ഏറെ കാത്തിരിപ്പിന് ഒടുവിൽ iPhone 15 സീരീസ് എത്തുകയാണ്. പുതിയ ഡിസൈനിലും പുത്തൻ അപ്ഡേറ്റുകളിലുമാണ് ഐഫോൺ 15 എത്തുന്നത്. ഇന്ന് രാത്രി 10.30യ്ക്കാണ് ഐഫോൺ 15 ലോഞ്ച്. iPhone 15, iPhone 15 Plus, iPhone 15 Pro, iPhone 15 Pro Max തുടങ്ങിയ മോഡലുകളാണ് ആപ്പിൾ ഐഫോൺ 15ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഐഫോൺ 15ന് എത്ര രൂപയാകുമെന്നതിൽ ഇതുവരെ കമ്പനി ഔദ്യോഗിക സ്ഥിരീകരണം ഒന്നും നൽകിയിട്ടില്ല. എങ്കിലും ചില റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് 70,000 രൂപ വരെ iPhone 15ന് വില വരും. അതായത് മുൻ മോഡലുകളിൽ നിന്ന് വിലയിൽ വലിയ വ്യത്യാസമില്ലാതെയാണ് iPhone 15 ഫോണുകളും എത്തുകയെന്ന് പറയുന്നുണ്ട്.
ഐഫോൺ 15 സീരീസ് ഫോണുകൾ ക്യാമറയിലും ഡിസൈനിലും എന്തായാലും ശ്രദ്ധ പിടിച്ചുപറ്റുമെന്നതിൽ സംശയമില്ല. കാരണം, ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നീ ഫോണുകൾ മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ്, ലൈറ്റ് ഗ്രീൻ, യെല്ലോ, ബ്ലൂ, ഓറഞ്ച് കളർ ഓപ്ഷനുകളിൽ വരുന്നു. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് വേരിയന്റുകളാണെങ്കിൽ ഡാർക്ക് ബ്ലൂ, സിൽവർ-ഗ്രേ, സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം പോലുള്ള നിറങ്ങളിലും ലഭിക്കും.
ഐഫോൺ 15ന്റെ വില ഏകദേശം 66,305 രൂപയിൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ഐഫോൺ 15 പ്ലസ് ഫോണിന് ഏകദേശം 74,604 രൂപയുമായിരിക്കും. ടൈപ്പ് സി പോർട്ടാണ് ആപ്പിൾ ഫോണുകളിൽ അവതരിപ്പിക്കുന്നതെന്നത് വലിയൊരു മാറ്റം തന്നെയാണ്. ഇതിന് പുറമെ, ക്യാമറയിലും iPhone 15 വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. ഐഫോൺ 15 ന്റെ ക്യാമറ ലോ-ലൈറ്റ് ക്യാമറ പെർഫോമൻസിന് ഇണങ്ങുന്നതായിരിക്കും. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നീ ഫോണുകളിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറാണ് വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.