മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഇനിയും BSNL 4G-യ്ക്കായി കാത്തിരിക്കേണ്ട. സർക്കാർ ടെലികോം കമ്പനി ഉടനെ 4G കണക്റ്റിവിറ്റി എത്തിക്കുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് മുതൽ രാജ്യത്തുടനീളം ബിഎസ്എൻഎൽ 4G സേവനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Bharat Sanchar Nigam Limited സർക്കാർ ടെലികോം കമ്പനിയാണ്. ഇതുവരെയും 4G സേവനം ടെലികോം ഓപ്പറേറ്റർ തുടങ്ങിയിട്ടില്ല. ജിയോ, എയർടെൽ പോലുള്ള സ്വകാര്യ കമ്പനികൾ 5G-യിൽ കുതിക്കുകയാണ്.
വോഡഫോൺ-ഐഡിയയും അധികം വൈകാതെ 5G അപ്ഡേറ്റിലേക്കാകും. എന്നാൽ BSNL ഇക്കാര്യത്തിൽ വളരെ പിന്നിലാണെന്നാണ് പരക്കെയുള്ള പരാതി.
ബിഎസ്എൻഎൽ മൂന്ന് മാസത്തിനുള്ളിൽ 4G വിന്യസിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആത്മനിർഭർ എന്ന സർക്കാർ പോളിസിയുടെ സഹായത്താൽ ഇത് നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇങ്ങനെ പൂർണമായും തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് 4G ആരംഭിക്കും. ഈ 4G സേവനങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്.
4ജിയ്ക്കായുള്ള പരീക്ഷണങ്ങളും കമ്പനി നടത്തി. 700 Mhz-ൽ പ്രീമിയം സ്പെക്‌ട്രം ബാൻഡിൽ 4ജി നെറ്റ്‌വർക്ക് പുറത്തിറക്കി. പൈലറ്റ് ഘട്ടത്തിൽ 2,100 Mhz ബാൻഡിലും പുറത്തിറക്കി. ഇവ സെക്കൻഡിൽ 40-45 മെഗാബിറ്റ് പീക്ക് സ്പീഡ് രേഖപ്പെടുത്തി. ഇക്കാര്യം BSNL അധികൃതർ വ്യക്തമാക്കിയെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടിസിഎസും സി-ഡോട്ടും ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയ ഉപയോഗിച്ചാണ് 4ജി നടപ്പിലാക്കുന്നത്. ഇങ്ങനെ ടെലികോം കമ്പനി പഞ്ചാബിൽ 4ജി സേവനങ്ങൾ വിന്യസിപ്പിച്ചിട്ടുണ്ട്. ഏകദേശം 8 ലക്ഷം വരിക്കാരെ ഇതിലൂടെ ബിഎസ്എൻഎല്ലിന് ലഭിച്ചു.
READ MORE: Panchayat New Season: കോമഡി Series ഈ മാസം, എവിടെ, എപ്പോൾ സ്ട്രീമിങ്?
കഴിഞ്ഞ വർഷം ജൂലൈയിലാണ് പഞ്ചാബ് സംസ്ഥാനത്ത് കമ്പനി 4ജി എത്തിച്ചത്. ഈ ടെക്നോളജിയുടെ ഫലം അറിയാൻ 12 മാസം എടുക്കുമെന്നാണ് പറയുന്നത്. എന്നാൽ C-DoT കോർ 10 മാസത്തിനുള്ളിൽ സ്ഥിരത കൈവരിച്ചിരിക്കുന്നു. ഇനി ആത്മനിർഭർ വഴിയുള്ള 4ജി കണക്റ്റിവിറ്റിയാണ്. ഇത് ഓഗസ്റ്റിൽ ബിഎസ്എൻഎൽ രാജ്യത്തുടനീളം വിന്യസിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
രാജ്യത്തുടനീളം 4G സേവനത്തിനായി 9,000-ലധികം ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ 6,000-ത്തിലധികം പഞ്ചാബ്, ഹിമാചൽ പ്രദേശ്, യുപി വെസ്റ്റ്, ഹരിയാന സർക്കിളുകളിലാണ്. ഇതുകൂടാതെ വരിക്കാരോടും 4ജിയിലേക്ക് അപഗ്രേഡ് ചെയ്യാൻ കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 4-5 വർഷമായി 4G സിം കാർഡുകളാണ് ബിഎസ്എൻഎൽ വിൽക്കുന്നത്. അതിനാൽ ഇനിയും വരിക്കാർക്ക് നിരാശപ്പെടേണ്ടതില്ലെന്ന് കരുതാം.