ജനപ്രിയ ബ്രാൻഡ് ഷവോമിയുടെ ഷവോമി 13 (Xiaomi 13) സീരീസുകൾ ഡിസംബർ 1ന് വിപണിയിൽ എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി ജിയാങ് സെമിന്റെ വിയോഗത്തെ തുടർന്നാണ് ലോഞ്ച് മാറ്റിവച്ചത്. എന്നാൽ ഷവോമി സീരിസിലെ ഷവോമി 13 (Xiaomi 13), ഷവോമി 13 പ്രോ (Xiaomi 13 Pro) എന്നീ ഫോണുകൾ ഡിസംബർ 11ന് പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡിസംബർ 11ന് ചൈനയിൽ വച്ച് നടത്തുന്ന ലോഞ്ച് ചടങ്ങിൽ വൈകുന്നേരം 7 മണിക്ക് ഫോണുകൾ പുറത്തിറക്കും. Xiaomi 13 സീരീസ് ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ചൈനയിൽ ഫോൺ പ്രീ-ഓർഡർ ചെയ്യാനാകുമെന്നാണ് പറയുന്നത്. ജനപ്രിയ കമ്പനിയായ ഷവോമി (Xiaomi) ഇതുവരെ സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ തന്നെ Xiaomi 13, Xiaomi 13 Pro ഫോണുകളുടെ ഔദ്യോഗിക ലോഞ്ച് തീയതിയെ കുറിച്ച് അറിയാൻ ഉപഭോക്താക്കൾ ഓൺലൈനിൽ ലഭ്യമായ വിശദാംശങ്ങൾ പരിശോധിക്കണമെന്ന് നിർദേശിക്കുന്നു.
ഷവോമി 13 (Xiaomi 13) സ്മാർട്ട്‌ഫോൺ സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ് നൽകുന്ന കോംപാക്റ്റ് ഫ്ലാഗ്‌ഷിപ്പ് ആയിരിക്കും. ഇതിന് പരന്ന വശങ്ങളും വളവുകളില്ലാത്ത പാനൽ ഉണ്ടായിരിക്കും. നീല നിറമുള്ള സ്മാർട്ട്ഫോണുകളായിരിക്കും പുറത്തിറങ്ങുക എന്ന് പറയുന്നു. ഷവോമി 13 പ്രോ ഫോണുകൾക്ക് 50MP ക്യാമറയാണുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഷവോമി 13 (Xiaomi 13)യ്ക്ക് 6.36 ഇഞ്ച് E6 AMOLED FHD+ ഡിസ്‌പ്ലേ ഉണ്ടായിരിക്കും. 120Hz ആണ് ഇതിന്റെ റീഫ്രെഷ് റേറ്റ് വരുന്നത്. 12 GB റാമും, 512 GB സ്റ്റോറേജോടെയുമാണ് ഫോൺ വിപണിയിൽ എത്തുന്നത്. ഇതിന് 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,500mAh ബാറ്ററിയുണ്ടാകും. 32-മെഗാപിക്സൽ(MP) ആണ് ഫ്രണ്ട് ക്യാമറ. 50MP, 12MP, 10MP ഉൾപ്പെട്ട ട്രിപ്പിൾ ക്യാമറ യൂണിറ്റും ഷവോമി 13 സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.