BSNL 4G ആരംഭിക്കുകയാണ്. എന്നാൽ പുതുവർഷത്തിൽ മറ്റൊരു സന്തോഷ വാർത്ത കൂടി ഇതാ ബിഎസ്എൻഎല്ലിൽ നിന്നും. 2025 മുതൽ BSNL 5G സേവനങ്ങളും ആരംഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. ഈ വർഷം കമ്പനി തങ്ങളുടെ 4G കണക്ഷൻ രാജ്യമെമ്പാടും എത്തിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ പഞ്ചാബിൽ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഉത്തർപ്രദേശിലും 4Gയ്ക്കുള്ള ടവറുകൾ സ്ഥാപിച്ചുതുടങ്ങി.
100,000 ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകളാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്. ഇത് രാജ്യത്ത് 4G സർവ്വീസ് വിപുലമാക്കാൻ സഹായിക്കും. പഞ്ചാബിലും ഹരിയാനയിലും ഇതുവരെ 2,000 ബിടിഎസ് സ്ഥാപിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ആലോചിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി 2025 മുതൽ 5G സേവനങ്ങൾ ആരംഭിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്. അതായത്, അടുത്ത വർഷം മുതൽ 5G വരിക്കാർക്ക് നൽകാൻ തുടങ്ങും.
ഉത്തർപ്രദേശിലെ ഈസ്റ്റ് സർക്കിളിൽ 4G ഫെബ്രുവരിയിൽ ലഭ്യമായിത്തുടങ്ങും. അയോധ്യ ക്ഷേത്രം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 4ജി അപ്ഡേഷൻ വരുന്നുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ രാജ്യത്തെ 50,000 ടവറുകളിലേക്കും 4ജി വ്യാപിപ്പിക്കും. ഈ വർഷം നവംബർ മാസത്തോടെ ഇന്ത്യയൊട്ടാകെ 4G വിന്യസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
2023 ഒക്ടോബറിൽ 636,830 വരിക്കാരെ കമ്പനിയ്ക്ക് നഷ്ടമായി. എന്നാൽ ഈ വർഷം അവസാനത്തോടെ 20 ശതമാനം വിപണി വിഹിതം ബിഎസ്എൻഎൽ ലക്ഷ്യമിടുന്നുണ്ട്. വർഷം പൂർത്തിയാകുമ്പോൾ 4G റോൾഔട്ട് പൂർത്തിയാകുമ്പോൾ വയർലെസ് വരിക്കാരുടെ എണ്ണം വർധിപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്നു.
എങ്കിലും സർക്കാർ കമ്പനി കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുന്നു. കാരണം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 1,482 കോടി രൂപയുടെ അറ്റ നഷ്ടമുണ്ടായി. 2023 സാമ്പത്തിക വർഷത്തിൽ 8,162 കോടി രൂപയുടെ അറ്റ നഷ്ടം സംഭവിച്ചു. എന്നാലും 2026-27 സാമ്പത്തിക വർഷത്തോടെ അറ്റാദായത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.
ഈ വർഷാവസാനത്തോടെ രാജ്യത്ത് 20% മൊബൈൽ വരിക്കാരുടെ വിപണി വിഹിതമാണ് പ്രതീക്ഷിക്കുന്നത്. ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി കെ പുർവാർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഞങ്ങളുടെ സർവ്വീസിന്റെ ക്വാളിറ്റിയെ ഇത് ആശ്രയിച്ചിരിക്കുന്നു.
READ MORE: OnePlus 12R Launch and Price: OnePlus 12R ജനുവരി 23ന്, എത്ര വില വരും?
കൂടാതെ, എത്ര വേഗത്തിൽ 4G, 5G സേവനങ്ങൾ വിന്യസിക്കുന്നുവെന്നും ഇതിനെ സ്വാധീനിക്കും. ഇപ്പോൾ ഞങ്ങളുടെ വരിക്കാർ 4G സേവനങ്ങൾക്കായി കാത്തിരിക്കുകയാണ്.’ വരിക്കാരുടെ വിശ്വാസത്തിനൊപ്പമാണ് കമ്പനിയും നീങ്ങുന്നതെന്നും പുർവാർ വിശദീകരിച്ചു.