സർക്കാർ പൊതുമേഖല ടെലികോം കമ്പനിയാണ് BSNL. വളരെ തുച്ഛ വിലയ്ക്ക് ഡാറ്റ ഓഫറുകളും റീചാർജ് പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നു. എങ്കിലും ഇതുവരെയും സർക്കാർ ടെലിക്കോമിന് 4G, 5G സേവനങ്ങൾ നൽകാനായിട്ടില്ല.
2024ൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4G എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിൽ അടുത്ത മാസം 4G സർവ്വീസ് തുടങ്ങുന്നുവെന്നും പറയുന്നു. എന്നാൽ കേരളത്തിനെ ഇതുവരെയും ബിഎസ്എൻഎൽ പരിഗണിച്ചിട്ടില്ല എന്നാണ് ആരോപണം.
കേരളത്തിനും എന്നാൽ BSNL അതിവേഗ ഇന്റർനെറ്റ് സേവനം നൽകും. എറണാകുളത്തായിരിക്കും ആദ്യ 4G സേവനം. ഇത് 2024 അവസാന പാദത്തിൽ തന്നെ നടപ്പിലാക്കിയേക്കും. തുടർന്ന് അടുത്ത വർഷം കമ്പനി 5Gയും കൊണ്ടുവരും. ജില്ലയിലെ 4G സേവനത്തെ കുറിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. എറണാകുളം ബിസിനസ് ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ സുരേന്ദ്രൻ വിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലുടനീളം 4G വിന്യസിക്കുന്നതിനുള്ള പ്രക്രിയയിലാണ് ബിഎസ്എൻഎൽ. രാജ്യത്തുടനീളം 1 ലക്ഷം 4G സൈറ്റുകൾ വിന്യസിക്കും. ഈ പ്രക്രിയ 2025ൽ പൂർത്തിയാകുമെന്നും റിപ്പോർട്ടുകളുണ്ട്.
2027 ആകുമ്പോഴേക്കും BSNL ലാഭത്തിലാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഇതിന് 4G അവതരിപ്പിക്കുന്നത് സഹായിക്കും. കൂടാതെ ടെലികോം കമ്പനിയുടെ ദുരിതാശ്വാസ പാക്കേജുകളും സഹായകമാകും.
2025 ആകുമ്പോൾ ബിഎസ്എൻഎല്ലിന് 20 ശതമാനം വിപണി വിഹിതം നേടാനാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ നിലവിൽ ബിഎസ്എൻഎല്ലിന് വിപണി വിഹിതം തുടർച്ചയായി നഷ്ടപ്പെടുകയാണ്. അതിവേഗ നെറ്റ്‌വർക് സംവിധാനം ഇല്ലെന്നതാണ് പോരായ്മ. കൂടാതെ, ജിയോ, എയർടെൽ പോലുള്ള സ്വകാര്യ കമ്പനികൾ ഈ മേഖലയിൽ ആധിപത്യം നേടി.
ഇപ്പോഴും ബിഎസ്എൻഎൽ ഭൂരിഭാഗം സർക്കിളുകളിൽ 2G, 3G കണക്റ്റിവിറ്റിയിലാണ്. എന്നാൽ കമ്പനിയെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ 4G, 5G സ്‌പെക്‌ട്രം നേരത്തെ റിസർവ് ചെയ്തു. ഇതിനുള്ള ഇൻഫ്രാസ്ട്രക്ചർ തയ്യാറായൈൽ 4G പുറത്തിറക്കാനാകും. പിന്നീട് ഇതുപയോഗിച്ച് 5G NSAയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുമാകും.
ഇന്ത്യ ഇപ്പോൾ 5Gയിൽ കുതിക്കുകയാണ്. ടെലികോം ഓപ്പറേറ്റർമാർ ഏകദേശം 2 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നതിന് പദ്ധതിയിടുന്നു. യുഎസ്, ഓസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുടെ ടെലികോം വ്യവസായത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചു. കാരണം രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4G, 5G കണക്റ്റിവിറ്റി തന്നെയാണ്.
READ MORE: iQOO Z7 Pro 5G Amazon Deal: 64 MP iQOO Z7 Pro 5G ലാഭത്തിൽ വാങ്ങാൻ സുവർണാവസരം!