Mars അഥവാ ചൊവ്വയിൽ ജീവന് സാധ്യതയുണ്ടോ എന്നാണ് വർഷങ്ങളായുള്ള ശാസ്ത്രപഠനം. ഇപ്പോഴിതാ ശാസ്ത്രലോകം ചൊവ്വയിൽ വളരാൻ കഴിയുന്ന ചെടിയെ കണ്ടെത്തിയിരിക്കുകയാണ്. Desert moss എന്നറിയപ്പെടുന്ന ‘മരുഭൂമിയിലെ പായൽ’ ചൊവ്വയിലെ ജീവനാകാൻ സാധിച്ചേക്കും.
ഏത് കഠിനമായ കാലാവസ്ഥയെ അതിജീവിക്കാനും ഈ പായലിന് സാധിക്കുമെന്നാണ് കണ്ടെത്തൽ. അന്റാർട്ടിക്കയിലും മൊജാവേ മരുഭൂമിയിലും കാണപ്പെടുന്ന പായലാണിത്. ഇതിന് ചുവന്ന ഗ്രഹത്തിൽ വളരാനാകുമെന്നാണ് ഏറ്റവും പുതിയ ശാസ്ത്ര നിരീക്ഷണം. ചൈനീസ് ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് എൻഡിടിവി, ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വയിൽ ആവാസ വ്യവസ്ഥയൊരുക്കാൻ ഈ desert moss-ന് സാധിക്കുമെന്ന് വിശ്വസിക്കുന്നു. സിൻട്രിച്ചിയ കാനിനെർവിസ് എന്നാണ് മരുഭൂമിയിലെ പായലിന്റെ ശാസ്ത്രീയ നാമം. ചുവന്ന ഗ്രഹത്തിൽ താമസിക്കാനുതകുന്ന പാരിസ്ഥിതിക പ്രതിരോധശേഷി ഇതിനുണ്ട്. വളരെ സമ്മർദം സഹിക്കുന്ന ചില സൂക്ഷ്മജീവികളേക്കാളും ടാർഡിഗ്രേഡുകളേക്കാളും പ്രതിരോധശേഷി മികച്ചതാണെന്നും കരുതുന്നു.
അന്യഗ്രഹ പരിസ്ഥിതികളെ കോളനിവത്കരിക്കുന്നതിന് സിൻട്രിച്ചിയ കാനിനെർവിസ്സിലൂടെ നേടിയെടുക്കാം. ജൈവശാസ്ത്രപരമായി സുസ്ഥിരമായ മനുഷ്യ ആവാസ വ്യവസ്ഥകൾ നിർമിക്കുന്നതിനും ഇതിന് സാധിക്കും. അങ്ങനെ ഭൂമിയ്ക്ക് പുറത്ത് ജീവൻ തുടിപ്പ് സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് ശാസ്ത്രലോകം.
കഠിനമായ സാഹചര്യങ്ങളെ സിൻട്രിച്ചിയ കാനിനെർവിസ് പ്രതിരോധിക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഇവയ്ക്ക് അതിശൈത്യം, വരൾച്ച എന്നിവയെ നേരിടാൻ കഴിയും. അതിതീവ്ര വികിരണ അളവ് പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു.
ഭൂമി പോലെയല്ല ചൊവ്വ. ഹരിതഗൃഹങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗ്രഹങ്ങളിൽ സസ്യങ്ങൾ നട്ടുവളർത്താനുള്ള സാധ്യത പരീക്ഷിക്കേണ്ടത് തന്നെയാണ്. ഇത് അടിസ്ഥാനമാക്കിയാണ് ചൈനീസ് ശാസ്ത്രജ്ഞർ ഗവേഷണം തുടരുന്നത്.
എന്നാൽ കാനിനെർവിസ്സിന്റെ പരിസ്ഥിതിയിൽ മറ്റ് സസ്യങ്ങളും നിലനിൽക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പായലിന്റെ പരിസരത്ത് മറ്റ് സസ്യങ്ങൾക്കും ജീവിക്കാൻ സാധ്യമാണോ എന്ന പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞർ. ഇത് സ്ഥിരീകരിച്ചാൽ ബഹിരാകാശ കോളനിവൽക്കരണത്തിന് കാനിനെർവിസ്സിലൂടെ അടിത്തറ നൽകും.