NASA അടുത്തിടെ പങ്കുവച്ച Space Potato ഇന്റർനെറ്റിൽ പ്രചാരം നേടുന്നു. പേര് സൂചിപ്പിക്കുന്ന പോലെ ബഹിരാകാശത്ത് ഉരുളക്കിഴങ്ങുണ്ടോ എന്ന് ആരും സംശയിക്കണ്ട. രൂപത്തിൽ മാത്രമാണ് ഇത് ഉരുളക്കിഴങ്ങ്. ആള് നമ്മുടെ ചൊവ്വയുടെ സ്വന്തം അമ്പിളി അമ്മാവനാണ്.
ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി ചിത്രം പങ്കുവച്ചത്. NASA ഷെയർ ചെയത ചിത്രം ഇന്റർനെറ്റിൽ ശ്രദ്ധേയമായി. ഭൂമിയുടെ ഉപഗ്രഹം ചന്ദ്രനെ പോലെ ചൊവ്വയ്ക്കുമുണ്ട് ഉപഗ്രഹങ്ങൾ. ഇതിലൊരാളെയാണ് നാസ സ്പേസ് പൊട്ടറ്റോ എന്ന് അഭിസംബോധന ചെയ്തത്.
ചൊവ്വയുടെ (Mars) രണ്ട് സ്വാഭാവിക ഉപഗ്രഹങ്ങളിലൊന്നായ ഫോബോസിന്റെ ചിത്രമാണിത്. നാസയുടെ ഹൈറൈസ് (HiRISE) ക്യാമറ ഉപയോഗിച്ചാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചൊവ്വയുടെ ഭ്രമണപഥവും പഠനവും നടത്തുന്ന നാസയുടെ മാർസ് റിക്കണൈസൻസ് ഓർബിറ്ററിലെ ക്യാമറയാണിത്.
2006 മുതൽ ഇത് ഉപയോഗിച്ച് നാസ ചൊവ്വ ഗവേഷണം നടത്തുന്നു. ഹൈ റെസല്യൂഷൻ ഇമേജിംഗ് സയൻസ് എക്സ്പിരിമെന്റ് എന്നാണ് ഹൈറൈസിന്റെ പേര്. എന്തായാലും ഹൈറൈസ് പകർത്തിയ ചിത്രം ബഹിരാകാശ പ്രേമികളെ അതിശയിപ്പിച്ചുവെന്ന് പറയാം.
നമ്മുടെ സ്വന്തം ചന്ദ്രനേക്കാൾ വളരെ ചെറുതായ ഉപഗ്രഹമാണിത്. ചന്ദ്രനേക്കാൾ ഫോബോസ് ഏകദേശം 157 മടങ്ങ് ചെറുതാണെന്ന് തന്നെ പറയാം. ഒരു ഗ്രീക്ക് ദേവന്റെ പേരാണ് ചൊവ്വയുടെ ഈ ഉപഗ്രഹത്തിന് നൽകിയിരിക്കുന്നത്.
ചൊവ്വയുടെ മറ്റേ ഉപഗ്രഹം ഡീമോസ് ആണ്. ഇതും ഗ്രീക്ക് ദേവന്റെ പേരിലാണ് അറിയപ്പെടുന്നത്. രണ്ട് ഉപഗ്രഹങ്ങളുടെയും ഭ്രമണപഥങ്ങൾ അസ്ഥിരമാണെന്നാണ് ശാസ്ത്ര നിരീക്ഷണം.
ഫോബോസ് വിദൂരഭാവിയിൽ ചിലപ്പോൾ ചൊവ്വയുടെ വളയമായി വിഘടിച്ചേക്കാം. അതുമല്ലെങ്കിൽ ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇടിച്ചു കയറുമെന്നും ശാസ്ത്ര ലോകം കരുതുന്നു. എന്നാൽ ഡീമോസ് ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുള്ളിൽ ബഹിരാകാശത്തേക്ക് നീങ്ങുമെന്നും ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുണ്ട്.
നിലവിൽ ഫോബോസ് ഓരോ വർഷവും ഏകദേശം 6 അടി ചൊവ്വയോട് അടുക്കുന്നു. ഇത് ചിലപ്പോൾ കൂട്ടിയിടിക്കാനോ ശിഥിലമാകാനോ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഈ വേഗത ക്രമാനുഗതമായ സഞ്ചാരമാണ്. അതിനാൽ കൂട്ടിയിടിക്കാനുള്ള സാധ്യത ഏകദേശം 50 ദശലക്ഷം വർഷങ്ങൾക്ക് ശേഷമായിരിക്കും.