BSNL 4G രണ്ടാഴ്ചയ്ക്കുള്ളിൽ, 5G ഡിസംബറോടെ

Updated on 25-May-2023
HIGHLIGHTS

ബിഎസ്എൻഎൽ രണ്ടാഴ്ചയ്ക്കുള്ളിൽ 4G അവതരിപ്പിക്കാൻ ഒരുങ്ങുന്നു

200 സൈറ്റുകളിൽ 4G നൽക്കാനുള്ള നടപടികൾ ആരംഭിച്ചു

നവംബർ-ഡിസംബറോടെ തന്നെ ബിഎസ്എൻഎൽ 5G അവതരിപ്പിക്കും

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം ബിഎസ്എൻഎൽ രണ്ടാഴ്ചയ്ക്കുള്ളിൽ 4G അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 200 സൈറ്റുകളിൽ 4G നൽക്കാനുള്ള നടപടികൾ ബിഎസ്എൻഎൽ തുടങ്ങിക്കഴിഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ ബിഎസ്എൻഎൽ 4G സേവനം ഉപയോക്താക്കൾക്കു ലഭിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നവംബർ- ഡിസംബറോടെ തന്നെ ബിഎസ്എൻഎൽ 4G നെറ്റ്‌വർക്ക് 5Gയിലേയ്ക്ക് ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

19,000 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നൽകി

ഇന്ത്യയിൽ തന്നെ വികസിപ്പിച്ച ഉപകരണങ്ങളും, സാങ്കേതികവിദ്യയുമാണ് ബിഎസ്എൻഎൽ 4Gക്കായി ഉപയോഗിക്കുന്നത്. ചണ്ഡീഗഡിനും ഡെറാഡൂണിനുമിടയിൽ 200 സൈറ്റുകളിൽ ഇവ വിന്യസിച്ചു കഴിഞ്ഞു. പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് തത്സമയമാകുമെന്ന് മന്ത്രി പറഞ്ഞു. 1.23 ലക്ഷത്തിലധികം സൈറ്റുകളിൽ 4G നെറ്റ്വർക്ക് വിന്യാസിക്കുന്നതിനായി ബിഎസ്എൻഎൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐടിഐ ലിമിറ്റഡ് എന്നിവയ്ക്ക് കഴിഞ്ഞ ദിവസം 19,000 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നൽകിയിരുന്നു.

ഓരോ മിനിറ്റിലും ഒരു 5G സൈറ്റ് ആക്ടിവേട് ആയികൊണ്ടിരിക്കുകയാണ്

ബിഎസ്എൻഎൽ 4G യുടെ വേഗം ഏവരെയും ആശ്ചര്യപ്പെടുത്തും. 3 മാസം നീണ്ട പരീക്ഷണത്തിനൊടുവിലാണ് 200 സൈറ്റുകൾ പ്രവർത്തനക്ഷമമാകുന്നത്.
രാജ്യത്ത് ഇന്ന് ഓരോ മിനിറ്റിലും ഒരു 5G സൈറ്റ് ആക്ടിവേട് ആയികൊണ്ടിരിക്കുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്കൊപ്പം ഗംഗോത്രിയിലെ ചാർധാമിൽ 5G സൈറ്റ് ഇൻസ്റ്റാൾ ചെയ്തുകൊണ്ട് വൈഷ്ണവ് പറഞ്ഞു. 5G ലഭ്യമാകുന്ന 2 ലക്ഷം സൈറ്റുകൾ എന്ന നാഴിക കല്ലാണ് ഇതോടെ മറികടന്നത്. 5Gയിൽ ഇന്ത്യ ലോകത്തോടൊപ്പവും 6Gയിൽ മുന്നിലും എത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യ കൈമാറ്റം ചെയ്തിരുന്ന കാലം കിഴഞ്ഞെന്നും, ഇന്ന് ഇന്ത്യ ഒരു സാങ്കേതിക കയറ്റുമതിക്കാരനായി മാറിയിരിക്കുന്നുവെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു. 2022 ഒക്‌ടോബർ 1ന് 5G സേവനം ആരംഭിച്ച് 5 മാസത്തിനുള്ളിൽ തന്നെ പ്രധാനമന്ത്രി 1 ലക്ഷം സൈറ്റുകൾ എന്ന നാഴികകല്ല് സ്ഥാപിച്ചിരുന്നു. മൂന്നു മാസത്തിനുള്ളിൽ തന്നെ 1 ലക്ഷം സൈറ്റുകൾ കൂടി ഈ ശ്രേണിയിൽ കൂട്ടിച്ചേർക്കാൻ സാധിച്ചെന്നും വൈഷ്ണവ് പറഞ്ഞു.

യുഎസ് പോലും ഇന്ത്യയിൽ നിർമിച്ച ടെലികോം സാങ്കേതിക വിദ്യ വിന്യസിക്കാൻ തുടങ്ങി. അതിവേഗ സർവീസ് ഇന്ത്യയുടെ മുഖഛായ മാറ്റും. ദുരിതാശ്വാസം, ദുരന്തനിവാരണം, നിരീക്ഷണം, സമ്പദ്വ്യവസ്ഥയുടെ ഉത്തേജനം എന്നിവയ്ക്ക് ഇതു സഹായിക്കും. ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാർനാഥ്, യംനോത്രി, ഗംഗോത്രി എന്നീ ചാർധാമിന്റെ ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റിയും മന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

Connect On :