നഷ്ടക്കണക്കിൽ നിന്ന് രക്ഷയില്ല BSNLന്. 4Gയും 5Gയും സമീപഭാവിയിൽ എത്തുമെന്ന വാഗ്ദാനം വിശ്വസിച്ച് ചുരുങ്ങിയ വരിക്കാർ മാത്രമാണ് പൊതുമേഖല ടെലികോം കമ്പനിയുടെ കൈവശമുള്ളത്. റീചാർജ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുകയാണെങ്കിൽ, കൈയിലുള്ളവരും കൈവിടുമെന്നതിലും സംശയമില്ല. പോരാത്തതിന്, BSNL സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവരായിരിക്കും ഇതിൽ ഭൂരിഭാഗവും എന്ന വസ്തുതകളും തള്ളിക്കളയാനാകില്ല.
സർക്കാർ ഉടമസ്ഥതയിലുള്ള BSNLന് 2023 സാമ്പത്തിക വർഷത്തിൽ 8,161 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ 6,982 കോടി രൂപയിൽ നിന്നാണ് ഇത്തവണ 8,161 കോടി രൂപയിലേക്ക് എത്തിയിരിക്കുന്നത്. ജീവനക്കാരുടെ വേതനത്തിൽ നൽകുന്ന ചെലവും കമ്പനിയുടെ മറ്റ് ചെലവുകളുമെല്ലാം ഇത്തവണ വർധിച്ചു. 5.1 ശതമാനം വർധനവാണ് BSNLന് ചെലവിൽ ഉണ്ടായിരിക്കുന്നത്. അതായത്, കമ്പനിയുടെ മൊത്തം ചെലവ് തുകയായി പറഞ്ഞാൽ 27,364 കോടി രൂപയാണ്. ഇതിൽ ജോലിക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.
ഈ സാമ്പത്തിക വർഷം 16,189 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്, 17,688 കോടി രൂപയുടെ എജിആർ കുടിശ്ശിക എന്നിവയിലേക്കും BSNLന് ചെലവ് വഹിക്കേണ്ടി വന്നുവെന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. ഇതുവഴി സർക്കാരിന്റെ സ്വന്തം ടെലികോം കമ്പനിക്ക് 1,499 കോടി രൂപയുടെ അധിക നഷ്ടം സംഭവിക്കുകയായിരുന്നു. ഇത് മൊത്ത ചെലവിനെയും നേരിട്ട് ബാധിച്ചു.
ഇതെല്ലാം ഇന്ത്യയിലെ BSNLന്റെ ആകെത്തുകയാണ്. കേരളം മാത്രമായി പരിഗണിക്കുകയാണെങ്കിൽ ഒരുപക്ഷേ BSNLന് ലാഭം വല്ലതും സംഭവിച്ചോ എന്ന് നമ്മൾ ചിന്തിച്ചേക്കാം. കാരണം, കേരളം, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ കമ്പനിയ്ക്ക് തരക്കേടില്ലാതെ വരിക്കാരുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ. എന്നാൽ കണക്കുകളിൽ കേരളവും BSNLനെ കൈവിട്ട മട്ടാണ്. കാരണം, 2023 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്ന് കമ്പനിയ്ക്കുണ്ടായ വരുമാനം 1,656 കോടി രൂപയാണ്. ഇത് മുൻവർഷത്തേക്കാൾ 2 ശതമാനം കുറവാണ്. പഞ്ചാബിലും ഒട്ടും ആശ്വാസം തരാത്ത രീതിയിൽ നഷ്ടമുണ്ടായിട്ടുണ്ട്.
ഇതിന് പുറമെ, കർണാടക, ജമ്മു കശ്മീർ, ആൻഡമാൻ നിക്കോബാർ, യുപി (വെസ്റ്റ്), ഗുജറാത്ത്, ചെന്നൈ, തെലങ്കാന എന്നിവിടങ്ങളിലെല്ലാം BSNLന്റെ വരുമാനത്തിൽ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ വരും മാസങ്ങളിൽ തന്നെ ബിഎസ്എൻഎൽ രാജ്യത്ത് 4G അവതരിപ്പിക്കുകയാണ്. അടുത്ത 6 മാസത്തിനുള്ളിൽ ഇന്ത്യയൊട്ടാകെ തങ്ങളുടെ 4G സേവനം വ്യാപിപ്പിക്കുമെന്നും കമ്പനി പറഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ വരിക്കാരെ നേടാൻ സഹായിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, പഞ്ചാബ് തുടങ്ങിയ ഉയർന്ന വരുമാനമുള്ള സർക്കിളുകളിലായിരിക്കും BSNL ആദ്യം സേവനങ്ങൾ നൽകുക.