ഇന്ത്യയിലെ ടെലിക്കോം വമ്പന്മാരിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് എയർടെൽ (Airtel). വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും നിരക്കുകൾ ഉയർത്തുന്ന കാര്യത്തിൽ എയർടെൽ (Airtel) ഒന്നാം സ്ഥാനത്താണ് എന്നാണ് വരിക്കാർ പറയുന്നത്. നിരക്കുകൾ ഉയർത്തുന്നുണ്ട് എങ്കിലും മറ്റ് ഏത് ടെലികോം കമ്പനി നൽകുന്നതിലും നല്ല മെച്ചപ്പെട്ട സേവനം ഉപയോക്താവിന് നൽകാൻ എയർടെലിന് കഴിയുന്നുണ്ട്. ഡാറ്റ പ്ലാനുകൾ, അൺലിമിറ്റഡ് പ്ലാനുകൾ, കോളിങ് പ്ലാനുകൾ, വാലിഡിറ്റിക്ക് പ്ലാധാന്യം നൽകിയുള്ള പ്ലാനുകൾ, വിവിധ ഒടിടി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ എന്നിങ്ങനെ വിവിധ ശ്രേണികളിലായി നിരവധി റീച്ചാർജ് ഓപ്ഷനുകൾ എയർടെൽ (Airtel) തങ്ങളുടെ വരിക്കാർക്ക് മുന്നിലേക്ക് വച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ പോക്കറ്റിന്റെ കനം അനുസരിച്ച് ആനുകൂല്യങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഈ പ്ലാനുകൾ നൽകിയിരുന്നത്.
രാജ്യത്തെ ടെലികോം കമ്പനികളെല്ലാം പ്രതിമാസം ഒരു ഉപഭോക്താവിൽ നിന്ന് ഈടാക്കുന്ന നിരക്കുകൾ വർധിപ്പിക്കുകയാണ്. എയർടെലി(Airtel)ന്റെ പ്രതിമാസ പ്രീ പെയ്ഡ് കുറഞ്ഞ നിരക്ക് കേരളം ഉൾപ്പെടെയുള്ള 19 സർക്കിളുകളിൽ കൂടി 155 രൂപയായി ഉയർത്തി. രാജ്യത്തെ ഭൂരിഭാഗം സർക്കിളുകളിലും 99 രൂപയുടെ മിനിമം റീചാർജ് പ്ലാനിന് പകരം പുതിയ നിരക്ക് ആയിട്ടുണ്ട്. ഇതോടെ ഓരോ ഉപഭോക്താവും പ്രതിമാസം കുറഞ്ഞത് 155 രൂപയ്ക്കെങ്കിലും റീചാർജ് ചെയ്യേണ്ടി വരും.
കുറഞ്ഞ തുകയുടെ റീച്ചാർജ് പ്ലാൻ തേടിയിരുന്ന ഒരുപാട് സാധാരണക്കാർക്ക് തണലും ആശ്രയവുമായിരുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആയിരുന്നു 99 രൂപ നിരക്കിൽ ലഭ്യമായിരുന്ന എയർടെൽ (Airtel) പ്ലാൻ. എന്നാൽ താരിഫ് റിവിഷൻ നടപടികളുടെ ഭാഗമായി അടിസ്ഥാന പ്ലാനിന്റെ നിരക്ക് എയർടെൽ കുത്തനെ ഉയർത്തിയതോടെ 99 രൂപ പ്ലാൻ എയർടെലി (Airtel) ന്റെ റീച്ചാർജ് പട്ടികയിൽനിന്ന് പുറത്തായി. ഇതോടെ ഒരുപാട് സാധാരണക്കാർക്ക് തിരിച്ചടി നേരിട്ടു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ പിൻവലിച്ച എയർടെൽ (Airtel) പിന്നീട് ആ സ്ഥാനത്തേക്ക് അടിസ്ഥാന പ്ലാൻ ആയി ഉയർത്തിക്കാട്ടിയത് 155 രൂപയുടെ പ്ലാനിനെ ആണ്. ഇന്ന് എയർടെലി (Airtel) ന്റെ ഏറ്റവും നിരക്കുകുറഞ്ഞ അടിസ്ഥാനപ്ലാൻ 155 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ്.
155 രൂപയുടെ പ്ലാനിൽ കോളിങ് ആവശ്യങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയസ് കോൾ ആനുകൂല്യം ഈ പ്ലാനിൽ എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം അത്യാവശ്യം ഡാറ്റ ഉപയോഗങ്ങൾ നിറവേറ്റാനായി ആകെ 1ജിബി ഡാറ്റയും അതോടൊപ്പം തന്നെ 300 എസ്എംഎസും ഈ അടിസ്ഥാന പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നു. ആകെ 24 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭ്യമാകുക. എയർടെൽ (Airtel) ഉപയോക്താക്കൾക്ക് വിങ്ക് മ്യൂസിക്, സൗജന്യ ഹലോട്യൂൺസ്, എന്നിങ്ങനെയുള്ള മറ്റ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും.
ഈ പരിധിക്ക് ശേഷം അയയ്ക്കുന്ന ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.50 രൂപയും ഈടാക്കും. പ്രത്യേക ആനുകൂല്യമായി ചില ഉപയോക്താക്കൾക്ക് എയർടെൽ 155 രൂപയുടെ പ്ലാനിൽത്തന്നെ 28 ദിവസത്തെ വരെ വാലിഡിറ്റി നൽകാറുണ്ട്. എയർടെൽ വരിക്കാരനായി മുന്നോട്ട് പോകണമെങ്കിൽ ഇപ്പോൾ ആശ്രയിക്കാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ എന്നതാണ് ഈ155 രൂപയുടെ പ്ലാനിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രത്യേകത.
ഇതോടെ 99 രൂപ പായ്ക്ക് ഉപയോഗിച്ച് റീചാർജ് ചെയ്ത എയർടെൽ ഉപഭോക്താക്കൾക്ക് പ്രതിമാസ അടിസ്ഥാനത്തിൽ 57 ശതമാനം അധികം നൽകേണ്ടി വരും. ഇത് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വർധിക്കാനും കാരണമാകും. നേരത്തേ പുറത്തുവന്ന മോർഗൻ സ്റ്റാൻലി റിപ്പോർട്ട് പ്രകാരം എയർടെല്ലിന്റെ ഉയർന്ന മിനിമം റീചാർജ് പ്ലാനുകൾ വരാനിരിക്കുന്ന മാസങ്ങളിൽ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാമെന്നാണ്. ഇത് കമ്പനിക്ക് 1.3-1.5 ശതമാനം വരെ അധിക വരുമാനം നേടുന്നതിന് സഹായിക്കും.