BSNL 4G-യെ കുറിച്ചുള്ള അപ്ഡേഷനെ കുറിച്ച് അറിയാനുള്ള ആകാംക്ഷയിലാണ് വരിക്കാർ. ഇതുവരെ വോഡഫോൺ- ഐഡിയയും 5ജിയിലേക്കുള്ള നീക്കത്തിനായി സൂചന തന്നില്ലെങ്കിലും പൂനെയിലും ഡൽഹിയിലും വിഐ തങ്ങളുടെ 5G അവതരിപ്പിച്ചുവെന്ന് രണ്ട് ദിവസം മുമ്പ് ചില റിപ്പോർട്ടുകൾ വന്നിരുന്നു.
ഇങ്ങനെ രാജ്യത്തെ ടെലികോം കമ്പനികളെല്ലാം തങ്ങളുടെ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ കൊണ്ടുവരുമ്പോൾത, എന്തുകൊണ്ട് പൊതുമേഖല ടെലികോം കമ്പനിയ്ക്ക് 4G എത്തിക്കാൻ ഇത്ര പ്രയാസമെന്നാണ് ഉയർന്നുവരുന്ന ചോദ്യം.
ബിഎസ്എൻഎൽ വരിക്കാർക്കായി കമ്പനി നിസ്സാരം ഒരു 4G അല്ല എത്തിക്കുക. സ്വദേശി 4G നെറ്റ്‌വർക്കാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ദി ഹിന്ദു ഓൺലൈനിലെ റിപ്പോർട്ട് പറയുന്നത് അനുസരിച്ച്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തങ്ങളുടെ Swadeshi 4G നെറ്റ്‌വർക്ക് ഉടൻ ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ചീഫ് ജനറൽ മാനേജർ എം. ശേഷാചലം വ്യക്തമാക്കി. ആന്ധ്രാ പ്രദേശ് ടെലികോം സർക്കിളിലാണ് 4G എത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.
ആന്ധ്രാപ്രദേശ് സർക്കിളിലെ 4,300 സൈറ്റുകളിൽ 4G ഉപകരണങ്ങൾ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുടർന്ന് 5Gയിലേക്കും അപ്‌ഗ്രേഡ് ചെയ്യാം. ഈ വർഷം ജൂലൈയിൽ തന്നെ പഞ്ചാബിൽ ബിഎസ്എൻഎൽ ബീറ്റ എഡിഷൻ ലോഞ്ച് ചെയ്യുന്നത് പൂർത്തിയാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശ് ടെലികോം സർക്കിളിലെ 3,800 ഗ്രാമങ്ങളിലെ വിദൂര സ്ഥലങ്ങളിൽ 1,536 ടവറുകൾ സ്ഥാപിക്കുമെന്നും എം. ശേഷാചലം പറഞ്ഞു.
വൈകിയാണെങ്കിലും, നെറ്റ്‌വർക്ക് കാര്യക്ഷമത തീർച്ചയായും ഡാറ്റ ഉപയോക്താക്കളെ ബിഎസ്എൻഎല്ലിലേക്ക് തിരികെ കൊണ്ടുവരുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. ഇതിന് പുറമെ, അവസാന മൈൽ കണക്റ്റിവിറ്റി ലക്ഷ്യമിട്ട്, കേന്ദ്ര സർക്കാരിന്റെ അന്ത്യോദയ വിഷൻ പദ്ധതിയിലൂടെ വിദൂര ഗ്രാമങ്ങളും ഡിജിറ്റലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2023 ഡിസംബറോടെ ഇതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നും ശേഷാചലം കൂട്ടിച്ചേർത്തു.
ബിഎസ്എൻഎൽ തങ്ങളുടെ സ്വദേശി 4G എത്തിക്കുന്നത് ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ്. ഇതിന് പുറമെ, ഭാരത് നെറ്റ് ഉദ്യമി വഴിയും മറ്റ് പദ്ധതികൾ സർക്കാർ ആലോചിക്കുന്നുണ്ട്. ഭാരത് നെറ്റ് ഉദ്യമി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനും ഗ്രാമീണ ഉപഭോക്താക്കൾക്ക് നെറ്റ് കണക്റ്റിവിറ്റി നൽകുന്നതിനുമാണ് ബിഎസ്എൻഎല്ലിന്റെ പ്ലാൻ.
ഇന്ത്യയിലുടനീളമുള്ള 3 ലക്ഷം കണക്ഷനുകളിൽ ആന്ധ്രാപ്രദേശ് സർക്കിളിന് 3,184 കണക്ഷനുകൾ ലഭിക്കുന്നതാണ്. ഇതിലൂടെ ഗ്രാമങ്ങളിലേക്ക് ഡിജിറ്റലൈസേഷനും, കണക്റ്റിവിറ്റിയും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.