സർക്കാർ ടെലികോം കമ്പനി BSNL ശരിക്കും ഞെട്ടിക്കുകയാണ്. BSNL D2D ടെക്നോളജി ടെക് ലോകം ചർച്ച ചെയ്ത വിഷയമാണ്. SIM Card ആവശ്യമില്ലാതെ, സാറ്റലൈറ്റിൽ നിന്ന് നേരിട്ട് കണക്ഷൻ കിട്ടും. അതും ഫാസ്റ്റ്- സേഫ്റ്റിയുള്ള കണക്റ്റിവിറ്റിയാണ് ബിഎസ്എൻഎൽ d2d ഉറപ്പാക്കുന്നത്.
Direct-to-Device എന്നാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന പുതിയ ടെക്നോളജിയുടെ പേര്. ഇതിലൂടെ ഇന്ത്യയിൽ ഉപഗ്രഹത്തിൽ നിന്ന് ഉപകരണത്തിലേക്ക് സേവനം ആരംഭിക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി ബിഎസ്എൻഎൽ. ജിയോയും എയർടെലും ഡി-2-ഡിയ്ക്ക് പിന്നാലെയുണ്ട്. എന്നാലും ഈ അത്യാധുനിക ടെക്നോളജി ആദ്യം നടപ്പിലാക്കുന്നത് ബിഎസ്എൻഎല്ലിലൂടെയാണ്. ഫോണുകൾക്കിടയിൽ സിഗ്നലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും ഉപഗ്രഹം ഒരു ടവറായി പ്രവർത്തിക്കും.
സർക്കാർ ടെലികോം ഈ സേവനം ഡൽഹിയിലെ മൊബൈൽ കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു. ഉടൻ ഇന്ത്യയിൽ സാറ്റലൈറ്റ് ടു ഡിവൈസ് സേവനം നൽകുമെന്നും അറിയിച്ചിരുന്നു. ഇപ്പോഴിതാ പറഞ്ഞ വാക്ക് ഒട്ടും വൈകാതെ ടെലികോം കമ്പനി പാലിച്ചു.
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് കമ്പനിയായ വിയാസറ്റുമായി ചേർന്നാണ് ബിഎസ്എൻഎല്ലിന്റെ D2D ഉദ്യമം. യുഎസ് ആസ്ഥാനമായുള്ള സാറ്റലൈറ്റ് കമ്പനിയാണ് Viasat. ഓഡിയോ, വീഡിയോ കോളുകളും മെസേജുകളുമെല്ലാം സിം ഇല്ലാതെ ലഭ്യമാകും. അതും ഫാസ്റ്റ് കണക്റ്റിവിറ്റിയാണ് ഡയറക്ട്-ടു-ഡിവൈസിലൂടെ ബിഎസ്എൻഎൽ ഉറപ്പാക്കുന്നത്.
ബിഎസ്എൻഎൽ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ്-ടു-ഡിവൈസ് സേവനം ലോഞ്ച് ചെയ്തതായി കമ്പനി അറിയിച്ചു. തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഇപ്പോൾ ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിൽ വരെ എത്തുന്നു. ഇതിലൂടെ മൊബൈൽ ടവറില്ലാത്ത ഇടത്തും സാറ്റലൈറ്റ് വഴി സേവനം എത്തിക്കാം. ഇങ്ങനെ ഡിജിറ്റൽ ഇന്ത്യയുടെ വികസനത്തിലേക്ക് സുപ്രധാന ചുവടുവയ്പ്പാണ് ടെലികോം നടപ്പിലാക്കിയത്. ടവറുകളും സാറ്റലൈറ്റും സമന്വയിപ്പിച്ചുള്ള കണക്റ്റിവിറ്റിയാണിത്.
ആഗോളതലത്തിൽ ഐഒടി ഉപകരണങ്ങൾക്കായി സാറ്റലൈറ്റ് സേവനങ്ങൾ വിപുലീകരിക്കാൻ സഹായിക്കുമെന്ന് വിയാസാറ്റ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള പങ്കാളികളുമായി കമ്പനി പ്രവർത്തിച്ചു വരുന്നു.
ഡി-2-ഡി ടെക്നോളജിയുടെ ട്രയൽ വിജയകരമായി പൂർത്തിയാക്കി. നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്ക് (NTN) കണക്റ്റിവിറ്റിക്കായി ആക്ടീവാക്കിയ സ്മാർട്ഫോണിലാണ് ഇത് പരീക്ഷിച്ചത്. ഇതിനായിട്ടുള്ള ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് വിയാസാറ്റ് ടു-വേ മെസേജിങ് പരീക്ഷിച്ചു.
അതുപോലെ എമർജൻസി എസ്ഒഎസ് മെസേജിങ്ങും വിജയകരമായി ട്രയൽ നടത്തി. കൂടാതെ ജിയോസ്റ്റേഷണറി എൽ-ബാൻഡ് ഉപഗ്രഹങ്ങളിലൊന്നിലേക്ക് ഏകദേശം 36,000 കിലോമീറ്റർ മെസേജ് അയച്ചു. ഈ പരീക്ഷണങ്ങൾ ഡി2ഡി വിപുലീകരിക്കാനുള്ള ശുഭപ്രതീക്ഷകളാണ് തരുന്നത്.
മൊബൈൽ ഫോണുകൾക്ക് മാത്രമായിട്ടല്ല ഡി2ഡി ടെക്നോളജി. സ്മാർട്ട് വാച്ചുകൾ അല്ലെങ്കിൽ കാറുകൾ പോലുള്ള ദൈനംദിന ഉപകരണങ്ങളിലും ഇത് പ്രവർത്തിപ്പിക്കാനാകും.
ഈ പുതിയ സേവനം ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും ഇനിയും വിപുലീകരിച്ചിട്ടില്ല. ഡി2ഡിയുടെ ലഭ്യത, പ്രവേശനക്ഷമത, ലഭിക്കുന്ന പ്രദേശങ്ങൾ എന്നിവയെ കുറിച്ച് കമ്പനി അറിയിച്ചിട്ടില്ല. ഡയറക്ട് ടു ഡിവൈസ് സേവനത്തിന്റെ ഫീസ് വിവരങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Also Read: BSNL Limited Offer: 90 ദിവസത്തെ പ്ലാനിന് 400 രൂപ പോലുമാകില്ല! Unlimited കോളിങ്ങും ഡാറ്റയും…