NASA ബഹിരാകാശ സഞ്ചാരി Sunita Williams മടങ്ങി വരുന്നത് വൈകുന്നു. എന്നാൽ ഇത് ആശങ്കാജനകമായ കാര്യമല്ലെന്ന് ISRO മേധാവി എസ് സോമനാഥ് വ്യക്തമാക്കി. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ തന്നെയാണ് സുനിതാ വില്യംസും സഹയാത്രികനും ഇപ്പോഴും തുടരുന്നത്.
ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകത്തിലാണ് സുനിതാ വില്യംസും ബാരി വിൽമോറും യാത്ര തിരിച്ചത്. ജൂൺ 5-നാണ് ബോയിംഗ് സ്റ്റാർലൈനർ വിക്ഷേപിച്ചത്. 14-ാം തീയതി മടങ്ങാൻ തീരുമാനിച്ചിരുന്നു. ജൂൺ 22-ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ച കാരണം ഇവർ ബഹിരാകാശത്ത് തുടരുകയാണ്. പേടകത്തിന്റെ ഹീലിയം ചോർച്ച പരിഹരിക്കാനുള്ള ശ്രമം നാസയും ബോയിങ്ങും തുടരുന്നു.
വില്യംസിനും വിൽമോറിനും ആവശ്യമുള്ളപ്പോൾ നാട്ടിലേക്ക് മടങ്ങാമെന്ന് നാസയും വിശദീകരണം നൽകിയിരുന്നു. ഹീലിയം ചോർച്ച നിയന്ത്രിക്കുന്നതിൽ ടീമിനെ സഹായിക്കുകയാണ് നിലവിൽ ഇരുവരും. ഇതിനായാണ് ഇവർ ISS-ൽ തന്നെ തുടരുന്നത്.
നാസ ബഹിരാകാശ യാത്രികർ അപകടത്തിലാണോ എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ മേധാവി വിശദീകരണം നൽകുന്നത്.
അമേരിക്കൻ ബഹിരാകാശ യാത്രികയാണെങ്കിലും സുനിത ഇന്ത്യൻ വംശജയാണ്. ബഹിരാകാശ പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിത കൂടിയാണിവർ. 58 വയസ്സുകാരിയായ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശയാത്രയാണിത്.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോകുന്നതിൽ ആശങ്കപ്പെടേണ്ട. അവരെ തിരികെ എത്തിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇന്ന് നിലവിലുണ്ട്. ആളുകൾക്ക് ദീർഘകാലം സുരക്ഷിതമായി നിലനിൽക്കാനുള്ള ഇടമാണ് ബഹിരാകാശ നിലയം.
Read More: NASA Viral Photo: ബഹിരാകാശത്തും ഉരുളക്കിഴങ്ങോ! NASA പകർത്തിയ Space Potato എന്താണ് സംഭവമെന്നോ?
ബോയിംഗ് സ്റ്റാർലൈനർ എന്ന പുതിയ ക്രൂ മൊഡ്യൂൾ പരീക്ഷിക്കുന്നതിനുള്ള യാത്രയാണിത്. സ്പേസിൽ പോയി സുരക്ഷിതമായി തിരികെ വരാനുള്ള കഴിവ് പേടകത്തിനുണ്ടായിരിക്കും. അതിനാൽ കുടുങ്ങിപ്പോയി എന്നുള്ള വാർത്തകളല്ല നമ്മൾ ഇപ്പോൾ പ്രചരിപ്പിക്കേണ്ടത്.
തിരിച്ചുവരവിനെ കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം സ്റ്റാർലൈനറിന്റെ കപ്പാസിറ്റിയെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. ഒപ്പം സുനിത വില്യംസിനെ പ്രശംസിക്കാനും എസ്. സോമനാഥ് മറന്നില്ല. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഐഎസ്ആർഒ തലവൻ തന്റെ അഭിപ്രായം പങ്കുവച്ചത്.
പുതിയൊരു പേടകത്തിൽ യാത്ര ചെയ്യാനുള്ള വില്യംസിന്റെ ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു. “ഞങ്ങൾ എല്ലാവരും അവരെ കുറിച്ചോർത്ത് അഭിമാനിക്കുന്നു. അവളുടെ സമ്പാദ്യത്തിൽ നിരവധി ദൗത്യങ്ങളുണ്ട്. ഒരു പുതിയ ബഹിരാകാശ വാഹനത്തിന്റെ ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നു. ഇത് സുനിത വില്യംസിന്റെ ധീരതയാണ്. അവരുടെ അനുഭവങ്ങളെ കൂടിചേർത്ത് ഡിസൈൻ ടീമിന്റെയും ഭാഗമായതിനെ കുറിച്ചും അദ്ദേഹം പ്രശംസിച്ചു.