ഇന്ത്യയിലെ പൊതുമേഖ ടെലികോം BSNL New Logo മാറ്റിയത് വലിയ വാർത്തയായിരുന്നു. സ്വകാര്യ ടെലികോം കമ്പനികളുടെ മേൽക്കോയ്മ തടയാനുള്ള ഏക ആശ്രയം ഇപ്പോൾ ബിഎസ്എൻഎല്ലാണ്. ബിഎസ്എൻഎൽ മാറ്റത്തിന്റെ പാതയിലാണെന്നും അതിവേഗ കണക്റ്റിവിറ്റിയ്ക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായും അറിയിച്ചിരുന്നു.
മാറ്റത്തിനെ തെളിയിക്കുന്നതിനായി ബിഎസ്എൻഎൽ ലോഗോ മാറ്റി അവതരിപ്പിച്ചിരുന്നു. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പുതിയ ലോഗോയും ഇതിന്റെ സൂചനയായിരുന്നു. എന്നാൽ ലോഗോ മാറ്റത്തിന് പിന്നാലെ ബിഎസ്എൻഎല്ലിന് എതിരെ ചില വിമർശനങ്ങളും ഉയരുന്നു.
എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ നെറ്റിസൺസ് പ്രതികൂലിച്ചും അനുകൂലിച്ചും പ്രതികരിക്കുന്നുണ്ട്. 5ജിയോ 4ജിയോ ഇല്ലാതെ ലോഗോ മാറ്റിയിട്ട് എന്ത് മാറ്റമെന്ന് ചിലർ തമാശയ്ക്കും ചോദിക്കുന്നുണ്ട്. എന്നാൽ പുതിയ ലോഗോയെ കുറിച്ച് ചൂടുപിടിച്ച ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ബിഎസ്എൻഎൽ ലോഗോയുടെ നിറം ചാരനിറത്തിലായിരുന്നു. ചാരനിറത്തിൽ നിന്ന് കാവി/ഓറഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായി. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യമാണോ കാവി നിറത്തിലേക്ക് ബിഎസ്എൻഎല്ലിനെ മാറ്റിയതെന്നാണ് വിമർശനം.
ലോഗോയുടെ നിറം മാത്രമല്ല, മുദ്രാവാക്യം അഥവാ ടാഗ് ലൈനിലും മാറ്റമുണ്ട്. ‘കണക്റ്റിംഗ് ഇന്ത്യ’ എന്നതിൽ നിന്ന് ‘കണക്റ്റിംഗ് ഭാരത്’ ആക്കി പരിഷ്കരിച്ചു. അടുത്തിടെ ഇന്ത്യ- ഭാരത് ചർച്ചകൾ ചൂടുപിടിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയെ മാറ്റി ഭാരത് എന്നാക്കിയ പുതിയ ടാഗ് ലൈനും. മുദ്രാവാക്യവും ബ്രാൻഡിംഗും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ബോധപൂർവ്വം പരിഷ്കരിച്ചതാണോ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.
എന്നാൽ ലോഗോ മാറ്റത്തെ പിന്തുണച്ചും ചിലർ രംഗത്തെത്തി. ബിഎസ്എൻഎൽ ലോഗോ മാറ്റി കാവിനിറത്തിലാക്കി. ഇത് ചില ആളുകൾക്ക് ഗുരുതരമായ നെഞ്ചെരിച്ചിൽ നൽകിയേക്കും. ഉരുകലുകൾക്ക് തയ്യാറാകൂ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ലോഗോയുടെ നിറം മികച്ചതാണെന്നും ചിലർ കമന്റ് ചെയ്തു.
ബിഎസ്എൻഎൽ ഉൾക്കൊള്ളുന്ന ഗോളത്തിന്റെ നിറം കാവിയായത് മാത്രമല്ല മാറ്റം. ഗോളത്തെ ചുറ്റുന്ന വളയത്തിന്റെ നിറത്തിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. കണക്റ്റിങ് ഭാരത് എന്ന് ഓറഞ്ച് നിറത്തിലാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം ബിഎസ്എൻഎല്ലിന്റെ പുതിയ മോട്ടോ കൂടി ഉൾപ്പെടുത്തിയാണ് പരിഷ്കാരം. സുരക്ഷിതം, താങ്ങാവുന്നത്, വിശ്വസനീയം എന്ന വാക്കുകളും ലോഗോയിൽ പ്രത്യക്ഷപ്പെടുന്നു.
Also Read: ഇത് ബല്ലാത്തൊരു ടെക്നോളജി തന്നെ, BSNL New SIM വാങ്ങാൻ ATM മതി!