BSNL 4G ഉടനെത്തുമെന്ന പ്രഖ്യാപനമല്ലാതെ ഇതുവരെയും പൊതുമേഖല ടെലികോം കമ്പനിയ്ക്ക് തങ്ങളുടെ വാക്ക് പാലിക്കാനായില്ല എന്നാണ് പരക്കെ പരാതി ഉയരുന്നുണ്ട്. എന്നാൽ, പഞ്ചാബിൽ കമ്പനി ഇതിനകം 4ജി എത്തിച്ചുകഴിഞ്ഞു. ഇപ്പോൾ ബിഎസ്എൻഎൽ പഞ്ചാബിൽ 4ജിയുടെ ബീറ്റ ടെസ്റ്റിങ്ങാണ് നടത്തുന്നത്. ഈ വർഷം അവസാനം, അതായത് ഡിസംബറോടെ സംസ്ഥാനത്ത് 4G റോൾഔട്ട് പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ടെലികോം കമ്പനി.
പഞ്ചാബിൽ 4ജിയ്ക്ക് തുടക്കമിട്ടപ്പോഴും, കേരളം ഉൾപ്പെടുന്ന ബിഎസ്എൻഎല്ലിന് ബഹുഭൂരിപക്ഷം വരിക്കാരുള്ള സംസ്ഥാനങ്ങളിൽ 3Gയിൽ നിന്ന് എപ്പോൾ അതിവേഗ ഇന്റർനെറ്റിലേക്ക് അപ്ഡേഷൻ ലഭിക്കുമെന്ന സംശയമാണ് പലർക്കും. സമീപ ഭാവിയിൽ ബിഎസ്എൻഎൽ 4G വിന്യസിക്കുമോ എന്ന ചോദ്യത്തിന് BSNL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പർവീൻ കുമാർ പൂർവാർ വിശദീകരണം നൽകുകയാണ്. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഏഴാം എഡിഷനിലാണ് പൂർവാർ 4Gയുടെ വരവിനെ കുറിച്ച് സൂചന നൽകിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Also Read: Jio 5G Price Hike: എല്ലായിടത്തും 5G എത്തിയാൽ Reliance Jio താരിഫ് പ്ലാനുകൾക്ക് വില കൂട്ടുമോ?
2024 ജൂണോടെ രാജ്യത്തുടനീളം 4G വിന്യസിക്കുമെന്ന് പർവീൻ കുമാർ പൂർവാർ വ്യക്തമാക്കി. തുടർന്ന് പതിയെ 5G റോൾഔട്ടിലേക്കും BSNL ചുവട് വയ്ക്കുമെന്നും ചെയർമാൻ പറഞ്ഞു.
സാധാരണക്കാരനായുള്ള ടെലികോം കമ്പനി എന്ന പേരിലാണ് ബിഎസ്എൻഎൽ അറിയപ്പെടുന്നത്. ഗ്രാമങ്ങളിലുള്ളവർക്കും മറ്റും അതിനാൽ തന്നെ 4ജിയിലേക്ക് അവരുടെ കണക്റ്റിവിറ്റി അപ്ഡേറ്റ് ചെയ്താൽ വലിയ പ്രയോജനകരമാകും. ഗ്രാമപ്രദേശങ്ങളിലും അതിവേഗ ബ്രോഡ്‌ബാൻഡ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ബിഎസ്‌എൻഎൽ 4ജി കൊണ്ടുവരാനാണ് കമ്പനി പദ്ധതിയിടുന്നത്.
അതിവേഗ കണക്റ്റിവിറ്റി ലഭിക്കുന്ന പ്രദേശങ്ങളിൽ നിന്നും, 3G മാത്രം ലഭിക്കുന്ന വിദൂര പ്രദേശങ്ങളിലെ ഡിജിറ്റൽ വിഭജനം കുറയ്ക്കാൻ ഇത് എന്തുകൊണ്ടും സഹായിക്കും. മാത്രമല്ല, നിലവിൽ 4ജിയും 5ജിയും ലഭ്യമാക്കുന്ന സ്വകാര്യ ടെലികോം കമ്പനികൾ നൽകുന്ന റീചാർജ് പ്ലാനുകളേക്കാൾ ഇവ തുച്ഛമായ വിലയിലുള്ള താരിഫ് പ്ലാനുകളായിരിക്കും അവതരിപ്പിക്കുക എന്നതും ആശ്വാസം നൽകുന്ന വാർത്തയാണ്.
റിലയൻസ് ജിയോ, ഭാരതി എയർടെൽ പോലുള്ള കമ്പനികൾ അതിവേഗ കണക്റ്റിവിറ്റിയും, റീചാർജ് പ്ലാനുകളിൽ മികച്ച ഓപ്ഷനുകളും അവതരിപ്പിച്ചതിനാൽ ഇത് ബിഎസ്എൻഎല്ലിന് തിരിച്ചടിയാകുമോ എന്ന് ആശങ്കയുണ്ട്. ആശങ്ക ശരിവയ്ക്കുന്ന തരത്തിൽ നഷ്ടത്തിന്റെ ആഴം പൊതുമേഖല കമ്പനിയെ ബാധിക്കുന്നുണ്ട്.
2023 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന് 8161.56 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. വരിക്കാരുടെ കൊഴിഞ്ഞുപോക്ക് 4ജിയിലൂടെ തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി. 2027 ആകുമ്പോഴേക്കും ബിഎസ്എൻഎൽ ലാഭത്തിലാകുമെന്നാണ് പ്രതീക്ഷ. 4ജിയും, 4ജിയും വരുമ്പോൾ വയർലെസ് നെറ്റ്‌വർക്ക് സേവന ബിസിനസും ശക്തി പ്രാപിക്കും.
പഞ്ചാബിൽ ബിഎസ്എൻഎൽ 3000 സൈറ്റുകൾ 4ജി സ്ഥാപിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്നു. ഓരോ മാസത്തിലും ഇത് ക്രമേണ 6,000 സൈറ്റുകൾ, 9,000 സൈറ്റുകൾ, 12,000 സൈറ്റുകൾ, 15,000 സൈറ്റുകൾ എന്നിങ്ങനെയായി ഉയർത്താനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു.