സാധാരണക്കാരന്റെ ടെലികോം കമ്പനിയെന്നാണ് BSNL അറിയപ്പെടുന്നത്. വെറുമൊരു ടെലികോം കമ്പനിയെന്നതിന് പുറമെ തങ്ങളുടെ സേവനങ്ങൾ വിപുലീകരിക്കാനാണ് കമ്പനി താൽപ്പര്യപ്പെടുന്നത്. ഇപ്പോഴിതാ, ബിഎസ്എൻഎൽ വരിക്കാർക്കായി ഒരു OTT പാക്കേജും പുറത്തിറക്കിയിരിക്കുകയാണ്. ലയൺസ്ഗേറ്റ്, ഷെമാരൂമീ, ഹംഗാമ, എപികോൺ തുടങ്ങിയ പ്രമുഖ ഉള്ളടക്ക ദാതാക്കളുമായി സഹകരിച്ചാണ് BSNL ഈ പുതിയ പാക്കേജിന് തുടക്കം കുറിച്ചിരിക്കുന്നത്. BSNLന്റെ പുതിയ OTT പാക്കിന്റെ പേര് സിനിമാപ്ലസ് സർവീസ് സ്റ്റാർട്ടർ പാക്ക് എന്നാണ്.
മിതമായ നിരക്കിൽ OTT സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ BSNL ഓഫറിലൂടെ കണക്കുകൂട്ടുന്നത്. മുമ്പ് YuppTV സ്കോപ്പ് എന്നറിയപ്പെട്ടിരുന്ന BSNL Cinemaplus മിക്ക ഒടിടികളിലേക്കുമുള്ള പ്രവേശനം നൽകുന്നു. അതായത് ഇന്ന് ഏറ്റവും കൂടുതൽ മലയാള സിനിമാറിലീസുകൾ വരുന്ന സീ, Disney+Hotstar പോലുള്ള ജനപ്രിയ ഒടിടികളും BSNLന്റെ സിനിമാപ്ലസ് പാക്കിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 249 രൂപ വിലയുള്ള പ്രീമിയം പാക്ക് ആയ ഒരൊറ്റ പ്ലാനാണ് YuppTV സ്കോപ്പിന് കീഴിൽ ലഭ്യമാകുന്നത്.
ZEE5, SonyLIV, YuppTV, Disney+Hotstar, ShemarooMe, Hungama, Lionsgate Play, EPIC ON എന്നിങ്ങനെ ഒന്നിലധികം OTT പ്ലാറ്റ്ഫോമുകൾ ഒരുമിച്ച് കിട്ടുക എന്നത് ധമാക്ക ഓഫറാണ്. കാരണം, ഇവ ഓരോന്നിലേക്കും വെവ്വേറെ സബ്സ്ക്രിപ്ഷനാണ് നമ്മൾ നൽകുന്നത്. എന്നാൽ ഇനിമുതൽ ഒരൊറ്റ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച് ഇവയെല്ലാം നിങ്ങൾക്ക് ലഭ്യമാകുന്നു.
3 പാക്കുകളാണ് BSNL Cinemaplusൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 49 രൂപയുടെ സ്റ്റാർട്ടർ പാക്ക്, 199 രൂപയുടെ ഫുൾ പാക്ക്, 249 രൂപയുടെ പ്രീമിയം പാക്ക് എന്നിവയാണ് ബിഎസ്എൻഎല്ലിന്റെ സിനിമാപ്ലസ് പാക്കേജുകൾ. ഇവ ഓരോന്നിലും ലഭ്യമാകുന്ന OTT പ്ലാറ്റ്ഫോമുകളും വ്യത്യസ്തമാണ്.
49 രൂപ വില വരുന്ന ബിഎസ്എൻഎല്ലിന്റെ സിനിമാപ്ലസ് പാക്കേജിന് കീഴിൽ നിങ്ങൾക്ക് ഷെമാരൂ, ഹംഗാമ, ലയൺസ്ഗേറ്റ്, EPIC ON എന്നിവ ലഭിക്കുന്നു.
199 രൂപ വിലയുള്ള BSNL ഫുൾ പാക്കിലാവട്ടെ, ZEE5 പ്രീമിയം, സോണിലിവ് പ്രീമിയം, YuppTV, Hotstar എന്നിങ്ങനെയുള്ള ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്‌സസും ലഭിക്കുന്നു.
249 രൂപയുടെ പ്രീമിയം പായ്ക്കിലാകട്ടെ, ZEE5 പ്രീമിയം, SonyLIV പ്രീമിയം, YuppTV, Shemaroo, Hungama, Lionsgate, Hotstar എന്നിവയിലേക്കുള്ള ആക്സസും ലഭിക്കുന്നതാണ്.