ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (Bharat Sanchar Nigam Limited) അഥവാ ബിഎസ്എൻഎൽ (BSNL) ഉപഭോക്താക്കൾക്ക് ആകർഷകമായ ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചു. ഫൈബർ ബേസിക് (Fibre Basic) എന്ന പുതിയ ബ്രോഡ്ബാൻഡാണ് ബിഎസ്എൻഎൽ കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയൊട്ടാകെയായി കമ്പനി അവതരിപ്പിക്കുന്ന ഈ പ്ലാനിന് കീഴിൽ ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു. നികുതികൾ ഒഴികെ 499 രൂപയ്ക്കാണ് ഈ ഓഫർ നിലവിൽ ലഭ്യമാകുക. അതായത് 3,000 GBയിൽ കൂടുതൽ ലഭിക്കും.
ഫൈബർ ബേസിക് എന്ന് അറിയപ്പെടുന്ന പ്ലാൻ ഇതിന് മുൻപും കമ്പനി അവതരിപ്പിച്ചിരുന്നുവെങ്കിലും, ഇടയ്ക്ക് നിർത്തലാക്കി. ഇപ്പോഴിതാ, കൂടുതൽ മാറ്റങ്ങളോടെ, പുതുക്കിയ വിലയിലും മികച്ച ആനുകൂല്യങ്ങളിലുമാണ് വീണ്ടും ബിഎസ്എൻഎൽ ഈ പ്ലാൻ കൊണ്ടുവന്നിട്ടുള്ളത്. 3TBയിൽ കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഫൈബർ ബേസിക് പ്ലാനിനെ (Fibre Basic plan) കുറിച്ച് വിശദമായി അറിയാം.
നികുതി കൂടാതെ 499 രൂപ അടയ്ക്കുന്നവർക്ക് പ്രതിമാസം 3.3TBയുടെ FUP ഡാറ്റ ലഭിക്കും. 40Mbps വേഗതയിലാണ് ഡാറ്റ ലഭിക്കുക. എന്നാൽ, ഡാറ്റ പൂർണമായും ഉപയോഗിച്ച് കഴിഞ്ഞാൽ 4Mbpsനേക്കാൾ കുറഞ്ഞ വേഗതയിലായിരിക്കും ഇന്റർനെറ്റ് സേവനം പ്രയോജനപ്പെടുത്താനാകുന്നത്.
ഭേദമായ തുകയ്ക്ക്, അൺലിമിറ്റഡ് ഡാറ്റ ലഭിക്കുമെന്നതാണ് BSNLന്റെ ഈ പ്രത്യേക പ്ലാനിന്റെ സവിശേഷത. കൂടാതെ, ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും, ആദ്യ മാസത്തേക്ക് 90% കിഴിവും ലഭിക്കുന്നതാണ്.
ബിഎസ്എൻഎൽ (BSNL) പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഫൈബർ ബേസിക്കിന്റെ ഡിസ്കൗണ്ട് പതിപ്പും അവതരിപ്പിക്കുന്നു. ഫൈബർ ബേസിക് നിയോ ( Fibre Basic Neo) എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. മുകളിൽ സൂചിപ്പിച്ച എല്ലാ ആനുകൂല്യങ്ങളും ഇതിലും ലഭിക്കുന്നതാണ്. എന്നാൽ, ഫൈബർ ബേസിക് പ്ലാനിൽ (Fibre Basic Plan) നിന്ന് വ്യത്യസ്തമായി പ്രതിമാസം 449 (നികുതികൾ ഒഴികെ) രൂപയാണ് അടയ്ക്കേണ്ടതെങ്കിലും ഇത് ആദ്യ ആറ് മാസത്തേക്ക് മാത്രമായിരിക്കും. ഇതിന് ശേഷം ഉപയോക്താക്കൾക്ക് പ്രതിമാസം 499 രൂപ അടയ്ക്കേണ്ടി വരും.
അതിനാൽ തന്നെ ഫൈബർ ബേസിക് പ്ലാനും ഫൈബർ ബേസിക് നിയോ പ്ലാനും ഈടാക്കുന്ന തുക തുല്യമാണെന്ന് പറയാം. ആദ്യ മാസത്തിലാണ് ഒരു പ്ലാനിൽ ഡിസ്‌കൗണ്ട് ലഭിക്കുന്നതെങ്കിൽ, മറ്റൊന്ന് അതേ ഡിസ്‌കൗണ്ട് ആറ് മാസത്തെ കാലാവധിയ്ക്കുള്ളിലായി നൽകുന്നു. ഇവ രണ്ടും നിലവിൽ ലഭ്യമായ റീചാർജിങ് പ്ലാൻ ആണ്. ബിഎസ്എൻഎല്ലി(BSNL)ന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഈ പ്ലാനുകൾ വാങ്ങാവുന്നതാണ്.