NASA Astronauts സുനിതാ വില്യംസും ബാരി വിൽമോറും തിരിച്ചെത്താൻ വൈകും. ഇവർ സഞ്ചരിച്ച പേടകത്തിന് ഹീലിയം വാതകച്ചോർച്ച ഉണ്ടായതാണ് കാരണം. ജൂൺ 22-ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ ജൂൺ 26 വരെ കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് പുതിയ വിവരം.
ബഹിരാകാശ പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയാണ് സുനിത വില്യംസ്. ഇവർക്കൊപ്പം സഹയാത്രികനായി ബാരി യൂജിൻ ബുഷ് വിൽമോറുമുണ്ട്. ഇരുവരും ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകത്തിലാണ് യാത്ര ചെയ്തത്. ഇപ്പോൾ പേടകത്തിന്റെ ഹീലിയം ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ബോയിങ്ങും നാസ എഞ്ചിനീയർമാരും ഇതിനായി പ്രവർത്തിക്കുന്നു.
ജൂൺ 5-നാണ് ബോയിംഗ് സ്റ്റാർലൈനർ വിക്ഷേപണം നടന്നത്. ലോഞ്ചിന് മുമ്പും സ്റ്റാർലൈനറിൽ നിരവധി കാലതാമസം നേരിട്ടിരുന്നു. ISS-ലേക്കുള്ള വഴിയിൽ ത്രസ്റ്റർ പ്രശ്‌നങ്ങളും ഹീലിയം ചോർച്ചയും നേരിട്ടു. എന്നിട്ടും ബഹിരാകാശ നിലയത്തിലേക്ക് ഡോക്ക് ചെയ്യപ്പെടുമ്പോൾ ഭ്രമണപഥത്തിൽ നന്നായി പ്രവർത്തിക്കുന്നു എന്നാണ് നാസ അറിയിച്ചിരുന്നത്. എന്നാൽ ISS-ന് അരികിലെത്തിയപ്പോൾ ചോർച്ചയുണ്ടായെന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു. (ഐഎസ്എസ് എന്നാൽ രാജ്യാന്തര ബഹിരാകാശ നിലയം).
വിൽമോറും വില്യംസും ഒറ്റപ്പെട്ടുപോയിട്ടില്ലെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി അറിയിക്കുന്നത്. ഇവർക്ക് ആവശ്യമുള്ളപ്പോൾ നാട്ടിലേക്ക് മടങ്ങാമെന്നും നാസ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. പ്രൊപ്പൽഷൻ സിസ്റ്റം ഡാറ്റ അവലോകനം ചെയ്യാനാണ് ഇരുവരും ഭ്രമണപഥത്തിൽ തുടരുന്നത്.
ഹീലിയം ചോർച്ച നിയന്ത്രിക്കാനും മിഷൻ ടീമുകൾക്ക് സമയം നൽകുന്നതിനുമാണ് ഇവർ സ്റ്റാർലൈനറിൽ തന്നെയുള്ളത്. വിൽമോറും വില്യംസും അതിശയകരമായി പോസിറ്റീവായി തുടരുന്നുവെന്നാണ് ബോയിങ് പ്രതിനിധികൾ അറിയിക്കുന്നത്. കൂടാതെ സ്റ്റാർലൈനറിന് 45 ദിവസം വരെ ഐഎസ്എസിൽ നിൽക്കാനാകുമെന്നാണ് റിപ്പോർട്ട്.
US നാവിക ഓഫീസറും നാസ ബഹിരാകാശ യാത്രികയുമാണ് സുനിത വില്യംസ്. ഇത് മൂന്നാം തവണയാണ് 58 വയസ്സുകാരിയായ വില്യംസ് ബഹിരാകാശയാത്ര നടത്തുന്നത്.
സ്പേസ് കമാൻഡർ ബാരി വിൽമോറും US നാവികസേനയിലെ ടെസ്റ്റ് പൈലറ്റാണ്. മുമ്പ് രണ്ട് ബഹിരാകാശ വിമാനങ്ങളിൽ 61-കാരനായ വിൽമോർ യാത്ര നടത്തിയിട്ടുണ്ട്.