ആൻഡ്രോയിഡ് ഫോണുകളിൽ ജനപ്രിയ ബ്രാൻഡുകളായി വളർന്ന വിവോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണായ Vivo X100 ചൈനയിൽ പുറത്തിറക്കിയിരുന്നു. നവംബർ 13നാണ് ഫോൺ വിപണിയിൽ എത്തിച്ചത്. ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റവും, മികച്ച ക്യാമറ ഫീച്ചറുകളുമായി വന്ന വിവോ ഫോൺ ഉടനെ തന്നെ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
എന്നാൽ ഫോൺ ലോഞ്ച് ചെയ്യുന്നതിന് മുന്നേ ചില റെക്കോഡ് നേട്ടം കൂടി വിവോ ഇതിലൂടെ സ്വന്തമാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. എന്താണ് വിവോ എക്സ്100 കൈവരിച്ച ആ നേട്ടമെന്ന് നോക്കാം…
ചൈനീസ് മാധ്യമമായ വാൾസ്ട്രീറ്റ് റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച് ഫോണിന്റെ ലോഞ്ചിന് മുന്നേ അത് പ്രീ- ഓർഡറിൽ ചില സുപ്രധാന നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു. അതായത്, ഏഴ് ദിവസത്തിനുള്ളിൽ 1 ദശലക്ഷം യൂണിറ്റിലധികം സ്മാർട്ട്‌ഫോണുകൾ പ്രീ- ഓർഡർ ചെയ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതാദ്യമായാണ് വിവോ X സീരീസിന്റെ ചരിത്രത്തിൽ ഇത്രയും കൂടുതൽ പ്രീ- ഓർഡർ ലഭിക്കുന്നത്.
എന്നാൽ വിവോ എക്സ്100 ന്റെ പ്രോ ഫോണുകളല്ല ഈ നേട്ടം കമ്പനിയ്ക്ക് നേടിക്കൊടുത്തിരിക്കുന്നതെന്നും ശ്രദ്ധിക്കണം. ഒരാഴ്ചയിൽ 10 ലക്ഷം പ്രീ- റിസർവേഷൻ എന്നതിലൂടെ ലോഞ്ചിന് ശേഷവും നല്ല വിൽപ്പന നടക്കുമെന്ന പ്രതീക്ഷ കമ്പനിയ്ക്ക് നൽകുന്നുണ്ട്.
സാധാരണ ഒരു ബ്രാൻഡിന്റെ പ്രോ മോഡലുകൾക്കാണ് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതെങ്കിൽ, ഇവിടെ വിവോ എക്സ് 100 സീരീസില ബേസിക് എഡിഷനുകളാണ് പ്രീ- ഓർഡറുകളിൽ താരമായിരിക്കുന്നത്. ഇത്രയധികം സ്വീകാര്യത പ്രീ-റിസർവേഷനിൽ സ്വന്തമാക്കാൻ എന്തെല്ലാം ഫീച്ചറുകളാണ് വിവോ എക്സ്100 ഫോണുകളിൽ അടങ്ങിയിരിക്കുന്നതെന്ന് പരിശോധിക്കാം.
6.79-ഇഞ്ച് AMOLED ഡിസ്‌പ്ലേയിൽ വരുന്ന വിവോ എക്സ് 100 ഫോണിന് 120Hz റീഫ്രെഷ് റേറ്റും, ഫുൾ HD+ റെസല്യൂഷനും വരുന്നു. LPDDR5T റാം, UFS 4.0 സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം മീഡിയടെക് ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിശയകരമായ ക്യാമറയാണെന്ന് അവകാശപ്പെടാനാകില്ലെങ്കിലും, ഭേദപ്പെട്ട പെർഫോമൻസ് ക്യാമറയിൽ പ്രതീക്ഷിക്കാം. OIS പിന്തുണയുള്ള 50-മെഗാപിക്സലിന്റെ സോണി IMX920 പ്രൈമറി സെൻസറാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ വിവോ കൊണ്ടുവന്നിരിക്കുന്നത്. ഇതിന് പുറമെ, 50-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസും, OIS ഉള്ള 64-മെഗാപിക്സൽ പെരിസ്കോപ്പ് സൂം ലെൻസും നിങ്ങൾക്ക് പ്രതീക്ഷിക്കാം. 3x ഒപ്റ്റിക്കൽ സൂം, 100x ഡിജിറ്റൽ സൂം എന്നീ ഫീച്ചറുകളും ക്യാമറയിൽ ലഭ്യമാണ്.
Read More: Realme GT5 Pro Launch: സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റുമായി Realme GT5 Pro വരും!
ഫോണിന്റെ സെൽഫി ക്യാമറ 32 മെഗാപിക്സൽ ആയിരിക്കാമെന്നും ചില സൂചനകളുണ്ട്. ഏറ്റവും പുതിയ സോഫ്റ്റ് വെയറായ Android 14-ൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റാണിത്. എന്തായാലും ഈ ഫീച്ചറുകളെല്ലാം വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തന്നെ പ്രതീക്ഷിക്കാം.
X100-ന്റെ 12GB റാമും, 256GB സ്റ്റോറേജും വരുന്ന വേരിയന്റിന് 3,999 ചൈനീസ് യുവാനും, ഇതേ സ്റ്റോറേജിൽ വരുന്ന പ്രോ മോഡലിന് 5,999 ചൈനീസ് യുവാനും വില വരുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.