BSNLന്റെ 4Gയും 5Gയും വരുന്നു… നേട്ടങ്ങൾ ഇതെല്ലാം

Updated on 09-Jan-2023
HIGHLIGHTS

ജനുവരിയിൽ ബിഎസ്എൻഎൽ 4ജി രാജ്യത്ത് ലഭ്യമാക്കും

2023 ഓഗസ്റ്റിൽ ബിഎസ്എൻഎൽ 5ജി ലോഞ്ച് ചെയ്യും

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്

ഇന്ത്യൻ ടെലികോം വിപണിയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോയും എയർടെല്ലും 5ജി സേവനങ്ങൾക്ക് തുടക്കമിട്ടു. രണ്ട് വർഷത്തിനകം ഈ സേവനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ആവട്ടെ ഇപ്പോഴും 4ജി തന്നെ രാജ്യത്ത് എല്ലായിടത്തും എത്തിക്കാൻ ബുദ്ധിമുട്ടുകയാണ്.

അടുത്ത വർഷത്തോടെ 4ജിയും 5ജിയും രാജ്യത്ത് അവതരിപ്പിക്കാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. 4ജി രാജ്യത്തെ എല്ലായിടങ്ങളിലും ജനുവരിയിൽ തന്നെ എത്തിക്കാനാണ് ബിഎസ്എൻഎല്ലിന്റെ ശ്രമം. ഇത് സാധ്യമായാൽ 2023 ഓഗസ്റ്റിൽ തന്നെ കമ്പനി 5ജി സേവനങ്ങളും ആരംഭിക്കും. സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ സാധിക്കുന്ന വിധത്തിൽ എല്ലായിടത്തും വൈകാതെ തന്നെ ബിഎസ്എൻഎല്ലിന്റെ സേവനങ്ങൾ എത്തിക്കാനാണ് ശ്രമം. 

ബിഎസ്എൻഎൽ 2023 ജനുവരിയോടെ രാജ്യത്ത് 4ജി സേവനങ്ങൾ ആരംഭിക്കും എന്ന് ടെലി കമ്മ്യൂണിക്കേഷൻ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജനുവരിയിലെ ആദ്യ ആഴ്ചയിൽ തന്നെ സേവനങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ബിഎസ്എൻഎല്ലിന്റെ 4ജിക്ക് പിന്നിൽ പ്രവർത്തിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം തന്നെ ബിഎസ്എൻഎൽ 5ജി ലോഞ്ചിനെ കുറിച്ചും അദ്ദേഹം സൂചന നൽകിയിട്ടുണ്ട്.

അടുത്ത വർഷം ഓഗസ്റ്റോടെ ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4ജി, 5ജി എന്നിവ കൊണ്ടുവരാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത് എന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസും (TCS) സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സും (സി-ഡോട്ട്) ഹോംഗ്രൗൺ 4ജി കോർ ടെക്‌നോളജി ബിഎസ്‌എൻഎല്ലിൽ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.

സി-ഡോട്ട് തദ്ദേശീയമായ 5ജി കോർ സാങ്കേതികവിദ്യയും അവതരിപ്പിച്ചു. ബീറ്റ ടെസ്റ്റിങ് വിജയകരമായി പൂർത്തിയാക്കിയ ശേഷം 2023 ഓഗസ്റ്റ് 15 മുതൽ 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. ഈ പദ്ധതികൾ ആവിഷ്‌ക്കരിച്ചാൽ സ്വകാര്യ കമ്പനികൾ രാജ്യത്ത് എല്ലായിടത്തും 5ജി എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2024 ആകുമ്പോഴേക്കും ബിഎസ്എൻഎല്ലിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം 5ജി ലഭ്യത ഉണ്ടാകും.

അടുത്തിടെ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വച്ച് ടെലികോം കമ്പനികൾ ഇന്ത്യയിൽ 5ജി പ്ലാനുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 5ജി പ്ലാനുകളുടെ വിലയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൂചന നൽകിയിട്ടുണ്ട്. നേരത്തെ ഒരു ജിബി ഡാറ്റയുടെ വില ഏകദേശം 300 രൂപയായിരുന്നു, ഇപ്പോൾ ഇത് ഒരു ജിബിക്ക് 10 രൂപയായി കുറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

Connect On :