BSNL 4G വരും മാസങ്ങളിൽ വരുമെന്ന പ്രതീക്ഷയിലാണ് വരിക്കാർ. എന്നാൽ 4ജി ലഭിക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. മിക്കവാറും ഈ വർഷം അവസാനമായിരിക്കും 4ജി എത്തുക.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. കമ്പനി 4ജി വിന്യസിക്കുന്നത് വൈകുന്നതിനാൽ പുതിയൊരടവ് പരീക്ഷിക്കുകയാണ്. ബിഎസ്എൻഎൽ Vodafone Idea ലിമിറ്റഡിന്റെ സഹായമാണ് തേടുന്നത്. ഈ നിർദേശം വച്ചിരിക്കുന്നത് മറ്റാരുമല്ല. ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടന തന്നെയാണ്.
നിലവിൽ പൊതുമേഖല ടെലികോം കമ്പനികളായ ജിയോയും എയർടെലും 5G തരുന്നുണ്ട്. എന്നാൽ ബിഎസ്എൻഎല്ലിന് ഇതുവരെയും 4ജി പോലും എത്തിക്കാനായിട്ടില്ല. അതിനാൽ തന്നെ വരിക്കാരും കൊഴിഞ്ഞു പോകുകയാണ്. കൂടാതെ, 4ജി ലോഞ്ച് വൈകുന്നത് ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക പുനരുജ്ജീവനത്തെ ബാധിക്കുന്നു.
ബിഎസ്എൻഎൽ ഒരു സർക്കാർ ടെലികോം കമ്പനിയാണ്. Vi സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സർവ്വീസല്ല. എങ്കിലും വോഡഫോൺ ഐഡിയയുടെ വലിയൊരു ഓഹരി ഉടമ സർക്കാരാണ്. അതിനാൽ തന്നെ വോഡഫോൺ ഐഡിയ ലിമിറ്റഡ് നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്താൻ ജീവനക്കാർ നിർദേശിച്ചിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ജീവനക്കാർ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി.
നിലവിൽ, വോഡഫോൺ ഐഡിയ ലിമിറ്റഡിൽ (Vi) 33.1% ഓഹരി കേന്ദ്ര സർക്കാരിനുണ്ട്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് വിഐ. വിഐയുടെ ഏറ്റവും വലിയ ഓഹരിയുടമ എന്ന പദവി ഉപയോഗപ്പെടുത്തി ബിഎസ്എൻഎല്ലിനും പ്രയോജനമുണ്ടാക്കാനാണ് സർക്കാരിന്റെ പദ്ധതി.
വിഐയുടെ 4G നെറ്റ്‌വർക്ക് ഉപയോഗിച്ച് തങ്ങളുടെ വരിക്കാർക്ക് 4G സേവനം നൽകാനാണ് തീരുമാനം. ഇതിനായി BSNL പ്രതിനിധികൾ നിർദേശിച്ചുവെന്നും മിന്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പറയുന്നു.
നിലവിൽ വിഐയിൽ നിന്നും നെറ്റ്‌വർക്ക് ഉപയോഗിക്കാമെന്നാണ് ജീവനക്കാർ പറയുന്നത്. ബിഎസ്എൻഎല്ലിന്റെ 4G നെറ്റ്‌വർക്ക് ടിസിഎസ് കമ്മീഷൻ ചെയ്യുന്നത് വരെയാണ് ഇത്തരമൊരു നടപടി. അതായത് ഇതൊരു താൽക്കാലിക നടപടി മാത്രമായിരിക്കും.
ഇതിലൂടെ വരിക്കാർ കൊഴിഞ്ഞുപോകുന്നതിനെ പ്രതിരോധിക്കാമെന്നാണ് പ്രതീക്ഷ. അതിനാൽ ഇന്ത്യാ ഗവൺമെന്റ് സമയോചിതമായ ഇടപെടൽ സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഈ വർഷം ഒക്ടോബറോടെ പാൻ-ഇന്ത്യ 4G സേവനങ്ങൾ ആരംഭിക്കാനാണ് ബിഎസ്എൻഎൽ പദ്ധതി.
എന്നാൽ ഇതിലും കാലതാമസം വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. കാരണം 4ജിയ്ക്കായുള്ള ടിസിഎസ് 4ജി ഉപകരണങ്ങളുടെ വിതരണവും ഇൻസ്റ്റാളേഷനും വൈകുന്നു. ഒരുപക്ഷേ 4G എത്താൻ ഡിസംബർ വരെയും കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ യൂണിയൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥനയുമായി വന്നിരിക്കുന്നത്.