പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷയോമി (Xiaomi)യുടെ ഏറ്റവും പുതിയ മോഡൽ Xiaomi 13 നവംബർ അവസാനത്തോടെ എത്തുമെന്ന് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഒക്ടോബറിൽ Xiaomi 13 സീരീസിന്റെ പ്രീമിയം മോഡലായ ഷയോമി 13 പ്രൊ (Xiaomi 13 Pro)യുടെ ലുക്കും ഫീച്ചറുകളും പുറത്തുവന്നിരുന്നു. ഇതിന് പുറമെ, Oneleaksഉം Zoutonsഉം ഈ പുതിയ മോഡലിന്റ ഡിസ്പ്ലേ എങ്ങനെയായിരിക്കുമെന്നതിൽ ചില സൂചനകൾ നൽകിയിട്ടുണ്ട്.
ഷയോമിയുടെ അടുത്ത തലമുറയിലെ മുൻനിര സ്മാർട്ട്‌ഫോണായ ഷയോമി 13 പ്രൊയ്ക്ക് ഒരു വളഞ്ഞ ഡിസ്‌പ്ലേ ആയിരിക്കുമെന്നാണ് ഇതിൽ നിന്നും മനസിലാക്കാവുന്നത്. അതേസമയം, Oneleaksഉം CompareDialsഉം പിന്നീട് 5K റെൻഡർ പുറത്തിറക്കുകയും ചെയ്തു. ഇതനുസരിച്ച് പുതിയ സ്‌മാർട്ട്‌ഫോണിന് റൗണ്ട് ഡിസ്‌പ്ലേ ആയിരിക്കില്ല, പകരം ഒരു ഫ്ലാറ്റ് സ്‌ക്രീനായിരിക്കുമെന്നാണ് വിവരം. Xiaomi 12 സീരീസിന് ശേഷം വരുന്ന Xiaomi 13 ഈ മാസം തന്നെ ചൈനയിൽ എത്തുമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. Xiaomi 12 ശ്രേണിയുടെ പിൻഗാമിയാണ് Xiaomi 13 സീരീസ്. ഈ ഫോണിന്റെ മറ്റ് സവിശേഷതകൾ എന്തെല്ലാമെന്ന് വിശദമായി അറിയാം.
ഐഫോൺ 14ന്റെ ഡിസൈനിനോട് സാമ്യമുള്ളതാണ് ഷയോമിയുടെ ഈ 5G മോഡൽ എന്നാണ് ലഭിക്കുന്ന വിവരം. ഷയോമി 13 പ്രൊയുടെ ഫ്ലാറ്റ് ഡിസ്‌പ്ലേയും വശങ്ങൾ ഫ്ലാറ്റായുള്ളതും ഒരു ഐഫോൺ പ്രതീതി ഫോണിന് നൽകുന്നു. CompareDial എന്ന വെബ്സൈറ്റിൽ പ്രതിപാദിക്കുന്നത് ഈ ഫോണിന് 6.2 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയാണുള്ളത് എന്നാണ്. കൂടാതെ, ഫോണിന്റെ വശങ്ങൾക്ക് ചുറ്റുമായി ചെറിയ ബെസലുകളുമുണ്ട്. കൂടാതെ, ഫ്ലാറ്റ് വശങ്ങളുടെ മുകൾ ഭാഗത്തായി ഐഫോണിലുള്ള പോലെ ആന്റിന ബാൻഡും ഘടിപ്പിച്ചിട്ടുണ്ട്.
ഷയോമിയുടെ ഈ പുതിയ മോഡലിന്റെ റിയർ ക്യാമറയും വളരെ പ്രത്യേകതയുള്ളതാണ്. റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് 152.8×71.5×8.3 മില്ലീമീറ്ററാണ് ഫോണിന്റെ വലിപ്പം. സ്‌നാപ്ഡ്രാഗൺ 8 ജനറേഷൻ 2 ചിപ്‌സെറ്റാണ് സ്‌മാർട്ട്‌ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. വലതുവശത്ത് ഒരു പവർ ബട്ടണും ഒരു വോളിയം കൺട്രോൾ ബട്ടണും ഉണ്ട്. താഴെ USB-C, സ്പീക്കർ ഗ്രിൽ, മൈക്രോഫോൺ എന്നിവയ്ക്കുള്ള സ്ലോട്ടുകളാണുള്ളത്. ഫോണിന്റെ പിൻഭാഗത്തായി വ്യത്യസ്ത വലിപ്പത്തിലുള്ള മൂന്ന് ക്യാമറ സെൻസറുകൾ ഒരു ബഫ് സ്ക്വയർ ബമ്പിലായി ക്രമീകരിച്ചിരിക്കുന്നു. ഇത് വളരെ മികച്ച ഡിസൈനെന്ന പ്രതീതിയുണ്ടാക്കുന്നു. എന്നാൽ വൺപ്ലസ് 10R ഫോണിലെ പോലെ വലിപ്പത്തിൽ അല്ല ഇത് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും എടുത്തു പറയേണ്ടതാണ്.
ആപ്പിൾ സ്മാർട്ട്ഫോണുകളിൽ ബോക്‌സ് ചാർജർ നിർത്തലാക്കിയതുപോലെ, ഷവോമിയും സമാന മാതൃക പിന്തുടരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പുറമെ, 3.5mm ഹെഡ്‌ഫോൺ ജാക്ക്, സിം കാർഡ് സ്ലോട്ട് എന്നിവയിലും ഐഫോണിന് സമാനമായ ഫീച്ചറുകൾ ഷയോമി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.