്ട്.
ഈ വർഷം ബിഎസ്എൻഎൽ 4ജി ഏറെക്കുറേ പൂർത്തിയാകും. 2025 മുതൽ സർക്കാർ കമ്പനി 5G പ്രവർത്തനങ്ങളും ആരംഭിക്കും. ഇതിനുള്ള 5ജി ട്രെയലുകളും നടന്നുകൊണ്ടിരിക്കുന്നു.
രാജ്യത്തുടനീളം 25000 4G സൈറ്റുകൾ വിന്യസിച്ചിട്ടുണ്ടെന്ന് സർക്കാർ കമ്പനി അറിയിച്ചിരുന്നു. ഇവയിൽ 1000 ടവറുകൾ നമ്മുടെ കേരള വരിക്കാർക്ക് വേണ്ടിയാണ്. നിലവിൽ ബിഎസ്എൻഎല്ലും സി-ഡോട്ടും 5G പരീക്ഷിക്കുകയാണെന്നും ബിഎസ്എൻഎൽ അറിയിച്ചു. ഇങ്ങനെ അടുത്ത വർഷത്തിൽ വാണിജ്യാടിസ്ഥാനത്തിൽ 5G അവതരിപ്പിക്കാമെന്നാണ് പ്രതീക്ഷ. 5ജി അടുത്ത വർഷം എത്തുമെങ്കിലും ഇത് യാഥാർഥ്യമാകുമോ എന്ന് കണ്ടറിയണം.
ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാരിൽ നിന്ന് 6000 കോടി രൂപ ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് 4G വിന്യസിക്കാനുള്ള ടെലികോം ഉപകരണങ്ങൾ വാങ്ങുന്നതിനായാണ്.
സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില കൂട്ടിയിരുന്നു. ഇനി വരിക്കാരുടെ പ്രതീക്ഷ ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന 4ജിയിലാണ്. കാരണം ഇപ്പോഴും തുച്ഛ വിലയ്ക്ക് പോക്കറ്റ്-ഫ്രണ്ട്ലി പ്ലാനുകൾ ബിഎസ്എൻഎൽ തരുന്നു.
ഇനി മുതൽ ഹൈ-സ്പീഡ് നെറ്റ്‌വർക്കുകൾ ബിഎസ്എൻഎൽ നൽകിയാൽ കൂടുതൽ വരിക്കാർ ലഭിക്കും. ഇത് ഇപ്പോഴുള്ള ബിഎസ്എൻഎല്ലിന്റെ നഷ്ടത്തിന് പരിഹാരമാകും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)