Reliance Jio താരിഫ് ഉയർത്തിയത് Mukesh Ambani-യ്ക്ക് നേട്ടമോ കോട്ടമോ? ഈ വർഷം പകുതിയായപ്പോഴാണ് റിലയൻസ് ജിയോ റീചാർജ് പ്ലാനുകളുടെ വില ഉയർത്തിയത്. താരിഫ് കൂട്ടിയത് വൻ നിരക്കിലായതിനാൽ അത് സാധാരണക്കാരെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
ഇത് ശരിക്കും അംബാനിയുടെ ജിയോയുടെ അടിത്തറയിൽ പ്രതിഫലിക്കാൻ തുടങ്ങി. മിക്ക വരിക്കാരും ഉയർന്ന നിരക്ക് താങ്ങാനാവാതെ ബിഎസ്എൻഎല്ലിലേക്ക് ചേക്കേറി. ജിയോയ്ക്കൊപ്പം എയർടെലും വിഐയും പ്ലാൻ ഉയർത്തിയതും ഇതിന് കാരണമായി.
താരിഫ് ഉയർത്തി രണ്ടാം പാദത്തിൽ റിലയൻസിന് വരിക്കാരെ നഷ്ടമായെന്നാണ് കണക്കുകൾ. അതും ഏകദേശം ഒരു കോടിയലധികം ജിയോ യൂസേഴ്സ് കമ്പനി വിട്ടുപോയി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 1,09,00000 ഉപഭോക്താക്കൾ ജിയോ വിട്ടിട്ടുണ്ട്.
എന്നാൽ ഇത് അംബാനിയ്ക്ക് ഏറ്റ തിരിച്ചടിയാണോ? വ്യവസായ മേഖലയിൽ ജിയോയുടെ താരിഫ് വർധന എങ്ങനെയാണ് ബാധിച്ചത്? കമ്പനിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ പ്രശ്നമായോ? ഇല്ല എന്ന് വേണം ഇതിന് ഉത്തരം പറയാൻ. കാരണം താരിഫ് ഉയർത്തുമ്പോൾ സാധാരണയായി നടക്കുന്ന സംഭവമാണിത്. വില കൂട്ടുമ്പോൾ കുറച്ച് വരിക്കാർ സിം മാറ്റി മറ്റൊന്നിലേക്ക് നീങ്ങും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
നഷ്ടത്തിന്റെ കണക്ക് മാത്രമല്ല റിലയൻസ് ജിയോ വരിക്കാർക്കുള്ളത്. ജിയോയുടെ 5G വരിക്കാരുടെ എണ്ണം ഉയർന്നതായാണ് റിപ്പോർട്ട്. 17 ദശലക്ഷം വരിക്കാർ വർധിച്ചതായി മൊത്തത്തിലുള്ള കണക്കുകൾ വ്യക്തമാക്കുന്നു. മുമ്പ് 130 ദശലക്ഷമായിരുന്നു. ഇപ്പോൾ ബേസിക് യൂസേഴ്സ് 147 ദശലക്ഷത്തിലെത്തിയെന്നാണ് റിപ്പോർട്ട്. നിലവിൽ, ARPU കണക്കും 181.7-ൽ നിന്ന് 195.1 ആയി ഉയർന്നു. എങ്കിലും ജിയോയുടെ മൊത്തത്തിലുള്ള വരിക്കാരുടെ എണ്ണം കുറഞ്ഞെന്ന് സമ്മതിക്കാതെ ഇരിക്കാനാകില്ല.
ഈ സാഹചര്യത്തിൽ ജിയോ എന്താണ് വിശദീകരണം നൽകുന്നതെന്നോ? ഇങ്ങനെയൊരു അന്തരീക്ഷത്തെ കുറിച്ച് കമ്പനിക്ക് അറിയാമെന്നും ഇത് ലാഭത്തിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും ജിയോ പറഞ്ഞു. ടെലികോം റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്.
വരിക്കാർ കുറഞ്ഞാലും ഏറ്റവും മികച്ച സേവനങ്ങളാണ് ജിയോ നൽകി വരുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച 5G നെറ്റ്‌വർക്ക് നൽകാനാണ് കമ്പനി ശ്രദ്ധിക്കുന്നത്. FWA എന്ന ഫിക്‌സഡ് വയർലെസ് ആക്‌സസ് സേവനവും ജിയോയിലുണ്ട്. ഇതിലൂടെ നിരവധി വീടുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ ബന്ധിപ്പിക്കാൻ കഴിയും. അതുകൊണ്ട് തന്നെ ഒരു കോടി വരിക്കാരുടെ നഷ്ടം ഒരു വലിയ പ്രശ്നമല്ലെന്ന് ജിയോ അറിയിക്കുന്നു.