കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച Google Pixel 8 സീരീസ് ഫോണുകളുടെ വിൽപ്പനയ്ക്കായി കാത്തിരിക്കുകയാണ് പിക്സൽ ആരാധകർ. ഇതിനകം ഫോണിന്റെ പ്രീ- ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 12നാണ് ഇന്ത്യയിൽ ഗൂഗിൾ പിക്സൽ 8, ഗൂഗിൾ പിക്സൽ 8 പ്രോ ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്നത്. നല്ല വിലയുള്ള ഫോണാണെങ്കിലും ഫീച്ചറുകളിൽ ഗൂഗിൾ പിക്സൽ നല്ല ഒന്നാന്തരം ഫോണാണെന്നാണ് റിവ്യൂ റിപ്പോർട്ടുകളിൽ പറയുന്നത്.
എങ്കിലും ഈ വർഷാവസാനം ഗൂഗിൾ ഇതേ സീരീസിൽ കൂടുതൽ ഫോണുകൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. ഗൂഗിൾ പിക്സൽ 8 എ 2023ൽ തന്നെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഗൂഗിൾ പിക്സൽ 8a ഇപ്പോൾ വന്ന പിക്സൽ 8, പിക്സൽ 8 പ്രോയേക്കാൾ വില കുറഞ്ഞ ഫോണായിരിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ പരക്കുന്നത്.
75,999 രൂപയിലാണ് ഗൂഗിൾ പിക്സൽ 8ന്റെ വില ആരംഭിക്കുന്നത്. എന്നാൽ ഇനി വരുന്ന പിക്സൽ 8a ഇത്ര വലിയ ബജറ്റിലായിരിക്കില്ല വിപണിയിൽ എത്തിക്കുന്നത്. എങ്കിലും, അഭ്യൂഹങ്ങളിൽ പറയുന്ന പോലെ 20,000 രൂപയിൽ താഴെ വിലയുള്ള പിക്സൽ ഫോൺ നിർമിക്കാൻ ഗൂഗിൾ തീരുമാനിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
Also Read: iPhone 15 New Issue: ഓവർഹീറ്റിങ് പരിഹരിച്ചു, എന്നാലും iPhone 15ൽ പുതിയൊരു പ്രശ്നം!
വില കുറഞ്ഞ ഫോൺ നിർമിക്കുകയാണെങ്കിൽ അവയിൽ ഏതാനും ‘വിട്ടുവീഴ്ചകളും’ കൊണ്ടു വരേണ്ടി വരും. ഇങ്ങനെ ക്വാളിറ്റിയിൽ വിട്ടുവീഴ്ച വരുത്താൻ ഗൂഗിൾ തയ്യാറല്ലെന്നും അതിനാൽ ലോ ബജറ്റ് ഗൂഗിൾ പിക്സൽ ഫോണുകൾക്കായി കമ്പനിയ്ക്ക് ഒരു പദ്ധതിയുമില്ലെന്നുമാണ് ഗൂഗിളിന്റെ VP നന്ദ രാമചന്ദ്രൻ പറയുന്നത്. ഇന്ത്യ ടുഡേയാണ് ഗൂഗിൾ പിക്സൽ വില കുറച്ച് ഫോണുകൾ പുറത്തിറക്കില്ലെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗൂഗിൾ പിക്സൽ 8എയുടെ വിലയെ പറ്റി വലിയ ധാരണയില്ലെങ്കിലും ഫോണിന്റെ ഫീച്ചറുകളുടെ ചില വിവരങ്ങൾ ചോർന്നു. 6.1 ഇഞ്ച് ആണ് ഡിസ്പ്ലേയുടെ വലിപ്പമെന്ന് അനുമാനിക്കുന്നു. അതായത്, മുമ്പിറങ്ങിയ ഗൂഗിൾ പിക്സൽ 7aക്കാൾ ചെറിയ സ്ക്രീൻ.
പിക്സൽ 8ലുള്ള ടെൻസർ G3യാണ് ഈ ഫോണിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൂഗിൾ പിക്സൽ 8ലുള്ള ഏകദേശ ഫീച്ചറുകളെല്ലാം ലഭിക്കുമെങ്കിലും, പിക്സൽ 8aയിൽ 7 വർഷത്തെ അപ്ഡേറ്റുകളുണ്ടാകുമോ എന്നത് സംശയമാണ്.
2 സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഗൂഗിൾ തങ്ങളുടെ ഈ ഫ്ലാഗ്ഷിപ്പ് ഫോണുകൾ മേഡ് ബൈ ഗൂഗിൾ ലോഞ്ച് ചടങ്ങിൽ അവതരിപ്പിച്ചത്. 128 GB ഗൂഗിൾ പിക്സലിന് 75,999 രൂപയും, 256GB ഗൂഗിൾ പിക്സലിന് 82,999 രൂപയുമാണ് വില. ഒക്ടോർ 5 മുതലാണ് ഫോണിന്റെ പ്രീ- ഓർഡർ തുടങ്ങിയത്. ഫ്ലിപ്കാർട്ടിലൂടെ താൽപ്പര്യമുള്ളവർക്ക് ഗൂഗിൾ പിക്സൽ 8 ഫോണുകൾ പർച്ചേസ് ചെയ്യാവുന്നതാണ്.