ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് രംഗത്ത് വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളിൽ പോലും ബിഎസ്എൻഎൽ ഇന്റർനെറ്റിന്റെ ലോകത്തേക്ക് വെളിച്ചം വീശുന്നു. നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ഇതിനകം ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഒരേ വേഗതയിൽ എത്തുന്ന പ്ലാനുകളും ഉണ്ട്. വേഗത ഒന്നാണെങ്കിലും പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. 60 Mbps വേഗതയുള്ള രണ്ട് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. ഈ 60 എംബിപിഎസ് പ്ലാനുകളിൽ ഒന്നിന് 599 രൂപയും മറ്റൊന്നിന്റെ 666 രൂപയുമാണ് ചെലവ്. അതായത് രണ്ട് പ്ലാനും തമ്മിലുള്ള വ്യത്യാസം 67 രൂപ. ഈ പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം എന്ത് എന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒടിടി സബ്സ്ക്രിപ്ഷൻ എന്നാണ്.
666 രൂപ പ്ലാനിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ് ബിഎസ്എൻഎൽ നൽകുന്നത്. ഇപ്പോൾ തിയറ്ററിൽ ഇറങ്ങിയ ശേഷം പല ഹിറ്റ് മലയാള സിനിമകളും അടുത്തതായി പ്രത്യക്ഷപ്പെടുന്നത് ഡിസ്നി+ ഹോട്ട്സ്റ്റാറിലാണ്. മലയാളം സിനിമകൾ മാത്രമല്ല, ബോളിവുഡും ഹോളിവുഡും മറ്റ് ഭാഷാ സിനിമകളും എല്ലാം ഡിസ്നി + ഹോട്ട്സ്റ്റാർ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
60 Mbps വേഗത വാഗ്ദാനം ചെയ്യുന്ന ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ഒരു മാസത്തേക്ക് 3.3TB ഡാറ്റയാണ് ലഭിക്കുക. FUP പരിധി പിന്നിട്ടാൽ പിന്നീട് ഉപഭോക്താക്കൾക്ക് 4 Mbps വേഗതയിലാകും ഇന്റർനെറ്റ് ലഭിക്കുക. ഈ പ്ലാനിനൊപ്പം സൗജന്യ ലാൻഡ്‌ലൈൻ കണക്ഷനും ലഭിക്കുമെങ്കിലും ഡിവൈസ് ഉപയോക്താവ് വാങ്ങണം.
599 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ തന്നെയാണ് (3.3TB പ്രതിമാസ ഡാറ്റ, സൗജന്യ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങോടെ ലാൻഡ് ലൈൻ കണക്ഷൻ) 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലും ലഭിക്കുക. വ്യത്യാസം എന്ന് പറയാനാവുന്നത് സൗജന്യ ഡിസ്നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ആണ്.
ഇന്ത്യയിലെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി+ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ വെറും 67 രൂപയ്ക്കാണ് ബിഎസ്എൻഎൽ നൽകുന്നത് എന്ന് ആർക്കും വ്യക്തമാകും. ഒരുമാസത്തെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഡാറ്റ അത്യാവശ്യം മികച്ച വേഗതയിൽ ലഭിക്കുന്നു എന്നതിനൊപ്പം സ്റ്റാറും ഡിസ്നിയും ചേർന്ന് പ്രവർത്തിപ്പിക്കുന്ന ഒടിടി പ്ലാറ്റ്ഫോമിന്റെ സബ്സ്ക്രിപ്ഷനും ലഭിക്കുന്നത് ആവേശകരമായ വാഗ്ദാനമാണ്.