ആൻഡ്രോയിഡ് ഫോണുകളിലെ പേരുകേട്ട സ്മാർട്ട്‌ഫോൺ നിർമാതാക്കളാണ് വിവോ. ക്യാമറയിലും ബാറ്ററി കപ്പാസിറ്റിയിലുമെല്ലാം ആകർഷണീയമായ ഫീച്ചറുകൾ കൊണ്ടുവരുന്ന കമ്പനി ഏപ്രിൽ 26, ബുധനാഴ്ച തങ്ങളുടെ പുതിയ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വിപണിയിലേക്ക് കടന്നുവരുന്ന വിവോ എക്‌സ് 90 (Vivo X90)സീരീസിൽ 2 ഫോണുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വിവോ എക്‌സ് 90, വിവോ എക്‌സ് 90 പ്രോ എന്നീ 2 വേരിയന്റുകളാണ് ഈ സീരീസിലുള്ളത്. ചൈനയിൽ പുറത്തിറങ്ങിയ വിവോ എക്‌സ് 90 സീരീസ് (Vivo X90 Series) ഫോണുകളുടെ സമാന ഫീച്ചറുകളോടെയാണ് ഇതും എത്തുന്നത്.
എന്നാൽ ഇന്ത്യൻ വിപണിയിലേക്ക് ചുവട് വയ്ക്കുന്നതിന് മുന്നേ ഫോണുകളുടെ വില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വിവോ എക്‌സ് 90 ഇന്ത്യൻ വിപണിയിൽ 59,999 രൂപയ്ക്കും, വിവോ എക്‌സ് 90 പ്രോ 63,999 രൂപയ്ക്കും ലഭ്യമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഇവയിൽ തന്നെ രണ്ട് വേരിയന്റുകളിലെ Vivo X90 ആണ് ഇന്ത്യക്കാർക്കായി അവതരിപ്പിക്കുന്നത്. ഒന്ന് 8GB RAM+ 128GB സ്റ്റോറേജോടെയും, മറ്റൊന്ന് 12GB RAM + 256GB സ്റ്റോറേജോടെയുമാണ് വരുന്നത്. അതേ സമയം, വിവോ X90 പ്രോ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു ഫോണായിരിക്കുമെന്നും സൂചനകളുണ്ട്. വിവോ ആരാധകർക്കായി ഫോണിന്റെ മറ്റ് ഫീച്ചറുകൾ കൂടി ചുവടെ വിവരിക്കുന്നു.
വിവോ എക്സ്90 ഫുൾ HD+ റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയോടെ വരുന്നു. 120Hz റീഫ്രെഷ് റേറ്റും 1300 nits തെളിച്ചവുമാണ് ഇതിലുള്ളത്. മീഡിയടെക് ഒക്ടാകോർ ഡൈമെൻസിറ്റി 9200 പ്രൊസസറാണ് ഇതിലുള്ളത്. FunTouch OS 13 ഉള്ള Android 13 OSലാണ് ഫോൺ പ്രവർത്തിക്കുന്നത്. വിവോ എക്സ്90ൽ 50 MPയാണ് പ്രധാന ക്യാമറ. 12 MP അൾട്രാ വൈഡ് ലെൻസും, 12 MP ടെലിഫോട്ടോ ലെൻസുമുള്ള ട്രിപ്പിൾ ക്യാമറയും ഇതിലുണ്ടാകും. സെൽഫി ക്യാമറയാകട്ടെ 32 മെഗാപിക്സലിന്റേതാണ്.
ബാറ്ററിയിലും കമ്പനി ആകർഷണീയമായ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 4,810mAh ബാറ്ററിയും 120W വയർഡ് ഫാസ്റ്റ് ചാർജിങ്ങോടെയുമാണ് വിവോ എക്സ്90 വരുന്നത്. ഈ 5G ഫോണിലെ മറ്റ് ഫീച്ചറുകളിൽ ഡ്യുവൽ-സിം കാർഡ് സപ്പോർട്ടിങ്, 4G, Wi-Fi 802.11 b/g/n/ac, GPS, NFC, ബ്ലൂടൂത്ത് v5.3 എന്നിവയും ഉൾപ്പെടുന്നു. USB ടൈപ്പ്-സി പോർട്ടാണ് വിവോയുടെ X90ൽ ഉള്ളത്.
വിവോ X90ന്റെ രണ്ടാമത്തെ ഫോണായ വിവോ എക്സ്90 പ്രോയും ഫുൾ HD+ റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിലാണ് പുറത്തിറക്കുന്നത്. 120Hz റീഫ്രെഷ് റേറ്റുള്ള ഫോൺ FunTouch OS 13 ഉള്ള Android 13 OSൽ പ്രവർത്തിക്കുന്നു. ക്യാമറ ഫീച്ചറുകളിലേക്ക് വന്നാൽ, 50 മെഗാപിക്സൽ സോണി IMX989 പ്രൈമറി ക്യാമറ സെൻസറും, 50 മെഗാപിക്സൽ സോണി IMX758 പോർട്രെയ്റ്റ് സെൻസറും, 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമാണ് ഫോണിലുള്ളത്.
രണ്ട് സ്മാർട്ട്‌ഫോണുകളിലും സെൽഫികൾക്കും വീഡിയോ കോളിങ്ങിനുമായി 32 മെഗാപിക്‌സൽ മുൻ ക്യാമറ ഉണ്ടായിരിക്കും. ഇതിൽ തന്നെ വിവോ X90 പ്രോയ്ക്ക് 120W വയർഡ്, 50W വയർലെസ് ചാർജിങ് പിന്തുണയ്ക്കുന്ന 4,870mAh ബാറ്ററിയാണ് വരുന്നത്. ഈ മോഡലിലും ഡ്യുവൽ-സിം കാർഡ് പിന്തുണ, 4G, Wi-Fi 802.11 b/g/n/ac, ബ്ലൂടൂത്ത് v5.3, GPS, NFC എന്നിവയും USB ടൈപ്പ്-സി പോർട്ട് സപ്പോർട്ടിങ്ങുമുണ്ട്.